ഈ മാസം ഇതുവരെ എഫ്‌ഐഐകള്‍ ഒഴുക്കിയത് 8,163.17 കോടി രൂപ

ഈ മാസം ഇതുവരെ എഫ്‌ഐഐകള്‍ ഒഴുക്കിയത് 8,163.17 കോടി രൂപ
  • തിങ്കളാഴ്ച മാത്രം എഫ്‌ഐഐകള്‍ 3,800 കോടി രൂപയിലധികം നിക്ഷേപം രാജ്യത്ത് നടത്തി
  • കുതിച്ചുയര്‍ന്ന് ഓഹരി വിപണി. സെന്‍സെക്‌സ് ഈ മാസം 3.3 ശതമനാനം നേട്ടം കൊയ്തു
  • രൂപയുടെ മൂല്യം രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ന്യൂഡെല്‍ഹി: ഈ മാസം ഇതുവരെ വിദേശ ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ 8,163.17 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. നിക്ഷേപകരുടെ ആവേശം ഓഹരി വിപണിയിലും പ്രകടമാണ്. തിങ്കാളാഴ്ച മാത്രം 3,800 കോടി രൂപയിലധികം നിക്ഷേപമാണ് വിദേശ ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ നിക്ഷേപകര്‍ വിപണിയിലേക്ക് ഒഴുക്കിയത്. മാര്‍ച്ചിലും ഫെബ്രുവരിയിലുമായി 20,000 കോടി രൂപയാണ് എഫ്‌ഐഐകള്‍ വിപണിയിലേക്ക് ഒഴുക്കിയത്.

ഫെബ്രുവരിയില്‍ 11,182 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് (ഓഹരി, കടപത്ര) ഒഴുക്കിയത്. 2017 നവംബര്‍ മുതലുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. ഈ വര്‍ഷം ജനുവരി അവസാനം മുതല്‍ എഫ്പിഐകളുടെ നിക്ഷേപത്തിന്റെ കാര്യത്തില്‍ അനുകൂലമായ പ്രവണത നിരീക്ഷിക്കുന്നുണ്ട്. ഇതേ പ്രവണത കുറച്ചുകാലത്തേക്ക് കൂടി തുടരുമെന്നാണ് നിരീക്ഷണം.

ഇന്ത്യയുടെ കോര്‍പ്പറേറ്റ് വരുമാനത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം 25 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നത്. അതുകൊണ്ട് തുടര്‍ന്നും മൂലധന വിപണികളിലേക്ക് ആവേശത്തോടെ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിക്ഷേപകരുടെ വികാരം അനുകൂലമായതും പൊതുതെരഞ്ഞെടുപ്പ് പ്രതീക്ഷകളും ഓഹരി വിപണിയിലും തിരയിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. തിങ്കളാഴ്ച അത്യധികം ആവേശത്തോടെ തുടങ്ങി ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സെന്‍സെക്‌സ് സൂചിക വ്യാപാരം അവസാനിപ്പിച്ചത്. സെപ്റ്റംബര്‍ 21 മുതലുള്ള കാലയളവിനിടെ നിഫ്റ്റി ഇതാദ്യമായി 11,100 കടന്നു. ഇന്നലെയും ഓഹരി വിപണിയില്‍ ഇതേ ആവേശം പ്രകടമായിരുന്നു.

വ്യാപാരം ആരംഭിച്ച് മമിക്കൂറുകള്‍ക്കുള്ളില്‍ സെന്‍സെക്‌സ് 400 പോയ്ന്റ് നേട്ടം കൊയ്തു. 497.93 പോയ്ന്റ് ഉയര്‍ന്ന് 37,551.38 എന്ന നിലവാരത്തിലാണ് സെന്‍സെക്‌സ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 136.35 പോയ്ന്റ് ഉയര്‍ന്ന് 11,304.40ല്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിന്റെ അവസാന ഘടത്തില്‍ സെന്‍സെക്‌സ് 500 പോയ്ന്റ് വരെ ഉയര്‍ന്നിരുന്നു. ആഭ്യന്തര ഘടകങ്ങള്‍ക്ക് പുറമെ ബാഹ്യ ഘടകങ്ങളും ഓഹരി വിപണിയുടെ മുന്നേറ്റത്തിന് അനുകൂലമായി.

യുഎസ് ഡോളറിനെതിരെ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രൂപ വ്യാപാരം നടത്തുന്നത്. 69.51 എന്ന നിലവാരത്തിലാണ് രൂപ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ മാത്രം യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ കറന്‍സി 37 പൈസയുടെ നേട്ടമുണ്ടാക്കി. ആഭ്യന്തര ഓഹരികളുടെ ശക്തമായ കുതിപ്പാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്. ഈ മാസം ഇതുവരെ 3.3 ശതമാനം നേട്ടമാണ് സെന്‍സെക്‌സ് രേഖപ്പെടുത്തിയത്. ബാങ്ക് നിഫ്റ്റി സൂചിക 4.3 ശതമാനം ഉയര്‍ന്നു.

Comments

comments

Categories: FK News

Related Articles