മാര്‍ച്ചില്‍ 8 ലക്ഷം കോടിയുടെ നേട്ടമുണ്ടാക്കി കമ്പനികള്‍

മാര്‍ച്ചില്‍ 8 ലക്ഷം കോടിയുടെ നേട്ടമുണ്ടാക്കി കമ്പനികള്‍

വിദേശ വാങ്ങലുകള്‍ കരുത്തായി; നരേന്ദ്ര മോദി അധികാരത്തില്‍ തുടരുമെന്ന പ്രതീക്ഷയും ഗുണം ചെയ്തു

ന്യൂഡെല്‍ഹി: വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപത്തിന്റെ പിന്തുണയില്‍ ഇന്ത്യന്‍ ഓഹരി വിപണി കുതിക്കുന്നു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികളുടെ വിപണി മൂല്യം (എം കാപ്) മാര്‍ച്ച് 12 വരെയുള്ള സെഷനുകളില്‍ 12 ലക്ഷം കോടി വര്‍ധിച്ച് 148.20 ലക്ഷം കോടി രൂപയായി മാറി. ഫെബ്രുവരി 19ന് ഈ കമ്പനികളുടെ എം കാപ് 136.24 ലക്ഷം കോടി രൂപയായിരുന്നു. ഈ സമയത്ത് 35,287ലേക്ക് ഇടിഞ്ഞ സൂചികയും 2,248 പോയന്റുകളുടെ നേട്ടമുണ്ടാക്കി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം, മാര്‍ച്ചില്‍ മാത്രം 7.79 ലക്ഷം കോടി രൂപ ഉയര്‍ന്നു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മോദി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയാണ് വിപണിക്ക് ഗുണം ചെയ്തത്. പോസിറ്റീവ് വികാരത്തിന്റെ അടിസ്ഥാനത്തില്‍ വിദേശ നിക്ഷേപകരും സജീവമായി. മാര്‍ച്ച് 12 വരെ 10,000 കോടി രൂപയോളമാണ് ഇന്ത്യന്‍ ഇക്വിറ്റികളിലേക്ക് എഫ്‌ഐഐകള്‍ നിക്ഷേപിച്ചത്. എസ് ആന്‍ഡ് പി ബിഎസ്ഇ സെന്‍സെക്‌സ് സൂചിക ഫെബ്രുവരി 9 മുതല്‍ 19 വരെ തുടര്‍ച്ചയായ ഒമ്പത് ദിവസങ്ങളില്‍ ഇടിവാണ് രേഖപ്പടുത്തിയിരുന്നത്. എന്നാല്‍ പിന്നത്തെ 14 സെഷനുകളില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി. ”അടുത്ത സര്‍ക്കാരിന്റെ രൂപീകരണം സംബന്ധിച്ച് പുല്‍വാമ ആക്രമണത്തിന് മുമ്പുവരെ അനിശ്ചിതത്വം നിലനിന്നിരുന്നു. സാഹചര്യത്തെ കൈകാര്യം ചെയ്ത രീതി, മോദി സര്‍ക്കാര്‍ തിരികെ അധികാരത്തില്‍ വരുമെന്ന പ്രതീക്ഷ വര്‍ധിപ്പിച്ചു,” കൊട്ടക് സെക്യൂരിറ്റീസ് ഫണ്ടമെന്റല്‍ റിസര്‍ച്ച് മേധാവി റുസ്മിക് ഓസ പറഞ്ഞു.

”ഇന്ത്യന്‍ രൂപയുടെ സുസ്ഥിരതയും, സമ്പദ് വ്യവസ്ഥയിലെ ബാഹ്യ ഘടകങ്ങളുടെ പിന്തുണയും സമീപകാലത്ത് മെച്ചപ്പെട്ട പ്രതീക്ഷകള്‍ നല്‍കുന്നവയാണ് ”, മോത്തിലാല്‍ ഒസ്വാള്‍ സെക്യൂരിറ്റീസ് റീട്ടെയ്ല്‍ റിസര്‍ച്ചിന്റെ വൈസ് പ്രസിഡന്റ് യോഗേഷ് മെഹ്ത പറയുന്നു. കുറഞ്ഞ പണപ്പെരുപ്പം, കുറഞ്ഞ പലിശ നിരക്കുകള്‍, ശക്തിയാര്‍ജ്ജിച്ച രൂപ, സ്ഥിരതാര്‍ന്ന അസംസ്‌കൃത എണ്ണ വില, എന്നിവ ഇന്ത്യന്‍ സമ്പദ് ഘടനയ്ക്ക് മികച്ച പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy
Tags: growth