മൂലധന പ്രതിസന്ധിയില്‍ പതറിയില്ല; മൈക്രോഫിന്‍ വ്യവസായം വളരുന്നു

മൂലധന പ്രതിസന്ധിയില്‍ പതറിയില്ല; മൈക്രോഫിന്‍ വ്യവസായം വളരുന്നു

43 ശതമാനത്തിലധികം വാര്‍ഷിക വളര്‍ച്ചയാണ് ഡിസംബറില്‍ മൈക്രോഫിന്‍ വ്യവസായം രേഖപ്പെടുത്തിയത്

മുംബൈ: എന്‍ബിഎഫ്‌സികളുടെ മൂലധന പ്രതിസന്ധിയില്‍ തളരാതെ മുന്നേറി മൈക്രോഫിനാന്‍സ് വ്യവസായം. നിരവധി ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളെ മൂലധന പ്രതിസന്ധി പ്രതികൂലമായി ബാധിച്ചെങ്കിലും ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ മൈക്രോഫിന്‍ വ്യവസായത്തിന് സാധിച്ചിട്ടുണ്ടെന്ന സൂചനയാണ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തെ മേഖലയിലെ സാമ്പത്തിക റിപ്പോര്‍ട്ട് നല്‍കുന്നത്.

2017 ഡിസംബറിനെ അപേക്ഷിച്ച് 43 ശതമാനത്തിലധികം വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മൈക്രോഫിന്‍ വ്യവസായം രേഖപ്പെടുത്തിയിട്ടുള്ളത്. മൈക്രോഫിനാന്‍സ് കമ്പനികളില്‍ ചിലത് ബാങ്കുകളായി മാറുകയും ചിലത് ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കുകയും ചെയ്‌തെങ്കിലും മേഖലയില്‍ തുടര്‍ന്നും വളര്‍ച്ച രേഖപ്പെടുത്തുമെന്ന് മൈക്രോഫിനാന്‍സ് പ്രൊവൈഡര്‍മാരുടെ സംഘടനയായ എംഫിന്‍ സിഇഒ ഹര്‍ഷ് ശ്രീവാസ്തവ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആറ് പുതിയ കമ്പനികളാണ് മൈക്രോഫിന്‍ മേഖലയില്‍ രൂപീകരിക്കപ്പെട്ടത്. നടപ്പു സാമ്പത്തിക വര്‍ഷം എട്ടെണ്ണം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. മൈക്രോഫിനാന്‍സ് കമ്പനികളില്‍ വന്‍ നിക്ഷേപങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഹര്‍ഷ് ശ്രീവാസ്തവ പറഞ്ഞു. ഡിസംബറില്‍ വാര്‍ബെര്‍ഗ് പിന്‍കസ് 520 കോടി രൂപയുടെ നിക്ഷേപം ഫ്യൂഷന്‍ മൈക്രോഫിനാന്‍സില്‍ നടത്തിയിരുന്നു. ഇതിനുമുന്‍പ് ഒരു ജപ്പാനീസ് നിക്ഷേപകന്‍ സത്യ മൈക്രോഫിനാന്‍സില്‍ 43 കോടി രൂപയുടെ നിക്ഷേപം നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരവധി മൈക്രോഫിനാന്‍സ് കമ്പനികള്‍ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കും തയാറെടുക്കുന്നുണ്ട്. ബാങ്ക് വായ്പകളിലൂടെയാണ് പല മൈക്രോഫിനാസ് കമ്പനികളും പണം സമാഹരിക്കുന്നത്. അതുകൊണ്ട് ഈ കമ്പനികളെയൊന്നും എന്‍ബിഎഫ്‌സികളുടെ പ്രതിസന്ധി ബാധിച്ചിട്ടില്ല. സാമ്പത്തികാരോഗ്യം നിലനിര്‍ത്തുന്നതിന് എന്‍ബിഎഫ്‌സികളെ ആശ്രയിക്കുന്ന വളരെ കുറച്ച് ചെറുകിട ഫിനാന്‍സ് കമ്പനികളെ മാത്രമാണ് മേഖലയിലെ മൂലധന ക്ഷാമം ബാധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കര്‍ഷകരുടെ വരുമാനം വര്‍ധിക്കുന്നതിനേക്കാള്‍ വേഗത്തില്‍ എംഎസ്എംഇകളുടെ വായ്പ വര്‍ധിക്കുന്നുണ്ട്. ഉപഭോക്തൃ അടിത്തറ വര്‍ധിക്കുന്നതിനൊപ്പം കൂടുതല്‍ നിയമനങ്ങള്‍ മൈക്രോഫിന്നുകള്‍ നടത്തുന്നുണ്ട്. ഒരു ലക്ഷത്തിലധികം യുവാക്കളാണ് ഇതിനകം മൈക്രോഫിനാന്‍സ് കമ്പനികളില്‍ ജോലി നേടിയിട്ടുള്ളത്. തൊഴിലാളി ബ്യൂറോ രൂപീകരിക്കുന്നതിന് ക്രെഡിറ്റ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോ എക്യുഫാക്‌സുമായി എംഎഫ്‌ഐഎന്‍ കൈകോര്‍ത്തിട്ടുണ്ടെന്നും ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy