ബിസിനസിലെ പ്രശ്‌നപരിഹാരത്തിനുള്ള തന്ത്രങ്ങള്‍

ബിസിനസിലെ പ്രശ്‌നപരിഹാരത്തിനുള്ള തന്ത്രങ്ങള്‍

ഏതൊരു പുതിയ സംരംഭത്തിനൊപ്പവും പലവിധ പ്രശ്‌നങ്ങളുണ്ടാവുക സാധാരണമാണ്. സംരംഭകര്‍ തുടക്കത്തില്‍ തന്നെ ഇവ നേരിടാനുള്ള തയാറെടുപ്പ് നടത്തേണ്ടത് അതിനാല്‍ അത്യാവശ്യമാണ്. വലിയ കമ്പനികളില്‍ സ്ട്രാറ്റജിക് തിങ്കിംഗ് അല്ലെങ്കില്‍ തന്ത്രങ്ങള്‍ മെനയുവാന്‍ വേണ്ടി മാത്രം ഒരു വിഭാഗം ഉണ്ടായിരിക്കും. എന്നാല്‍ ഒരു ചെറുകിട സംരംഭകന് ഇപ്രകാരം ഒരു പ്രത്യേക വിഭാഗം ഉണ്ടാക്കുകയെന്നത് അപ്രായോഗികമാണ്. അവരുടെ മുന്നിലുള്ള പോംവഴികളും സാധ്യതകളും തുറന്നുകാട്ടുന്നതാണ് ഇത്തവണത്തെ ലേഖനം

സത്യം പറഞ്ഞാല്‍ ഇന്നത്തെ വിഷയം പെട്ടെന്ന് എന്റെ മുമ്പില്‍ വന്നു ചാടിയതാണെന്നു പറയാം. തേനും പാലും സമൃദ്ധിയും മാത്രം സ്വപ്നം കണ്ടുകൊണ്ട് ബിസിനസ് തുടങ്ങിയ ഒരു ചേച്ചിക്ക് കുറച്ചു മാസങ്ങള്‍ കഴിഞ്ഞതും അടിമുടി പ്രശ്‌നങ്ങള്‍. ഒരെത്തും പിടിയും കിട്ടാതെയായപ്പോളാണ് കാണാന്‍ വന്നത്. എല്ലാം കേട്ട ശേഷം പറഞ്ഞ ഒരു കാര്യം ‘മാഡം, താങ്കളുടെ മുറിയില്‍ നിന്നും ആദ്യം പുറത്തിറങ്ങി ഷോപ്പ് ഫ്‌ളോറില്‍ ദിവസവും ഒരു മണിക്കൂര്‍ ചെലവഴിക്കൂ,’ എന്നാണ്. അവരുടെ രോദനങ്ങള്‍ കേട്ടപ്പോള്‍ ഇത് ഒരാളുടെ മാത്രം പ്രശ്‌നമല്ലെന്ന് മനസ്സിലായി. അപ്പോള്‍ തീരുമാനിച്ചു, ഇന്നത്തെ വിശകലന വിഷയം ഇതുതന്നെ ആകട്ടെ എന്ന്.

ഏതൊരു പുതിയ സംരംഭം തുടങ്ങുമ്പോഴും പലവിധ പ്രശ്‌നങ്ങളും സാധാരണമാണ്. സംരംഭകര്‍ തുടക്കത്തില്‍ തന്നെ തയാറെടുപ്പ് നടത്തേണ്ടത് അതിനാല്‍ അത്യാവശ്യമാണ് താനും. ഈ വിഷയങ്ങളില്‍ സഹായിക്കാന്‍ ധാരാളം തന്ത്രങ്ങളുണ്ട്. വലിയ കമ്പനികളില്‍ സ്ട്രാറ്റജിക് തിങ്കിംഗ് അല്ലെങ്കില്‍ തന്ത്രങ്ങള്‍ മെനയുവാന്‍ വേണ്ടി മാത്രം ഒരു വിഭാഗം ഉണ്ടായിരിക്കും. നേരിടുന്ന ഓരോ യഥാര്‍ത്ഥ പ്രശ്‌നങ്ങളെയും ഭാവിയില്‍ വരാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെയും ഇവര്‍ യഥാവിധി വിലയിരുത്തുകയും അവയ്ക്ക് വ്യക്തമായ വിവിധ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. ഒരു ചെറുകിട സംരംഭകന് ഇപ്രകാരം ഒരു പ്രത്യേക വിഭാഗം ഉണ്ടാക്കുകയെന്നത് അപ്രായോഗികമായ കാര്യമാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ ലേഖനം അവര്‍ക്കായുള്ളതാണ്.

ആത്മ വിശകലനം

മിക്കവാറും ഉല്‍പ്പന്നങ്ങളുടെ വെബ്‌സൈറ്റില്‍ ‘FAQ’ എന്ന ഒരു ഭാഗം നിങ്ങള്‍ എല്ലാവരും കണ്ടിരിക്കും. ഒരു ഉപഭോക്താവിന് സാധാരണയായി ഉണ്ടാവാന്‍ സാധ്യതയുള്ള സംശയങ്ങളുടെ ചോദ്യോത്തര പട്ടിക തയ്യാറാക്കി അതില്‍ പ്രസിദ്ധീകരിക്കും. ‘ഇതുപോലെ സംഭവിച്ചാല്‍ എന്ത് ചെയ്യും? എന്തുകൊണ്ട് ചെയ്തുകൂടാ? സംരംഭം തുടങ്ങുമ്പോള്‍ ഏതൊക്കെ അനുമാനങ്ങള്‍ നടത്തി? അതില്‍ ഏതൊക്കെ പുനര്‍വിചിന്തനം അര്‍ഹിക്കുന്നു?’ എന്നീ കാര്യങ്ങളുടെ ഒരു ദീര്‍ഘമായ വിശകലനം നടത്തുമ്പോള്‍ പല പ്രശ്‌നങ്ങളും ഒഴിവാക്കാനും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ തന്നെ അവയ്ക്ക് പെട്ടെന്ന് ഉത്തരം കണ്ടെത്താനും സാധിക്കും. ഇങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം, ഏതൊരു അസന്നിഗ്ദ്ധ ഘട്ടത്തിലും നമുക്ക് പതറാതെ പിടിച്ചു നില്‍ക്കാം എന്നതാണ്.

പ്രശ്‌നങ്ങളെ വിവിധ കോണുകളില്‍ നിന്നും നോക്കി കാണുക

നിങ്ങളുടെ വില്‍പ്പന അനുദിനം കുറഞ്ഞു വരുന്നു എന്ന് വെക്കുക. നാം സാധാരണ ചെയ്യുന്നത് നമ്മുടെ വില്‍പ്പന തന്ത്രങ്ങള്‍ മാറ്റുകയാണ്. അതിനു പകരം, മാര്‍ക്കറ്റില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെ? നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ബദലായി മറ്റെന്തെങ്കിലും വന്നിട്ടുണ്ടോ? നൂതനമായ സാങ്കേതികവിദ്യ കൊണ്ട് മറ്റുള്ളവര്‍ക്ക് ഉല്‍പ്പന്നത്തിന്റെ വിലയിലോ ഗുണത്തിലോ മാറ്റം വരുത്താന്‍ പറ്റിയിട്ടുണ്ടോ എന്നെല്ലാം മനസ്സിലാക്കിയാല്‍ നന്ന്. കാരണ, പ്രത്യാഘാത വിശകലനത്തിന്റെ (Cause and Effect analyssi) ഒരു സംക്ഷിപ്ത രൂപമാണിത്. 20% തെറ്റായ പ്രവര്‍ത്തികള്‍ 80% പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു എന്ന ശാസ്ത്രീയ വിശകലനത്തെ അടിസ്ഥാനമാക്കി മുന്നോട്ട് പോകുക എന്നതാണ് ഇവിടെ കരണീയം.

എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ട് എന്നറിയില്ല, നിങ്ങള്‍ക്ക് ലഭിക്കുന്ന 80% വ്യാപാരവും 20% ഉപഭോക്താക്കളില്‍ നിന്നായിരിക്കും. പക്ഷെ അതിനെക്കുറിച്ചു ബോധവാന്മാരാകാതെ ഈ 20 ശതമാനത്തിനു കൊടുക്കേണ്ടതിലും പ്രാധാന്യം വലിയ ബിസിനസ് ഒന്നും തരാത്ത പക്ഷേ സ്ഥിരം കുറ്റങ്ങളും കുറവുകളും പറയുന്ന ഉപഭോക്താക്കള്‍ക്കായിരിക്കും നല്‍കുന്നുണ്ടാവുക. ഒന്ന് സ്വയം വിശകലനം ചെയ്തു നോക്കൂ…

ജീവനക്കാരില്‍ ആശയവിനിമയം പ്രോത്സാഹിപ്പിക്കുക

പ്രശ്‌ന പരിഹാരത്തിന് ഏറ്റവും നല്ല പോംവഴി നല്‍കാന്‍ കഴിയുന്നവര്‍ ആ പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സിലാക്കിയവര്‍ തന്നെയാണ്. ഇത് വായിക്കുന്ന എത്രപേര്‍ ‘ഐഡിയ ബുക്ക്’ കൊണ്ടുനടക്കുന്നുണ്ട് എന്ന് പറയാമോ? നമുക്ക് അപ്പപ്പോള്‍ തോന്നുന്ന നൂതനമായ ആശയങ്ങള്‍ കുറിച്ച് വെക്കാന്‍ ഉള്ള ഒരു ചെറിയ പുസ്തകമാണത്. നിങ്ങള്‍ക്ക് അനുഭവമുണ്ടാകും, പല ആശയങ്ങളും അപ്രതീക്ഷിതമായിട്ടായിരിക്കും നമ്മുടെ തലയില്‍ മിന്നുക. നമ്മള്‍ വിചാരിക്കും ഓഫീസില്‍ പോയിട്ടോ അല്ലെങ്കില്‍ വീട്ടിലെത്തിയിട്ടോ ഇത് എവിടെയെങ്കിലും കുറിച്ചുവെക്കാം എന്ന്. പക്ഷേ അതൊരിക്കലും സംഭവിക്കാറില്ല. ഈ പ്രശ്‌നം ഒഴിവാക്കാനാണ് ഐഡിയ ബുക്ക്. പല ജാപ്പനീസ് കമ്പനികളിലും അവരുടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ‘ഐഡിയ ബോക്‌സ്’ വെച്ചിരിക്കും. ഏറ്റവും നല്ല ഐഡിയക്ക് സമ്മാനം നല്‍കും എന്ന് മാത്രമല്ല അവരുടെ വാര്‍ഷിക മൂല്യനിര്‍ണയ രേഖകളില്‍ (Annual Appraisal file) പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്യും. ഈ രീതി കോയമ്പത്തൂരില്‍ ഉള്ള ഒരു ഓട്ടോമൊബീല്‍ ഡൈ കാസ്റ്റിംഗ് കമ്പനിയില്‍ നടപ്പാക്കിയപ്പോള്‍ വന്‍വിജയമായിത്തീര്‍ന്നു. പല പ്രശ്‌നങ്ങള്‍ക്കും (ഉല്‍പ്പാദനത്തിലായാലും വിപണനത്തിലായാലും) സാധാരണ ഗതിയില്‍ നമ്മള്‍ ആലോചിച്ചു പോലും നോക്കാത്ത വളരെ വ്യത്യസ്തമായ പരിഹാര നിര്‍ദേശങ്ങളാണ് അവിടെ ലഭിച്ചത്.

5-വൈ വിശകലനം (5-Why Analyssi)

ഏറ്റവും പ്രസക്തവും ഊര്‍ജിതവുമായ ഒരു പ്രശ്‌ന പരിഹാര രീതിയാണ് ഇത്. ഒരു ഉദാഹരണത്തിലൂടെ ഇതിനെക്കുറിച്ചു പെട്ടെന്ന് മനസ്സിലാക്കാം…

1. ചോ: എന്തുകൊണ്ട് ഉപഭോക്താവ് ‘ബി’ അസംതൃപ്തനായി?

ഉ: നമ്മള്‍ നടത്തിയ കഴിഞ്ഞ എട്ട് ഉല്‍പ്പന്ന വിതരണങ്ങളില്‍ ആറെണ്ണം വളരെ വൈകിയിരുന്നു.

2. ചോ: എന്തുകൊണ്ട് വൈകി?

ഉ: നമ്മള്‍ വിചാരിച്ച പോലെ ഉല്‍പ്പാദനം എത്തുന്നില്ല. അത് കണക്കാക്കാതെ ഇന്ന സമയത്തു നല്‍കാം എന്നേറ്റു

3. ചോ: എന്തുകൊണ്ട് ഉല്‍പ്പാദനം വൈകി?

ഉ: ഉല്‍പ്പാദിപ്പിക്കുന്ന മെഷീന്‍ ഇടക്കിടക്ക് പ്രശ്‌നമുണ്ടാക്കി.

4. ചോ: എന്തുകൊണ്ട് മെഷീന് ഇങ്ങനെ സംഭവിച്ചു?

ഉ: സമയ ബന്ധിതമായി മെഷീന്റെ പരിപാലനം നടത്തുന്നതില്‍ നമുക്ക് വീഴ്ച പറ്റി

5. ചോ: എന്തുകൊണ്ട് പരിപാലനത്തില്‍ താളപ്പിഴ സംഭവിച്ചു?

ഉ: അത് ചെയ്യേണ്ട ആള്‍ കഴിഞ്ഞ രണ്ടു മാസമായി ഇടക്കിടക്ക് ലീവില്‍ ആണ്. അപ്പോള്‍ പദ്ധതികള്‍ എല്ലാം കുഴഞ്ഞുമറിഞ്ഞു.

ഇങ്ങനെ നിങ്ങളുടെ വ്യാപാരത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ചു ചോദിച്ച് പ്രശ്‌നത്തിന്റെ മൂല കാരണം കണ്ടെത്തുകയും ശാശ്വത പരിഹാരം കാണുകയും വേണം. നിങ്ങള്‍ വായനക്കാര്‍ വ്യാപാര സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇത് പോലെ വിദഗ്ധമായി പരിഹാരം കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ഇ-മെയിലിലൂടെയോ വാട്ട്‌സ്ആപ്പിലൂടെയോ അറിയിക്കുക. ഏറ്റവും നല്ല പരിഹാരത്തിന് ‘Lateral thinking by Edwardo De Bono’ എന്ന പുസ്തകം സമ്മാനമായി ലഭിക്കുന്നതായിരിക്കും.

(കല്യാണ്‍ജി പേഴ്‌സണല്‍ ബിസിനസ് കോച്ചും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജി കണ്‍സള്‍ട്ടന്റുമാണ്. അദ്ദേഹത്തെ Kalyanji@startupconsulting.net.in എന്ന ഇ മെയില്‍ ഐഡി യില്‍ ബന്ധപ്പെടാം. Whatsapp: +91-9497154400)

പ്രശ്‌ന പരിഹാരത്തിന് നാല് വഴികള്‍

  • ആത്മ വിശകലനത്തിന് പ്രാധാന്യം നല്‍കുക; സ്വയം ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കുക
  • വിവിധ കോണുകളില്‍ നിന്ന് പ്രശ്‌നങ്ങളെ നോക്കി കാണുകയും ഓരോന്നിനുമനുസരിച്ച് തിരുത്തലുകള്‍ വരുത്തുകയും ചെയ്യുക
  • ‘ഐഡിയ ബുക്കി’ലൂടെ സ്വന്തം ആശയങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുക; ‘ഐഡിയ ബോക്‌സു’കളിലൂടെ ജീവനക്കാരുടെയും ആശയവിനിമയം പ്രോത്സാഹിപ്പിക്കുക
  • 5-വൈ വിശകലനം അഥവാ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളിലൂടെ പ്രശ്‌നങ്ങളുടെ മൂലകാരണം കണ്ടെത്തല്‍

ഇത് വായിക്കുന്ന എത്രപേര്‍ ‘ഐഡിയ ബുക്ക്’ കൊണ്ടുനടക്കുന്നുണ്ട് എന്ന് പറയാമോ? നമുക്ക് അപ്പപ്പോള്‍ തോന്നുന്ന നൂതനമായ ആശയങ്ങള്‍ കുറിച്ച് വെക്കാന്‍ ഉള്ള ഒരു ചെറിയ പുസ്തകമാണത്. നിങ്ങള്‍ക്ക് അനുഭവമുണ്ടാകും, പല ആശയങ്ങളും അപ്രതീക്ഷിതമായിട്ടായിരിക്കും നമ്മുടെ തലയില്‍ മിന്നുക. നമ്മള്‍ വിചാരിക്കും ഓഫീസില്‍ പോയിട്ടോ അല്ലെങ്കില്‍ വീട്ടിലെത്തിയിട്ടോ ഇത് എവിടെയെങ്കിലും കുറിച്ചുവെക്കാം എന്ന്. പക്ഷേ അതൊരിക്കലും സംഭവിക്കാറില്ല. ഈ പ്രശ്‌നം ഒഴിവാക്കാനാണ് ഐഡിയ ബുക്ക്‌

Categories: FK Special, Slider

Related Articles