വായ്പാ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് വിമുഖത

വായ്പാ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് വിമുഖത

റിപ്പോ നിരക്കുകള്‍ കുറച്ച ആര്‍ബിഐ തീരുമാനത്തിന്റെ ഗുണഫലങ്ങള്‍ താഴെ തട്ടിലേക്ക് ഇതുവരെ കൈമാറിയിട്ടില്ല

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചെങ്കിലും വായ്പകളുടെയും നിക്ഷേപങ്ങളുടെയും നിരക്കുകള്‍ കുറയ്ക്കാന്‍ മടി കാണിച്ച് പൊതുമേഖലാ ബാങ്കുകള്‍. ആര്‍ബിഐ തീരുമാനത്തിന്റെ ഗുണങ്ങള്‍ അതിവേഗം ജനങ്ങള്‍ക്ക് കൈമാറിയ എസ്ബിഐയുടെ പാത പിന്‍ തുടരേണ്ടതില്ലെന്നാണ് മിക്ക ബാങ്കുകളുടെയും നിലപാട്. റിപ്പോ നിരക്കിനനുസരിച്ച് വായ്പാ നിരക്ക് താഴ്‌ത്തേണ്ടി വരുമെന്ന് ബാങ്കുകള്‍ സമ്മതിക്കുന്നുണ്ടെങ്കിലും ഇതിന് സമയക്രമം നിശ്ചയിക്കാനാവില്ലെന്നാണ് ചില ബാങ്കുകളുടെ നിലപാട്. പഞ്ചാബ് നാഷണല്‍ ബാങ്കും ബാങ്ക് ഓഫ് ഇന്ത്യയും ഇപ്രകാരമാണ് പ്രതികരിച്ചത.് ബാങ്ക് ഓഫ് ബറോഡ വിഷയത്തോട് പ്രതികരിച്ചതേയില്ല. ആര്‍ബിഐയെ കൂടുതല്‍ ചൊടിപ്പിക്കുന്നതാവും ഈ സാഹചര്യമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

റിപ്പോ നിരക്ക് കുറച്ചതിന്റെ ഗുണഫലങ്ങള്‍ വായ്പയെടുക്കുന്ന ഉപഭോക്താവിന് ലഭ്യമാക്കുന്നതിനായി വായ്പാ നിരക്കിനെ ഒരു ബാഹ്യ അളവുകോലുമായി ബന്ധിപ്പിക്കണമെന്നാണ് ആര്‍ബിഐ നിര്‍ദേശം. ഏപ്രില്‍ ഒന്നാണ് ഇതിനായി നല്‍കിയിരിക്കുന്ന സമയക്രമം. എസ്ബിഐ തങ്ങളുടെ എസ്ബി എക്കൗണ്ട് (ഒരു ലക്ഷത്തിനു മുകളിലുള്ള) നിരക്കുകള്‍ ഇത്തരത്തില്‍ ബന്ധിപ്പിച്ചു കഴിഞ്ഞു. മേയ് ഒന്നു മുതല്‍ എല്ലാ നിക്ഷേപങ്ങളുടെയും വായ്പകളുടെയും പലിശ നിരക്കുകള്‍ ബാഹ്യ ഏകകവുമായി ബന്ധിപ്പിച്ചുകൊണ്ട് ഈ നടപടി പൂര്‍ത്തിയാക്കുന്ന ആദ്യബാങ്കാകുമെന്നും എസ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് റിപ്പോ നിരക്ക് 25 അടിസ്ഥാന പോയ്ന്റുകള്‍ കുറച്ച് 6.25 ശതമാനമായി ആര്‍ബിഐ പുനര്‍നിശ്ചയിച്ചത്. എന്നാല്‍ ഇത് അപര്യാപ്തമാണെന്നാണ് ചില ബാങ്കുകളുടെ നിലപാട്. നിക്ഷേപങ്ങളുടെ പലിശ നിരക്കും പോളിസി നിരക്കും തമ്മില്‍ ബന്ധിപ്പിക്കുന്നത് ബാങ്കുകളുടെ വരുമാന പരിധി സംരക്ഷിക്കാനും കടബാധ്യതകളുടെ മൂല്യം കണക്കാക്കാനും സഹായകമാകുമെന്ന് ഐസിആര്‍എ വൈസ് പ്രസിഡന്റും ഫിനാന്‍ഷ്യല്‍ സെക്റ്റര്‍ റേറ്റിംഗ്‌സ് സെക്റ്റര്‍ തലവനുമായ അനില്‍ ഗുപ്ത അഭിപ്രായപ്പെട്ടു.

Comments

comments

Categories: Banking