ഇന്ത്യ-യുഎഇ ബന്ധങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഏഷ്യന്‍ ബിസിനസ് ലീഡര്‍ഷിപ്പ് ഫോറം

ഇന്ത്യ-യുഎഇ ബന്ധങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഏഷ്യന്‍ ബിസിനസ് ലീഡര്‍ഷിപ്പ് ഫോറം

സഹിഷ്ണുതയിലൂടെ പുരോഗതി കൈവരിക്കുക എന്നതാണ് ഈ വര്‍ഷത്തെ തീം

ന്യൂഡെല്‍ഹി ഇന്ത്യ-യുഎഇ ബന്ധങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഏഷ്യന്‍ ബിസിനസ് ലീഡര്‍ഷിപ്പ് ഫോറം(എബിഎല്‍എഫ്) ഒക്‌റ്റോബര്‍ 2ന് ആരംഭിക്കും. യുഎഇയിലെ ഫെഡല്‍ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന എബിഎല്‍എഫിന് മുന്നോടിയായുള്ള മാഗസിന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും യുഎഇയിലെ സഹിഷ്ണുത മന്ത്രിയും മന്ത്രിസഭാംഗവുമായ ഷേഖ് നഹ്യാന്‍ മുബാറക് അല്‍ നഹ്യാനും ചേര്‍ന്നാണ് പുറത്തിറക്കി.

നൂറ്റാണ്ടുകളായുള്ള ഇന്ത്യ-യുഎഇ ബന്ധങ്ങളെ ശക്തമാക്കി മാറ്റുന്നതില്‍ എബിഎല്‍എഫ് നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. 2007ല്‍ അബുദബിയില്‍ വെച്ച് ആദ്യമായി എബിഎല്‍എഫ് നടത്തപ്പെട്ടപ്പോള്‍ മുതല്‍ ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയില്‍ നൂറ്റാണ്ടുകളായുള്ള വ്യാപാരബന്ധങ്ങളും അതിന് അടിസ്ഥാനമായ പുരാതന കാലം മുതല്‍ക്കുള്ള ഇന്ത്യ-യുഎഇ ബന്ധങ്ങളുമാണ് ഫോറം ചര്‍ച്ച ചെയ്തിട്ടുള്ളത്. 1975ല്‍ ഇന്ത്യ സന്ദര്‍ശിച്ച ഷേഖ് സയ്യിദിനെ പോലുള്ള യുഎഇയിലെ ആദ്യകാല നേതാക്കള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പുരാതലകാലം മുതല്‍ക്കുള്ള ബന്ധങ്ങളെ ശക്തമാക്കാന്‍ മുന്‍കൈ എടുത്തിരുന്നു. അത്തരം ശ്രമങ്ങളുടെ ഫലമായി പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സുപ്രധാനമായ പല കരാറുകളും നിലവില്‍ വന്നു.

2019 സഹിഷ്ണുതാ വര്‍ഷമായാണ് യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മറ്റുള്ളവരോടുള്ള സഹാനുഭൂതി, ഉള്‍പ്പെടുത്തല്‍, അംഗീകാരിക്കല്‍ എന്നിവ പ്രകടിപ്പിക്കുന്നതിനുള്ള അവസരമാണിത്. സഹിഷ്ണത വര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള അടുപ്പവും പാരസ്പര്യവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എബിഎല്‍എഫ് മാഗസിന്‍ പ്രത്യേക പതിപ്പ് പുറത്തിറക്കി. പരമ്പരാഗത ഇന്ത്യന്‍ ബിസിനസ് നേതൃത്വത്തിന് ഏഷ്യയിലുണ്ടായിരുന്ന സ്വാധീനമാണ് മാഗസിന്‍ വിഷയമാക്കിയിരിക്കുന്നത് .

സമാധാനത്തിന്റെയും സഹാനുഭൂതിയുടെയും സഹിഷ്ണുതയുടെയും പ്രതീകമായ മഹാത്മാ ഗാന്ധിയുടെ ജന്മ വാര്‍ഷിക ദിനത്തിലാണ് എബിഎല്‍എഫ് ആരംഭിക്കുക. അന്നേ ദിവസം തന്നെ എബിഎല്‍എഫ് അവാര്‍ഡ്ദാനവും നടക്കും. മഹാത്മാഗാന്ധി പിന്തുടര്‍ന്ന അതേ ആദര്‍ശങ്ങള്‍ തന്നെയാണ് യുഎഇയുടെ രാഷ്ട്രപിതാവായ ഷേഖ് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ വഹ്യാന്റെ ആശയങ്ങളിലൂടെ ആ രാജ്യവും പിന്തുടരുന്നത്.

ഇരുരാഷ്ട്രങ്ങളിലെയും രാഷ്ട്രപിതാക്കന്മാര്‍ മുന്നോട്ട് വെക്കുന്ന ആദര്‍ശങ്ങള്‍ ഒരുമിച്ച് അവതരിപ്പിക്കുക എന്നതാണ് എബിഎല്‍എഫ് ലക്ഷ്യമിടുന്നത്. പരസ്പരബന്ധിത ലോകത്തില്‍ നേതൃത്വങ്ങള്‍ക്കുള്ള അംഗീകാരം; സഹിഷ്ണുതയിലൂടെ വികസനവും സ്ഥിരതയും (ഇന്‍ക്ലൂസീവ് ലീഡര്‍ഷിപ്പ് ഇന്‍ ഇന്റെര്‍ കണക്റ്റഡ് വേള്‍ഡ്; ഡ്രൈവിംഗ് പ്രോഗ്രസ് ആന്‍ഡ് സസ്‌റ്റൈനബിലിറ്റി ത്രൂ ടോളറന്‍സ്) എന്നതാണ് ഇത്തവണത്തെ എബിഎല്‍എഫ് മുന്നോട്ടുവെക്കുന്ന തീം. അതിഥി രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയില്‍ സിഐഐയുമായി ചേര്‍ന്ന് ഒരാഴ്ചയോളമുള്ള ഫോറത്തിന്റെ പ്രചാരണാര്‍ത്ഥം റോഡ്‌ഷോ നടത്താനും എബിഎല്‍എഫിന് പദ്ധതിയുണ്ട്.

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും യുഎഇയിലെ സഹിഷ്ണുത മന്ത്രിയും മന്ത്രിസഭാംഗവുമായ ഷേഖ് നഹ്യാന്‍ മുബാറക് അല്‍ നഹ്യാനും ചേര്‍ന്നാണ് എബിഎല്‍എഫ് മാഗസിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. യുഎഇയും ഇന്ത്യയും ദീര്‍ഘകാലമായുള്ള സുഹൃത്തുക്കളാണെന്നും ഇരുരാജ്യങ്ങളിലെ പണ്ടുകാലം മുതല്‍ക്കുള്ള തലമുറകളും കുടുംബങ്ങളും ഈ ബന്ധം കൂടുതല്‍ ശക്തമാക്കിയതായും ഷേഖ് നഹ്യാന്‍ പറഞ്ഞു. പിന്തുണ അറിവും സാമൂഹ്യപ്രതിബദ്ധതയും നേതൃഗുണവും ലഭ്യമാക്കി കൊണ്ട് ഏഷ്യയില്‍ ശക്തവും സ്ഥിരതയുള്ളതും കൂടുതല്‍ വിജയകരവുമായ ബന്ധം പടുത്തുയര്‍ത്താന്‍ ഇരുരാജ്യങ്ങളെയും പ്രാപ്തമാക്കുക എന്നതാണ് എബിഎല്‍എഫിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia

Related Articles