5,215 കോടി രൂപ സര്‍ക്കാര്‍ വിതരണം ചെയ്തു

5,215 കോടി രൂപ സര്‍ക്കാര്‍ വിതരണം ചെയ്തു

ന്യൂഡെല്‍ഹി: കഴിഞ്ഞ മാസം ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച പിഎം കിസാന്‍ സ്‌കീമിനു കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 5,215 കോടി രൂപയുടെ സഹായം ചെറുകിട കര്‍ഷകരിലേക്ക് എത്തിച്ചതായി റിപ്പോര്‍ട്ട്. 2.6 കോടിയിലധികം കര്‍ഷകരിലേക്കാണ് ഈ സഹായം എത്തിയിട്ടുള്ളത്.

പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് 75,000 കോടി രൂപയുടെ പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം കിസാന്‍) സ്‌കീം സര്‍ക്കാര്‍ ഇടക്കാല ബജറ്റില്‍ അവതരിപ്പിച്ചത്. പദ്ധതിക്കുകീഴില്‍ മൂന്ന് ഘട്ടങ്ങളിലായി ആറായിരം രൂപയാണ് പ്രതിവര്‍ഷം സര്‍ക്കാര്‍ വിതരണം ചെയ്യുക. രണ്ട് ഹെക്റ്റര്‍ വരെ കൃഷി യോഗ്യമായ ഭൂമി കൈവശമുള്ള ഏകദേശം 12 കോടി കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

പദ്ധതിയുടെ ആദ്യ ഗഡുവായി മാര്‍ച്ച് അവസാനത്തോടെ 20,000 കോടി രൂപ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയത്. ഇതനുസരിച്ച് ഇക്കാലയളവില്‍ 2,000 രൂപ വീതം കര്‍ഷകര്‍ക്ക് ലഭിക്കും. ഫെബ്രുവരി 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. ആദ്യ ഗഡുവായി 1.01 കോടി കര്‍ഷകര്‍ക്ക് വേണ്ടി മൊത്തം 2,021 കോടി രൂപയാണ് അന്ന് വിതരണം ചെയ്തത്.

കര്‍ഷകരുടെ ബാങ്ക് എക്കൗണ്ടിലേക്ക് നേരിട്ടാണ് ആനുകൂല്യം എത്തിക്കുന്നത്. പദ്ധതി പ്രഖ്യാപിച്ച് 37 ദിവസത്തിനുള്ളില്‍ 5,215 കോടി രൂപയുടെ സഹായം വിതരണം ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ കുറിച്ചു. നിരവധി ആളുകളിലേക്ക് ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്ര വലിയ തുക വിതരണം ചെയ്യുന്ന ആദ്യത്തെ പദ്ധതിയാണിതെന്നും പിഎം ഓഫീസ് വ്യക്തമാക്കി.

Comments

comments

Categories: FK News