സാമൂഹ്യമാധ്യമങ്ങള്‍ 4-5% വോട്ടുകളെ സ്വാധീനിക്കും

സാമൂഹ്യമാധ്യമങ്ങള്‍ 4-5% വോട്ടുകളെ സ്വാധീനിക്കും

50% വരുന്ന യുവജനത സാമൂഹ്യ മാധ്യമങ്ങളില്‍ സജീവം; മോദിയുടെ പ്രതിച്ഛായ ശക്തം; രാഹുല്‍ സംവദിക്കുന്നത് 90 കളിലെ ഭാഷയില്‍

ഹൈദരാബാദ്: അടുത്തമാസം മുതല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ സാമൂഹ്യമാധ്യമങ്ങള്‍ നാലു മുതല്‍ അഞ്ചു ശതമാനം വരെ വോട്ടുകളെ സ്വാധീനിക്കാമെന്ന് ഐടി വ്യവസായ പ്രമുഖന്‍ ടി വി മോഹന്‍ദാസ് പൈ. നേരിയ ഭൂരിപക്ഷത്തില്‍ വിജയികളെ തീരുമാനിക്കുന്ന മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഈ സ്വാധീനം നിര്‍ണായകമാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു. രാജ്യത്തെ 50 ശതമാനത്തോളം യുവജനങ്ങള്‍, പ്രത്യേകിച്ച് 15 കോടി വരുന്ന കന്നി വോട്ടര്‍മാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണെന്നും അവരുടെ വിവര ശേഖരണത്തിന്റെ പ്രാഥമിക മാധ്യമമാണവയെന്നും ഇന്‍ഫോസിസ് മുന്‍ സിഎഫ്ഒ അഭിപ്രായപ്പെട്ടു.

‘യുവജനങ്ങള്‍ ടിവി കാണുന്നവരോ പത്രവാര്‍ത്തകള്‍ വായിക്കുന്നവരോ അല്ല. യുട്യൂബും സാമൂഹ്യമാധ്യമങ്ങളുമാണ് അവരെ കൂടുതല്‍ സ്വാധീനിക്കുന്നത്. യുവ സമതിദായകരെ സ്വാധീനിക്കണമെങ്കില്‍ അവരുടെ ഇഷ്ടങ്ങളും വികാരങ്ങളും ഭാവിയിലെ പ്രതീക്ഷകളും എന്താണവരെ പ്രചോദിപ്പിക്കുന്നതെന്നുമെല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ മനസിലാക്കണം. അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായ സന്ദേശങ്ങളായിരിക്കണം നല്‍കേണ്ടത്. സന്ദേശങ്ങള്‍ ഒരു കൂട്ടത്തെ ലക്ഷ്യമിടുന്നതും ഭാവിയെക്കുറിച്ച് പോസിറ്റീവ് കാഴ്ച്ചപ്പാടുള്ളതുമായിരിക്കണം,’ പൈ പറഞ്ഞു.

സാമൂഹ്യമാധ്യങ്ങളുടെ പ്രഭാവം വഴി ഏറ്റവുമധികം നേട്ടമുണ്ടാക്കുന്ന പാര്‍ട്ടി ബിജെപിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുവജനങ്ങള്‍ക്കിടയിലുള്ള നരേന്ദ്ര മോദിയുടെ പ്രതിച്ഛായ വളരെ ശക്തമാണെന്നും പൈ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് 90 കളിലെ ഭാഷയാണെന്നും അതിനാല്‍ യുവജനങ്ങളുമായി താദാത്മ്യം പ്രാപിക്കാന്‍ അദ്ദേഹത്തിനാകുന്നില്ലെന്നും മോഹന്‍ദാസ് പൈ വിമര്‍ശിക്കുന്നു.

Categories: FK News, Slider