രണ്ട് ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികളെ ഐബിഎം പരിശീലിപ്പിക്കും

രണ്ട് ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികളെ ഐബിഎം പരിശീലിപ്പിക്കും

ശാസ്ത്രം, സാങ്കേതിക വിദ്യ, എന്‍ജിനീയറിംഗ്, ഗണിതം എന്നീ വിഷയങ്ങളിലാണ് നൈപുണ്യ പരിശീലനം നല്‍കുക

ന്യൂഡെല്‍ഹി: രാജ്യത്തെ രണ്ടു ലക്ഷത്തോളം വിദ്യാര്‍ത്ഥിനികള്‍ക്ക് ശാസ്ത്ര, സാങ്കേതിക, എന്‍ജിനീയറിംഗ്, ഗണിത (സ്‌റ്റെം) മേഖലകളില്‍ നൈപുണ്യ പരിശീലനം നല്‍കാനുള്ള പരിപാടി പ്രഖ്യാപിച്ച് യുഎസ് ഐടി കമ്പനിയായ ഐബിഎം. ഇതിനായി കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാന സര്‍ക്കാരുകളുമായി കരാര്‍ ഒപ്പുവെച്ചെന്ന് കമ്പനി അറിയിച്ചു. ക്ലൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള നൂതന സാങ്കേതികവിദ്യകളുടെ വികസനത്തിനൊപ്പം അവയില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ആവശ്യകതയും ഇന്ത്യയില്‍ വര്‍ധിക്കുകയാണെന്ന് ഐബിഎം ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന, നൂതന സാങ്കേതികവിദ്യകളില്‍ അറിവ് നല്‍കുന്ന രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാം അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 50 വനിതാ ഐടിഐകള്‍ ഉള്‍പ്പെടെ 100 ഇന്‍ഡസ്ട്രിയല്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ലഭ്യമാകും.

ഇന്ത്യയുടെ വളര്‍ന്നു വരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് ശരിയായ വിഭവ സ്രോതസുകള്‍ ലഭ്യമാക്കാനും അധ്വാന വര്‍ഗത്തിലേക്ക് കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്താനുമായാണ് ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിച്ച് സ്റ്റെം നൈപുണ്യ പരിശീലനം നല്‍കുന്നതെന്ന് ഐബിഎം സിഇഒ ജിന്നി റോമെറ്റി ന്യൂഡെല്‍ഹിയില്‍ നടന്ന ഇന്ത്യ സ്‌കില്‍ ഫോറത്തില്‍ വ്യക്തമാക്കി. കൃത്രിമ ബുദ്ധിക്ക് (എഐ) തൊഴിലിടങ്ങളിലും തൊഴിലാളികളിലും വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയും. എഐയുടെയും മറ്റ് സാങ്കേതികവിദ്യകളുടെയും ഗുണങ്ങള്‍ എല്ലാവര്‍ക്കും അനുഭവവേദ്യമാക്കാന്‍ തൊഴിലാളികള്‍ക്ക് പുതു തലമുറ നൈപുണ്യങ്ങള്‍ പകര്‍ന്നു നല്‍കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. തൊഴില്‍ മേഖലയിലെ നൈപുണ്യ വിടവ് പരിഹരിക്കുന്നതിനായി സര്‍ക്കാരും വിദ്യാഭ്യാസ, വ്യവസായ മേഖലകളും തമ്മില്‍ സഹരണമുണ്ടാക്കേണ്ടത് ആവശ്യമാണെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്തും അഭിപ്രായപ്പെട്ടു.

Comments

comments

Categories: FK News
Tags: IBM