യമഹ എഫ്ഇസഡ് വി3.0 ഔദ്യോഗിക ആക്‌സസറികള്‍ പുറത്തിറക്കി

യമഹ എഫ്ഇസഡ് വി3.0 ഔദ്യോഗിക ആക്‌സസറികള്‍ പുറത്തിറക്കി

175 രൂപ മുതല്‍ 800 രൂപ വരെയാണ് വില

ന്യൂഡെല്‍ഹി : ഈയിടെ വിപണിയിലെത്തിച്ച യമഹ എഫ്ഇസഡ്, എഫ്ഇസഡ്-എസ് വി3.0 മോട്ടോര്‍സൈക്കിളുകളുടെ ഔദ്യോഗിക ആക്‌സസറികള്‍ പ്രഖ്യാപിച്ചു. 150 സിസി മോട്ടോര്‍സൈക്കിളുകളുടെ പുതിയ ആക്‌സസറികള്‍ യമഹ ഡീലര്‍ഷിപ്പുകളില്‍നിന്ന് വാങ്ങാവുന്നതാണ്. 175 രൂപ മുതല്‍ 800 രൂപ വരെയാണ് വില.

പോറലുകളില്‍നിന്ന് ഇന്ധന ടാങ്കിനെ സംരക്ഷിക്കുന്ന ടാങ്ക് പാഡിനാണ് 175 രൂപ വില. ഇന്ധന ടാങ്കിലും ഷ്രൗഡുകളിലും സൈഡ് പാനലുകളിലും ടെയ്ല്‍ സെക്ഷനിലും ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ ബോഡി ഡീകാളുകള്‍ക്കാണ് 800 രൂപ വില വരുന്നത്. പിറകില്‍ ഇരിക്കുന്നവര്‍ക്കായി ലോഹം ഉപയോഗിച്ചുള്ള ഫൂട്ട്‌റെസ്റ്റിന് 400 രൂപ, ഹാന്‍ഡില്‍ ബാറില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന യുഎസ്ബി ചാര്‍ജറിന് 750 രൂപ എന്നിങ്ങനെയാണ് മറ്റ് വിലകള്‍. എന്നാല്‍ ഫോണ്‍ ഹോള്‍ഡര്‍ യമഹ ലഭ്യമാക്കുന്നില്ല. എന്‍ജിന്‍ ബാഷ് പ്ലേറ്റിന് 300 രൂപ, എന്‍ജിന്‍ ഗാര്‍ഡിന് 800 രൂപ, കറുത്ത സീറ്റ് കവറിന് 300 രൂപ എന്നിവയും വാങ്ങാന്‍ കഴിയും.

മോട്ടോര്‍സൈക്കിളുകളുടെ പ്രകടനമികവ് വര്‍ധിപ്പിക്കുന്ന യാതൊന്നും തന്നെ ആക്‌സസറികളായി ലഭ്യമാക്കുന്നില്ല. 149 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിന്‍ 8,000 ആര്‍പിഎമ്മില്‍ 13.2 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 12.8 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്.

മൂന്നാം തലമുറ എഫ്ഇസഡ് ഈ വര്‍ഷം ജനുവരിയിലാണ് വിപണിയിലെത്തിച്ചത്. സിംഗിള്‍ ചാനല്‍ എബിസ് സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു. യമഹ എഫ്ഇസഡ് വി3.0 മോട്ടോര്‍സൈക്കിളിന് 95,000 രൂപയും എഫ്ഇസഡ്-എസ് വി3.0 മോഡലിന് 97,000 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto