സ്‌കൂള്‍ പരിസരങ്ങളില്‍ വാഹന നിരോധനം വേണം

സ്‌കൂള്‍ പരിസരങ്ങളില്‍ വാഹന നിരോധനം വേണം

ആവശ്യം ഉന്നയിച്ചത് ബിട്ടീഷ് ആരോഗ്യവിദഗ്ധര്‍

ബ്രിട്ടണില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 28,000 മുതല്‍ 36,000 വരെ ആളുകളുടെ മരണത്തിനു കാരണം ദീര്‍ഘകാലത്തെ വായുമലിനീകരണമാണെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) റിപ്പോര്‍ട്ട് ചെയ്യുന്നു. അന്തരീക്ഷ മലിനീകരണത്തിന് ഏറ്റവും വലിയ കാരണം റോഡ് ഗതാഗതമാണ്. ശ്വാസകോശരോഗങ്ങള്‍ കുട്ടികൡല്‍ പടരുന്നത് ബ്രിട്ടണില്‍ വലിയ ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. ഇതിനെതിരേ ശക്തമായ എതിര്‍പ്പുകള്‍ ഔദ്യോഗികതലത്തില്‍ തന്നെ ഉയരുന്നുണ്ട്. സ്‌കൂള്‍ പരിസരത്ത് കാറുകള്‍ ഓടിക്കുന്നത് നിരോധിക്കണമെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ മെഡിക്കല്‍ ഡയറക്റ്റര്‍ പോള്‍ കോസ്‌ഫോര്‍ഡ് ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്.

അന്തരീക്ഷവായുവിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നതു സംബന്ധിച്ച ശുപാര്‍ശകള്‍ പുറത്തുവിട്ടിരുന്നു. വിവിധ മേഖലകളില്‍ നിന്ന് വിദഗ്ധര്‍ ഇതു സംബന്ധിച്ച് ആവശ്യങ്ങള്‍ ഉന്നയിച്ചു. റോഡുകളില്‍ നിന്ന് ഭാരവാഹനങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്ന് ബ്രിട്ടീഷ് ശ്വാസകോശരോഗ വിദഗ്ധനും ഡോക്‌റ്റേഴ്‌സ് എഗെന്‍സ്റ്റ് ഡീസല്‍ പ്രചാരണത്തിന്റെ പ്രവര്‍ത്തകനുമായ എറാഷ് സലേ പറയുന്നു. നഗരങ്ങളില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നവര്‍ക്ക് പിഴ ഏര്‍പ്പെടുത്തണമെന്നും അഭിപ്രായം ഉയര്‍ന്നു.

വായുമലിനീകരണം ബ്രിട്ടണിലെ ഏറ്റവും വലിയ പാരിസ്ഥിതിക ഭീഷണിയായി മാറിയിരിക്കുന്നുവെന്നു മാത്രമല്ല ആരോഗ്യമേഖലയില്‍ വലിയ തോതിലുള്ള പ്രത്യാഘാതത്തിനും കാരണമായിരിക്കുന്നു. ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ രോഗങ്ങള്‍, ശ്വാസകോശ കാന്‍സര്‍ തുടങ്ങിയവ പടരുന്നതില്‍ വായുമലിനീകരണം പ്രധാന കാരണമാകുന്നു. കുട്ടികളിലടക്കം ആസ്ത്മ വര്‍ദ്ധിപ്പിക്കുന്നു എന്നതിന് ശക്തമായ തെളിവുകള്‍ ഉണ്ട്. ഇതേ തുടര്‍ന്നാണ് പിഎച്ച്ഇ പൊതുജനരോഗ്യ വകുപ്പു മേധാവികളുടെ അവലോകനയോഗം വിളിച്ചു കൂട്ടിയത്. അവലോകന യോഗത്തില്‍ താഴെ പറയുന്ന ശുപാര്‍ശകളാണ് ഉയര്‍ന്നു വന്നത്.

നഗരങ്ങള്‍ പുനര്‍രൂപകല്‍പ്പന ചെയ്യുകയാണ് ഒരു പ്രധാന ശുപാര്‍ശ. റോഡുകളിലെ വാഹനസാന്ദ്രത കുറയുമ്പോള്‍ സ്വാഭാവികമായി പുകപടലങ്ങളും കുറയുന്നു. ഇതിനായി റോഡുകളുടെ വലുപ്പം കൂട്ടുകയും പൊടിയില്‍ നിന്നു സംരക്ഷിക്കാനുള്ള സംവിധാനങ്ങളേര്‍പ്പെടുത്തുകയും ചെയ്യുക. ഇത് പുകപടലങ്ങളിലെ രാസവസ്തുക്കളെ വലിച്ചെടുത്ത് അന്തരീക്ഷത്തെ സംരക്ഷിക്കുന്നു. കാര്‍ബണ്‍ പുറംതള്ളാത്ത പൊതുഗതാഗതം, കാല്‍നടയാത്ര, സൈക്കിള്‍ യാത്ര എന്നിവ പ്രോല്‍സാഹിപ്പിക്കുക. ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് പോയിന്റുകള്‍ ഘടിപ്പിക്കുന്നതിനായി കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കുക, പുക പുറംതള്ളാത്ത വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുക.

ഭാരവാഹനങ്ങളും കൂടുതല്‍ പുക വമിപ്പിക്കുന്നതുമായ വണ്ടികള്‍ മലിനമായ അന്തരീക്ഷമുള്ള സ്ഥലത്തു പ്രവേശിക്കുന്നത് നിരുത്സാഹപ്പെടുത്തുക. ഡീസല്‍ ഉപയോഗം കുറയ്ക്കാനുള്ള മാനദണ്ഡങ്ങള്‍ ശക്തമാക്കിയത് കാര്‍ബണ്‍ പുറംതള്ളല്‍ വലിയതോതില്‍ കുറച്ചിട്ടുണ്ട്. ഡീസല്‍ കാറുകള്‍ വാങ്ങുന്നവര്‍ക്ക് ആദ്യ വര്‍ഷത്തെ നികുതിയില്‍ ഗണ്യമായ വര്‍ധനവാണ് ബ്രിട്ടീഷ് ബജറ്റില്‍ നിര്‍ദേശിച്ചിട്ടുള്ളത്. കാര്‍ബണ്‍ പുറംതള്ളുന്ന കാറുകള്‍ വാങ്ങുന്നതു നിരുല്‍സാഹപ്പെടുത്താനുള്ള തീരുമാനം 2017ല്‍ വീണ്ടും നിലവില്‍ വരുകയും ചെയ്തു.

ഗതാഗത, നഗരാസൂത്രകരുമായി സഹകരിച്ച് ഇക്കാര്യത്തില്‍ മെച്ചപ്പെട്ട സാഹചര്യം ഉറപ്പുവരുത്തുന്നതിനായി ശ്രമിക്കേണ്ടതുണ്ടെന്ന് കോസ്‌ഫോര്‍ഡ് പറയുന്നു. അതേസമയം, സമൂഹത്തിലെ ദരിദ്രരെ പുതിയ പദ്ധതികളുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ബാധിക്കാതിരിക്കാന്‍ ഉതകുന്ന നയങ്ങള്‍ ഭരണനേതൃത്വം രൂപകല്‍പ്പന ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ നയങ്ങള്‍ക്ക് പ്രാദേശികമായി ഇത്തരം കാര്യങ്ങളില്‍ പിന്തുണ നല്‍കാന്‍ കഴിയുമെന്ന് പിഎച്ച്ഇ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, ജനസാന്ദ്രമായ പ്രദേശങ്ങളില്‍ വ്യവസായകേന്ദ്രങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ പുറംതള്ളല്‍ നിയന്ത്രിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അവര്‍ക്ക് കഴിയും. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശക്തമായ നടപടികളെടുക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.

Comments

comments

Categories: Health