പുതിയ ദൂരങ്ങളിലേക്ക് പറക്കാനൊരുങ്ങി സ്‌പൈസ്‌ജെറ്റ്

പുതിയ ദൂരങ്ങളിലേക്ക് പറക്കാനൊരുങ്ങി സ്‌പൈസ്‌ജെറ്റ്

ആഭ്യന്തര, അന്താരാഷ്ട്ര തലത്തിലടക്കം 12 പുതിയ വിമാന സര്‍വീസുകളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്

പൂനെ: പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് സ്‌പൈസ്‌ജെറ്റ്. അന്താരാഷ്ട്ര, ഉഡാന്‍ സര്‍വീസുകളും ആഭ്യന്തര സര്‍വീസുകളുമടക്കം 12 വിമാനങ്ങളാണ് കമ്പനി പുതുതായി പറത്താനൊരുങ്ങുന്നത്. സ്‌പൈസ്‌ജെറ്റിന്റെ ആഭ്യന്തര സര്‍വീസുകള്‍ക്ക് മാര്‍ച്ച് 31നും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ഏപ്രില്‍ 15നും തുടക്കമാകും.

ഹൈദരാബാദ്-കൊളംബോ-ഹൈദരാബാദ് റൂട്ടില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചുകൊണ്ട് അന്താരാഷ്ട്ര തലത്തില്‍ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും കമ്പനി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഈ റൂട്ടില്‍ പറാക്കാനൊരുങ്ങുന്ന ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈന്‍ ആണ് സ്‌പൈസ്‌ജെറ്റ്. ആഴ്ചയില്‍ രണ്ട് ദിവസമൊഴികെ (ചൊവ്വ, ബുധന്‍) ബാക്കി എല്ലാ ദിവസങ്ങളിലും സ്‌പൈസ്‌ജെറ്റ് ഹൈദരാബാദ്-കൊളംബോ-ഹൈദരാബാദ് റൂട്ടില്‍ സര്‍വീസ് നടത്തും.

കിഷാന്‍ഗര്‍-അഹമ്മദാബാദ്-കിഷാന്‍ഗര്‍, ലക്ഷ്മിപൂര്‍-ഗുവാഹട്ടി-ലക്ഷ്മിപൂര്‍, ജയ്പ്പൂര്‍-അമൃത്‌സര്‍-ജയ്പ്പൂര്‍ എന്നീ മേഖലകളില്‍ ആറ് പുതിയ വിമാന സര്‍വീസുകളും സ്‌പൈസ്‌ജെറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉഡാന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ കമ്പനിക്ക് അനുമതി ലഭിച്ചത്. ദക്ഷണേന്ത്യന്‍ മേഖലകളില്‍ തങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ചെന്നൈ, പാറ്റ്‌ന, സൂറത്ത് എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള നാല് പുതിയ പ്രതിദിന സര്‍വീസുകളും കമ്പനി ആരംഭിക്കും.

ചെന്നൈ-പാറ്റ്‌ന-ചെന്നൈ റൂട്ടില്‍ നേരിട്ട് സര്‍വീസ് ആരംഭിക്കുന്ന ആദ്യ കമ്പനിയാണ് സ്‌പൈസ്‌ജെറ്റ്. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി വന്‍ വിജയമാക്കുന്നതിന് കമ്പനി പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് സ്‌പൈസ്‌ജെറ്റ് ചീഫ് സെയില്‍സ് ഓഫീസര്‍ ശില്‍പ ഭാട്ടിയ പറഞ്ഞു. പദ്ധതിയുടെ തുടക്കംമുതല്‍ സ്‌പൈസ്‌ജെറ്റ് മുന്‍നിരയിലുണ്ടായിരുന്നു. സ്‌കീമില്‍ ഏറ്റവും വലിയ പങ്കാളിത്തം വഹിക്കുന്ന കമ്പനിയെന്ന നിലയില്‍ അഭിമാനമുണ്ട്. കൊളംബോയിലേക്കുള്ള പുതിയ സര്‍വീസ് ഇന്ത്യ-ശ്രീലങ്ക ബന്ധം ശക്തമാക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബന്ധതയാണ് സൂചിപ്പിക്കുന്നത്. ബിസിനസ് യാത്രികര്‍ക്കും വിനോദസഞ്ചാരികള്‍ക്കും നിരവധി അവസരങ്ങളാണ് ഈ സര്‍വീസ് പ്രദാനം ചെയ്യുന്നതെന്നും ശില്‍പ ഭാട്ടിയ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News
Tags: Spicejet