ഇന്ത്യയിലേക്ക് വരാന്‍ കൊതിച്ച് സ്‌കോഡ കാമിക്

ഇന്ത്യയിലേക്ക് വരാന്‍ കൊതിച്ച് സ്‌കോഡ കാമിക്

സ്‌കോഡ വിഷന്‍ എക്‌സ് കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയുള്ള പുതിയ കോംപാക്റ്റ് എസ്‌യുവി

ജനീവ : ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ പുതിയ കോംപാക്റ്റ് എസ്‌യുവിയായ കാമിക് ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. 2018 സ്‌കോഡ വിഷന്‍ എക്‌സ് കണ്‍സെപ്റ്റ് അടിസ്ഥാനമാക്കി എംക്യുബി എ0 പ്ലാറ്റ്‌ഫോമിലാണ് പുതിയ എസ്‌യുവി നിര്‍മ്മിച്ചിരിക്കുന്നത്. സ്‌കോഡയുടെ പുതിയ ഡിസൈന്‍ സമീപനം വിളിച്ചോതുന്ന വാഹനമാണ് കാമിക്. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം സ്പ്ലിറ്റ് ഹെഡ്‌ലാംപുകള്‍, ഡൈനാമിക് ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ മുന്നില്‍ കാണാം. ഒത്ത നടുവിലായി സ്‌കോഡയുടെ തനത് സവിശേഷ ഗ്രില്‍ നല്‍കിയിരിക്കുന്നു. തേനീച്ചക്കൂടിന് സമാനമായ മെഷ് നല്‍കിയാണ് എയര്‍ ഡാം തീര്‍ത്തിരിക്കുന്നത്.

പ്രൊഫൈല്‍ എന്ന് വിളിക്കപ്പെടുന്ന വശങ്ങളില്‍നിന്ന് നോക്കുമ്പോള്‍ ആദ്യം കണ്ണിലുടക്കുന്നത് ഷോള്‍ഡര്‍ ലൈനാണ്. റൂഫ് റെയിലുകളും കാണാം. 16 മുതല്‍ 18 ഇഞ്ച് വരെ വ്യാസമുള്ളവയാണ് ചക്രങ്ങള്‍. എന്നാല്‍ ഇന്ത്യയില്‍ 17 ഇഞ്ച് ചക്രങ്ങളായിരിക്കും ലഭ്യമാക്കുന്നത്. സ്‌കോഡയുടെ പുതിയ തത്വശാസ്ത്രമനുസരിച്ച് സ്‌കോഡ ബാഡ്ജിന് പകരം ബൂട്ടില്‍ സ്‌കോഡ എന്ന് എഴുതിയിരിക്കുന്നത് വായിക്കാം. ഈ രീതിശാസ്ത്രം അനുവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ സ്‌കോഡ മോഡലായിരിക്കും കാമിക്. ബൂട്ടിന്റെ ഇരുപാര്‍ശ്വങ്ങളിലും മരച്ചീളിന്റെ ആകൃതിയുള്ള റാപ്എറൗണ്ട് എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ നല്‍കിയിരിക്കുന്നു.

പ്രീമിയം ഫാബ്രിക്, ശബ്ദങ്ങളിലൂടെയും ആംഗ്യങ്ങളിലൂടെയും നിയന്ത്രിക്കാന്‍ കഴിയുന്ന 9.2 ഇഞ്ച് ഡിസ്‌പ്ലേ, 10.25 ഇഞ്ച് വലുപ്പമുള്ള പൂര്‍ണ്ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ സ്‌കോഡ കാമിക്കിന്റെ കാബിന്‍ വിശേഷങ്ങളാണ്. എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റിയോടെ വലുപ്പം കുറഞ്ഞ 8 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കാനാണ് സാധ്യത. ഒരു പക്ഷേ കോഡിയാക്കില്‍ കണ്ടതിന് സമാനമായ ഒന്ന്. സ്‌കോഡ കാമിക് എസ്‌യുവിയുടെ ബൂട്ട് ശേഷി 400 ലിറ്ററാണ്. പിന്‍ സീറ്റ് മടക്കിവെച്ചാല്‍ സ്റ്റോറേജ് സൗകര്യം 1395 ലിറ്ററായി വര്‍ധിക്കും. മുന്നിലെ യാത്രക്കാരന്റെ സീറ്റ് മടക്കിവെയ്ക്കാന്‍ കഴിയും. എന്നാല്‍ ഇത് ഓപ്ഷണല്‍ എക്‌സ്ട്രാ എന്ന നിലയിലാണ് സ്‌കോഡ ലഭ്യമാക്കുന്നത്.

ലെയ്ന്‍ അസിസ്റ്റ്, കാല്‍നടയാത്രക്കാരനെ അതിവേഗം ശ്രദ്ധയില്‍പ്പെടുന്ന എമര്‍ജന്‍സി ബ്രേക്ക് ഫീച്ചര്‍, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, ഒമ്പത് എയര്‍ബാഗുകള്‍, സെന്‍സറുകള്‍ സഹിതം റിയര്‍ പാര്‍ക്കിംഗ് കാമറ എന്നിവ യൂറോ സ്‌പെക് സ്‌കോഡ കാമിക്കിന്റെ സവിശേഷതകളാണ്. ഇന്ത്യാ സ്‌പെക് മോഡലില്‍ ഇവയില്‍ മിക്കതും കണ്ടേക്കില്ല. എന്നാല്‍ ഒമ്പതെണ്ണമില്ലെങ്കിലും അത്യാവശ്യം എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍), ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇഎസ്പി (ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം) എന്നിവ നല്‍കും.

ആഗോളതലത്തില്‍ സ്‌കോഡ കാമിക് എസ്‌യുവി ഒരുപക്ഷേ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകള്‍ മുന്നോട്ടുവെയ്ക്കും. 1.0 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിന്‍ 95 പിഎസ് / 175 എന്‍എം, 115 പിഎസ് / 200 എന്‍എം എന്നീ രണ്ട് വ്യത്യസ്ത ട്യൂണുകളില്‍ ലഭ്യമാക്കും. 150 പിഎസ് കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിന്‍, 115 പിഎസ് കരുത്തും 250 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.6 ലിറ്റര്‍ ടിഡിഐ മോട്ടോര്‍ എന്നിവയാണ് മറ്റ് രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍. ഇന്ത്യയില്‍ 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍ ലഭിക്കുമെന്ന് മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. 115 പിഎസ് പരമാവധി കരുത്ത് ഉല്‍പ്പാദിപ്പിക്കുംവിധം ഈ എന്‍ജിന്‍ ട്യൂണ്‍ ചെയ്‌തേക്കും. ഇന്ത്യയില്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷന്‍ ഉണ്ടായിരിക്കുമോയെന്ന് സ്‌കോഡ ഓട്ടോ വ്യക്തമാക്കുന്നില്ല.

സ്‌കോഡ കാമിക് എസ്‌യുവി അടുത്ത വര്‍ഷം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍, പുറത്തിറക്കാനിരിക്കുന്ന കറോക്കിനും ഫഌഗ്ഷിപ്പ് കോഡിയാക്കിനും താഴെയായിരിക്കും പുതിയ മോഡലായ കാമിക്കിന് സ്ഥാനം. സ്‌കോഡയുടെ ഇന്ത്യ 2.0 പ്രോജക്റ്റിന്റെ ഭാഗമായി വാഹനത്തെ പൂര്‍ണ്ണമായും തദ്ദേശീയവല്‍ക്കരിക്കും. ഹ്യുണ്ടായ് ക്രെറ്റ, നിസാന്‍ കിക്‌സ്, വരാനിരിക്കുന്ന കിയ എസ്പി2ഐ, ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ് എന്നിവയായിരിക്കും ഇന്ത്യയിലെ പ്രധാന എതിരാളികള്‍. പത്ത് ലക്ഷം രൂപയില്‍ വില തുടങ്ങുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Auto
Tags: Skoda Kamiq