പോര്‍ഷെ ടൈകാന്‍ സെപ്റ്റംബറില്‍ അരങ്ങേറും

പോര്‍ഷെ ടൈകാന്‍ സെപ്റ്റംബറില്‍ അരങ്ങേറും

തുടര്‍ന്ന് 2019 അവസാനത്തോടെ വിപണിയിലെത്തിക്കും. 2020 ഓടെ ഇന്ത്യയിലുമെത്തും

ജനീവ : പോര്‍ഷെയുടെ ആദ്യ പൂര്‍ണ്ണ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറായ ടൈകാന്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ ആഗോള അരങ്ങേറ്റം നടത്തും. കാറിന്റെ അന്തിമ രൂപകല്‍പ്പന എങ്ങനെയെന്ന് അപ്പോള്‍ മാത്രമേ അറിയാന്‍ കഴിയൂ. തുടര്‍ന്ന് ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ കാര്‍ അവതരിപ്പിക്കും. ടൈകാനിലൂടെയാണ് ഇലക്ട്രിക് കാര്‍ സെഗ്‌മെന്റിലേക്ക് പോര്‍ഷെ കാലെടുത്തുവെയ്ക്കുന്നത്. സ്വന്തം സെഗ്‌മെന്റിലെ ഏറ്റവും സ്‌പോര്‍ടിയായ, സാങ്കേതികപരമായി ഏറ്റവും ആധുനികമായ കാറായിരിക്കും ടൈകാന്‍ എന്ന് പോര്‍ഷെ അവകാശപ്പെട്ടു.

അതേസമയം ടൈകാന്‍ സ്വന്തമാക്കുന്നതിന് ലോകമെങ്ങുനിന്നും ഇതുവരെയായി ഇരുപതിനായിരത്തിലധികം പേരാണ് താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും പേര്‍ പോര്‍ഷെയില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. യൂറോപ്പില്‍ ബുക്കിംഗ് നിര്‍ബാധം തുടരുകയാണ്. ജനങ്ങള്‍ വളരെയധികം താല്‍പ്പര്യം പ്രകടിപ്പിച്ചുതുടങ്ങിയതോടെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിച്ചതായി പോര്‍ഷെയുടെ വില്‍പ്പന, വിപണന വിഭാഗം എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം ഡിറ്റ്‌ലവ് വോണ്‍ പ്ലാറ്റന്‍ പറഞ്ഞു. പോര്‍ഷെയുടെ ഫഌഗ്ഷിപ്പ് ഇലക്ട്രിക് കാര്‍ 2020 ഓടെ ഇന്ത്യയിലുമെത്തും.

രണ്ട് പെര്‍മനന്റ് മാഗ്നറ്റ് സിങ്ക്രണസ് ഇലക്ട്രിക് മോട്ടോറുകളാണ് പോര്‍ഷെ ടൈകാന്‍ ഉപയോഗിക്കുന്നത്. പരമാവധി 600 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. എന്‍ഇഡിസി (ന്യൂ യൂറോപ്യന്‍ ഡ്രൈവിംഗ് സൈക്കിള്‍) കണക്കാക്കിയതനുസരിച്ച് 500 കിലോമീറ്ററില്‍ കൂടുതലാണ് ഡ്രൈവിംഗ് റേഞ്ച്. നൂറ് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതിനുള്ള ബാറ്ററി നാല് മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. ഉയര്‍ന്ന വോള്‍ട്ടേജുള്ള ലിഥിയം അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ പോര്‍ഷെ ടൈകാന് 3.5 സെക്കന്‍ഡില്‍ താഴെ സമയം മതി.

Comments

comments

Categories: Auto