ഒപെക് പ്ലസിന്റെ കയറ്റുമതി നയത്തില്‍ ജൂണ്‍ വരെ മാറ്റമുണ്ടാകില്ലെന്ന് സൗദി മന്ത്രി

ഒപെക് പ്ലസിന്റെ കയറ്റുമതി നയത്തില്‍ ജൂണ്‍ വരെ മാറ്റമുണ്ടാകില്ലെന്ന് സൗദി മന്ത്രി

അടുത്ത മാസം ചേരാനിരിക്കുന്ന യോഗത്തില്‍ കയറ്റുമതി നയം പരിഷ്‌കരിക്കില്ല

ന്യൂഡെല്‍ഹി: ഒപെക് പ്ലസ് രാഷ്ട്രങ്ങളുടെ അടുത്ത മാസം ചേരാനിരിക്കുന്ന യോഗത്തില്‍ കയറ്റുമതി നയങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള സാധ്യത തള്ളിക്കളഞ്ഞ് സൗദി ഇന്ധനകാര്യ മന്ത്രി ഖാലിദ് അല്‍ ഫാലി. കയറ്റുമതി നയങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ അക്കാര്യം ജൂണില്‍ ചേരാനിരിക്കുന്ന യോഗത്തില്‍ മാത്രമേ പരഗണിക്കുകയുള്ളുവെന്ന് മന്ത്രി വ്യക്തമാക്കി.

എണ്ണക്കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകും റഷ്യ പോലുള്ള സഖ്യ രാഷ്ട്രങ്ങളും അടങ്ങുന്നതാണ് ഒപെക് പ്ലസ് സഖ്യം. വരുന്ന ഏപ്രില്‍ 17,18 തീയ്യതികളില്‍ വിയന്നയില്‍ വെച്ച് യോഗം ചേരാനാണ് ഒപെക് പ്ലസ് രാഷ്ട്രങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. അതിന് ശേഷം ജൂണ്‍ 25,26 തീയ്യതികളിലും ഈ സഖ്യം യോഗം ചേരുന്നുണ്ട്.

”ഏപ്രില്‍ മാസത്തില്‍ എന്ത് സംഭവിക്കുമെന്നത് നമുക്ക് നോക്കാം. ശ്രദ്ധയില്‍ പെടാത്ത വല്ല മാറ്റങ്ങളും വിപണിയുമായി ബന്ധപ്പെട്ട് ഉണ്ടാകുമോയെന്നത് അപ്പോള്‍ കാണാം. അങ്ങനെയൊന്നും സംഭവിച്ചില്ലെങ്കില്‍ എണ്ണ ഉല്‍പ്പാദന നിയന്ത്രണം തുടരാമെന്ന്് തന്നെയാണ് ഞാന്‍ കരുതുന്നത്’.ജൂണോടു കൂടി എണ്ണവിപണിയുടെ ഗതി എങ്ങനെയാണെന്ന് മനസിലാക്കാനും അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താനും സാധിക്കുമെന്ന് ന്യൂഡെല്‍ഹിയില്‍ ഇന്ത്യന്‍ ഇന്ധകാര്യ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനൊപ്പം നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സൗദി മന്ത്രി അറിയിച്ചു.

എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ നിര്‍മ്മിച്ച കരാര്‍ പ്രകാരം എണ്ണക്കയറ്റുമതി കുറച്ചുകൊണ്ടുവരാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നായിരുന്നു ശനിയാഴ്ച ഒപെക് അംഗമായ യുഎഇ വ്യക്തമാക്കിയിരുന്നത്. ആഗോള എണ്ണവിപണി സന്തുലനം തിരികെ പിടിക്കും വരെ ഉല്‍പാദനത്തില്‍ സ്വയമേ ക്രമീകരണങ്ങള്‍ നടത്താന്‍ ഒപെക് അംഗമെന്ന നിലയിലും അല്ലാതെയും തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് യുഎഇ ഇന്ധകാര്യ,വ്യവസായ മന്ത്രി സുഹൈല്‍ അല്‍ മസ്രോയി ട്വിറ്ററിലൂടെ അറിയിച്ചത്.

എണ്ണവിലയ്ക്ക് ഭീഷണിയുണ്ടാക്കും വിധം വിതരണം വര്‍ധിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടി കഴിഞ്ഞ ജനുവരി ഒന്ന് മുതല്‍ ഒപെക് പ്ലസ് രാഷ്ട്രങ്ങള്‍ ഉല്‍പാദനത്തില്‍ മുന്‍നിശ്ചയിച്ചതിനേക്കാളും കുറവ് വരുത്തിയിരുന്നു. അടുത്ത ആറ് മാസക്കാലത്തേക്ക് വിതരണത്തില്‍ പ്രതിദിനം 1.2 മില്യണ്‍ ബാരലിന്റെ കുറവ് വരുത്താനാണ് ഒപെക് പ്ലസ് രാഷ്ട്രങ്ങള്‍ തീരുമാനിച്ചത്.

ജൂണ്‍ മാസത്തില്‍ ചേരാനിരിക്കുന്ന യോഗത്തില്‍ എണ്ണ വിതരണത്തില്‍ വരുത്തിയ കുറവ് കുറച്ച് കാലത്തേക്ക് കൂടി നീട്ടാന്‍ ഒപെക് പ്ലസ് രാഷ്ട്രങ്ങള്‍ തീരുമാനിച്ചേക്കുമെന്നും സൂചനയുണ്ട്. അതേസമയം വെനസ്വെല, ഇറാന്‍ തുടങ്ങിയ ഒപെക് അംഗങ്ങള്‍ക്ക് മേലുള്ള അമേരിക്കന്‍ ഉപരോധത്തിന്റെ വ്യാപ്തിയും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും.

എണ്ണ വിതരണത്തില്‍ വരുത്താന്‍ നിശ്ചയിച്ച കുറവില്‍ 11 ഒപെക് അംഗങ്ങളുടെ പങ്ക് 800,000 ബിപിഡി ആണ്. വെനസ്വെല, ലിബിയ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ഒഴികെയുള്ള ഒപെക് രാഷ്ട്രങ്ങളാണ് ഈ കുറവ് നടപ്പില്‍ വരുത്തേണ്ടത്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാഷ്ട്രമായ സൗദി അറേബ്യയുടെ ഏപ്രിലിലെ കയറ്റുമതി നിരക്ക് ഈ മാസത്തേത്തിന് സമാനമായി 9.8 മില്യണ്‍ എന്ന നിരക്കില്‍ തന്നെ ആയിരിക്കുമെന്നും ഫാലി പറഞ്ഞു. ”ഏപ്രിലിലെ വിതരണക്കാര്യത്തില്‍ അരാംകോ അന്തിമതീരുമാനങ്ങള്‍ എടുത്ത് കൊണ്ടിരിക്കുണ്് . തിങ്കളാഴ്ചയോടെ ഇക്കാര്യത്തില്‍ വ്യക്തമായൊരു തീരുമാനം അറിയാം. എന്നാല്‍ മാര്‍ച്ചിലേതിന് സമാനമായുള്ള വിതരണസാധ്യതയാണ് ഏപ്രിലിലും ഞാന്‍ പ്രതീക്ഷിക്കുന്നത്’.

ആഗോളവിപണിയില്‍ എണ്ണയ്ക്കുള്ള ആവശ്യത്തില്‍ ഈ വര്‍ഷം 1.5 ബിപിഡി വര്‍ധനവുണ്ടാകുമെന്നും ഫാലി പറഞ്ഞു. 2019 എണ്ണവിപണിക്ക് പൊതുവെ നല്ല വര്‍ഷമായിരിക്കുമെന്ന അഭിപ്രായവും ഫാലി പങ്കുവെച്ചു.

സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വെനസ്വെലയുടെ പെട്രോളിയം വിപണിക്ക് മേല്‍ കഴിഞ്ഞ ജനുവരി 28 മുതല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത് മൂലം എണ്ണക്കയറ്റുമതിയില്‍ 40 ശതമാനം ഇടിവുണ്ടാകുകയും 920,000 ബിപിഡി എന്ന കണക്കിലേക്ക് കയറ്റുമതി ചുരുങ്ങുകയും ചെയ്തിരുന്നു. അതേസമയം അമേരിക്കയിലെ എണ്ണ ഉല്‍പ്പാദനത്തില്‍ 12 മില്യണ്‍ ബിപിഡി എന്ന തോതില്‍ കഴിഞ്ഞ മാസം റെക്കോഡ് വര്‍ധനവും ഉണ്ടായി.

ഈ വര്‍ഷം ആഗോളതലത്തില്‍ എണ്ണയ്ക്കുള്ള ആവശ്യത്തില്‍ പ്രതിദിനം 1.4 മില്യണ്‍ ബിപിഡി വര്‍ധനവ് ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര എനര്‍ജി ഏജന്‍സിയുടെ ഏറ്റവും പുതിയ പ്രവചനം പറയുന്നത്. ചൈനയുടെ എണ്ണ ഉപഭോഗം എല്ലാ മാസവും റെക്കോഡുകള്‍ ഭേദിച്ച് കൊണ്ടിരിക്കുകയാണെന്നും ഈ വര്‍ഷം 11 മില്യണ്‍ ബിപിഡി എന്ന നിരക്കിലേക്ക് ചൈനയുടെ ഇന്ധന ഉപഭോഗം എത്തുമെന്നാണ് കരുതുന്നതെന്നും ഫാലി പറഞ്ഞു.

ചൈനയ്ക്കും യുഎസിനുമൊപ്പം ഇന്ത്യയും എണ്ണ ഉപഭോഗത്തില്‍ വര്‍ധനവ് വരുത്തിക്കൊണ്ട് സമ്പദ് വ്യവസ്ഥയെ വിപുലപ്പെടുത്തുകയാണെന്നും ഫാലി പറഞ്ഞു. അതേസമയം എണ്ണവിലയിലുണ്ടാകുന്ന വര്‍ധനവ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുന്നതിനാല്‍ വിലനിലവാരം യുക്തിസഹമായി നിലനിര്‍ത്തുന്നതിന് സൗദി ഇടപെടലുകള്‍ നടക്കണമെന്ന് ഇന്ത്യയിലെ ഇന്ധനകാര്യ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടു. പ്രധാനമായ എണ്ണനിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനും ഇന്ത്യയിലെ എണ്ണശുദ്ധീകരണ, പെട്രോകെമിക്കല്‍ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിനും സൗദിയെ ക്ഷണിക്കുകയാണെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

Comments

comments

Categories: Arabia