എണ്ണ, വാതക പര്യവേഷണ നയത്തില്‍ അഴിച്ചുപണി

എണ്ണ, വാതക പര്യവേഷണ നയത്തില്‍ അഴിച്ചുപണി

എല്ലാ മേഖലകളിലേക്കുമായി ഒരൊറ്റ പര്യവേഷണ നയം എന്നതായിരുന്നു രണ്ടര പതിറ്റാണ്ടായി ഇന്ത്യ പിന്തുടര്‍ന്നു വന്നിരുന്നത്

ന്യൂഡെല്‍ഹി: എണ്ണ, വാതക പര്യവേഷണ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിനുള്ള നയം പുതുക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. കാര്യമായ പര്യവേഷണം നടന്നിട്ടില്ലാത്ത മേഖലകളിലെ ഹൈഡ്രോകാര്‍ബണ്‍ ഉല്‍പ്പാദനത്തില്‍ നിന്നുള്ള ലാഭത്തെ ചാര്‍ജുകളില്‍ നിന്ന് ഒഴിവാക്കുന്നതാണ് പുതിയ നയം. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. എണ്ണവാതക പര്യവേഷണ മേഖലയിലേക്ക് കൂടുതല്‍ സ്വകാര്യ, വിദേശ നിക്ഷേപം എത്തുന്നതിനും ഈ നടപടിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

എല്ലാ മേഖലകളിലേക്കുമായി ഒരൊറ്റ പര്യവേഷണ നയം എന്നതായിരുന്നു രണ്ടര പതിറ്റാണ്ടായി ഇന്ത്യ പിന്തുടര്‍ന്നു വന്നിരുന്നത്. എന്നാല്‍ പുതിയ നയപ്രകാരം വ്യത്യസ്ത മേഖലകളിലെ സവിശേഷതകള്‍ പരിഗണിച്ച് വ്യത്യസ്തമായ നിബന്ധനകളും നടപടികളും ആണ് മുന്നോട്ടുവച്ചിട്ടുള്ളത്. ഇതനുസരിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ എണ്ണ, വാതക ഉല്‍പ്പാദനം നടക്കുന്ന മേഖലകളിലെയും വ്യാവസായിക ഉല്‍പ്പാദനത്തിനുള്ള സാധ്യതകള്‍ ഇനിയും ഉറപ്പില്ലാത്ത മേഖലകളിലെയും പര്യവേഷണത്തിനായുള്ള സമീപനം വ്യത്യസ്തമായിരിക്കും. എന്നാല്‍ എല്ലാ തരത്തിലുമുള്ള എണ്ണ, വാതക ബ്ലോക്കുകളിലെയും ഉല്‍പ്പാദകര്‍ക്ക് വില നിര്‍ണയിക്കുന്നതിനും മാര്‍ക്കറ്റിംഗിനും ഉള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ് പുതിയ നയമെന്ന് ഔദ്യോഗിക വാര്‍ത്താ കുറിപ്പ് വ്യക്തമാക്കുന്നു.

ഫെബ്രുവരി 28ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് പര്യവേഷണ നയത്തിലെ ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുള്ളത്. എണ്ണ, വാതക പാടങ്ങളുടെ ലേലം ഇനിമുതല്‍ പര്യവേഷണത്തോടുള്ള പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലായിരിക്കും നടക്കുക എന്നും സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നുണ്ട്.

നിലവില്‍ വ്യാവസായികോല്‍പ്പാദനം നടക്കുന്ന കൃഷ്ണ ഗോദാവരി, മുംബൈ തീരപ്രദേശം, രാജസ്ഥാന്‍ അസം എന്നിവിടങ്ങളിലെ ബ്ലോക്കുകളില്‍ നിന്നുള്ള ഉല്‍പ്പാദനത്തിന് സര്‍ക്കാരിന് വിഹിതം നല്‍കേണ്ടിവരും. ഇതിനെയാണ് ഒന്നാം വിഭാഗത്തിലുള്ള ബ്ലോക്കുകളായി വിഭാഗീകരിച്ചിട്ടുള്ളത്. എന്നാല്‍ രണ്ട് മൂന്ന് വിഭാഗങ്ങളില്‍ വരുന്ന വേണ്ടത്ര പര്യവേഷണം നടന്നിട്ടില്ലാത്തതും വ്യാവസായികോല്‍പ്പാദനം ആരംഭിച്ചിട്ടില്ലാത്തതുമായ ബ്ലോക്കുകളുടെ നടത്തിപ്പുകാര്‍ക്ക് ആദ്യ ഘട്ടത്തില്‍ മുന്‍കൂര്‍ റോയല്‍റ്റി നിരക്ക് മാത്രമാണ് നല്‍കേണ്ടത്.
ഭൂതലത്തിലെയും ജലോപരിതലത്തിലെയും ബ്ലോക്കുകളിലെ ഉല്‍പ്പാദനം നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ ആരംഭിക്കാനായാല്‍ റോയല്‍റ്റി നിരക്കില്‍ സബ്‌സിഡി അനുവദിക്കും. എന്നാല്‍ ജലസ്രോതസുകളുടെ ആഴങ്ങളിലുള്ള ബ്ലോക്കുകളില്‍ നിന്നുള്ള ഉല്‍പ്പാദനത്തിന് ഈ കാലാവധി അഞ്ചു വര്‍ഷമാണ്.

രണ്ടു വര്‍ഷം മുമ്പ് ഉല്‍പ്പാദനത്തില്‍ നിന്നുള്ള ലാഭത്തിന്റെ അടിസ്ഥാനത്തില്‍ ഹൈഡ്രോകാര്‍ബണ്‍ പര്യവേഷണത്തിനുള്ള കരാറുകള്‍ നല്‍കുന്നതിനുള്ള ഒരു നയം സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഇത് വേണ്ടത്ര ഫലപ്രദമായില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നയം അവതരിപ്പിക്കുന്നത്. 1999 മുതലാണ് ഇന്ത്യ എണ്ണ വാതക പര്യവേഷണത്തിനായി കമ്പനികള്‍ക്ക് കരാറുകള്‍ നല്‍കാന്‍ ആരംഭിച്ചത്.

Comments

comments

Categories: Business & Economy
Tags: Oil and Gas