എംഎസ്എംഇ മേഖലയിലെ തൊഴിലവസരങ്ങളില്‍ 3.3% വാര്‍ഷിക വര്‍ധന

എംഎസ്എംഇ മേഖലയിലെ തൊഴിലവസരങ്ങളില്‍ 3.3% വാര്‍ഷിക വര്‍ധന

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പ്രതിവര്‍ഷം 13.5-14.9 മില്യണ്‍ തൊഴിലവസരങ്ങളാണ് മേഖലയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുള്ളതെന്ന് സിഐഐ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു

ന്യൂഡെല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ എംഎസ്എംഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) മേഖലയിലെ അറ്റ തൊഴില്‍ സൃഷ്ടിയില്‍ 13.9 ശതമാനം വര്‍ധനയുണ്ടായതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) സര്‍വേ റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 3.3 ശതമാനം വര്‍ധനയാണ് മേഖലയിലെ തൊഴിലവസരങ്ങളില്‍ ഉണ്ടായിട്ടുള്ളതെന്നും സിഐഐ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് മതിയായ തോതില്‍ താഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്ന ആശങ്കകള്‍ക്കിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

28 സംസ്ഥാനങ്ങളില്‍ നിന്നുള്ള 1,05,347 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ കേന്ദ്രീകരിച്ചാണ് സിഐഐ സര്‍വേ നടത്തിയത്. അടുത്തിടെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ സര്‍വേയാണിതെന്നാണ് സിഐഐ അവകാശപ്പെടുന്നത്. തൊഴില്‍ ബ്യൂറോയില്‍ നിന്നുള്ള 2017-2018 വര്‍ഷത്തെ കണക്ക് പ്രകാരം 450 മില്യണ്‍ ആളുകളാണ് എംഎസ്എംഇ മേഖലയില്‍ തൊഴില്‍ എടുക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പ്രതിവര്‍ഷം 13.5-14.9 മില്യണ്‍ തൊഴിലവസരങ്ങള്‍ മേഖലയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നാണ് കോണ്‍ഫോഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ കണ്ടെത്തല്‍.

മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. അതേസമയം, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന എന്നിവയാണ് ഇക്കാലയളവില്‍ കയറ്റുമതിയില്‍ മുന്നിലുണ്ടായിരുന്ന സംസ്ഥാനങ്ങള്‍. ഹോസ്പിറ്റാലിറ്റി, ടൂറിസം, ടെക്‌സ്റ്റൈല്‍സ്-അപ്പാരല്‍, ലോഹ ഉല്‍പ്പന്നങ്ങള്‍, മെഷിനറി ഉപകരണ നിര്‍മാണം, ഗതാഗതം, ലോജിസ്റ്റിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

അടുത്ത മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന തൊഴില്‍ വളര്‍ച്ച സംബന്ധിച്ച ശുഭാപ്തിവിശ്വാസവും സര്‍വേയില്‍ പ്രകടമാണ്. എല്ലാ എംഎസ്എംഇകള്‍ക്കും രണ്ട് ശതമാനം പലിശ സഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനവും ട്രേഡ് റെസീവബ്ള്‍ ഇ-ഡിസ്‌കൗണ്ടിംഗ് സംവിധാനവും ഭാവി വളര്‍ച്ചയെ നയിക്കുമെന്നും ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സിഐഐ പറയുന്നു. എംഎസ്എംഇ മേഖലയിലെ തൊഴില്‍ സൃഷ്ടിയില്‍ ആരോഗ്യകരമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്. മേഖല നേരിടുന്ന വെല്ലുവിളികളും ഇന്നൊവേഷനുകളും വേഗത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുകയാണെന്നും സിഐഐ പ്രസിഡന്റ് രാകേഷ് ഭാരതി മിത്തല്‍ പറഞ്ഞു.

Comments

comments

Categories: FK News
Tags: MSME