പ്രകൃതി വാതക ബിസിനസ് വിപുലപ്പെടുത്താനുള്ള പദ്ധതിയുമായി അരാംകോ; ചെങ്കടല്‍ തീരത്ത് വന്‍ നിക്ഷേപം

പ്രകൃതി വാതക ബിസിനസ് വിപുലപ്പെടുത്താനുള്ള പദ്ധതിയുമായി അരാംകോ; ചെങ്കടല്‍ തീരത്ത് വന്‍ നിക്ഷേപം

അമേരിക്ക, ഇന്ത്യ, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ ബിസിനസുകള്‍ ഏറ്റെടുക്കാന്‍ പദ്ധതി

ജിദ്ദ: സൗദി അറേബ്യയുടെ ചെങ്കടല്‍ തീരത്ത് വലിയ തോതിലുള്ള പ്രകൃതി വാതക ശേഖരം കണ്ടെത്തിയതായി സൗദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട്. പ്രകൃതി വാതക ബിസിനസ് രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന സൗദി അറേബ്യയ്ക്ക് പ്രതീക്ഷയേകുന്നതാണ് പുതിയ നിക്ഷേപ വാര്‍ത്ത.

അമേരിക്കയിലെ ദ്രവീകൃത പ്രകൃതി വാതക ബിസിനസുകള്‍ (എല്‍എന്‍ജി) ഏറ്റെടുക്കലിനുള്ള അവസരങ്ങളെ കുറിച്ച് സൗദി അരാംകോ ഗൗരവമായി ചിന്തിക്കുകയാണെന്ന് സൗദി ഇന്ധനകാര്യ മന്ത്രി ഖാലിദ് അല്‍ ഫാലി പറഞ്ഞതായും എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു. പ്രകൃതി വാതക ബിസിനസ് വിപുലീകരിക്കുക എന്ന നയത്തിന്റെ ഭാഗമായി അമേരിക്കയിലെ ബിസിനസുകള്‍ ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി കഴിഞ്ഞ ജനുവരിയില്‍ അരാംകോ സിഇഒ അമീന്‍ നാസറും സൂചന നല്‍കിയിരുന്നു.

അമേരിക്ക കൂടാതെ ഇന്ത്യ, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലുള്ള ബിസിനസ് സാധ്യതകളെ കുറിച്ചും അരാംകോ ആലോചിക്കുന്നുണ്ട്. 2030 ഓടെ 3 ബില്യണ്‍ ക്യൂബിക് അടി പ്രകൃതിവാതകം കയറ്റി അയക്കാന്‍ സാധിക്കുമെന്നാണ് സൗദി പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ ആഴ്ച ലണ്ടനില്‍ വെച്ച് നാസര്‍ പറഞ്ഞിരുന്നു. അതേസമയം പെട്രോകെമിക്കല്‍ പ്ലാന്റുകള്‍ വാങ്ങുന്നതിനുള്ള സാധ്യതാപഠനത്തിലാണ് അരാംകോയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കയിലെ എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നല്‍കുന്ന വിവരം അനുസരിച്ച് 2017ല്‍ 303 ട്രില്യണ്‍ ക്യൂബിക് അടി പ്രകൃതിവാതക ശേഖരമാണ് സൗദിക്ക് ഉണ്ടായിരുന്നത്. ഇതേ വര്‍ഷം അരാംകോയുടെ പ്രകൃതി വാതക ഉല്‍പ്പാദനം 12.4 ബില്യണ്‍ ക്യൂബിക് അടി ആയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉല്‍പ്പാദനത്തില്‍ 12.03 ബില്യണിന്റെ വര്‍ധനവ് ഇക്കാലയളവില്‍ ഉണ്ടായി.

Comments

comments

Categories: Arabia
Tags: LNG