ഇന്ത്യയുടെ ആയുധ ഇറക്കുമതി കുറഞ്ഞു

ഇന്ത്യയുടെ ആയുധ ഇറക്കുമതി കുറഞ്ഞു
  • 2009-2013നും 2014-2018നും ഇടയില്‍ റഷ്യയില്‍ നിന്നുള്ള ആയുധ ഇറക്കുമതിയില്‍ 42 ശതമാനം ഇടിവുണ്ടായി
  • മൊത്തം ആയുധ ഇറക്കുമതിയില്‍ ഇന്ത്യ 24 ശതമാനം കുറവ് രേഖപ്പെടുത്തി

ന്യൂഡെല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണകാലയളവില്‍ റഷ്യയില്‍ നിന്നുള്ള ആയുധ ഇറക്കുമതിയില്‍ വലിയ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 2009-2013നും 2014-2018നും ഇടയില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ 42 ശതമാനം ഇടിവുണ്ടായിട്ടുണ്ടെന്നാണ് സറ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്‌ഐപിആര്‍ഐ) എന്ന സ്ഥാപനം തയാറാക്കിയ 2018ലെ ആയുധ കൈമാറ്റങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.

2009-2013ല്‍ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ 76 ശതമാനം പങ്കുവഹിച്ചിരുന്നത് റഷ്യയാണ്. 2014-2018ല്‍ രാജ്യത്തേക്കുള്ള ആയുധ ഇറക്കുമതിയില്‍ റഷ്യയുടെ വിഹിതം 58 ശതമാനമായി ചുരുങ്ങി. ആയുധങ്ങളുടെ കാര്യത്തില്‍ വിദേശ കമ്പനികളെയും രാജ്യങ്ങളെയും ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ ഇക്കാലയളവില്‍ 24 ശതമാനം കുറവുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വിദേശ വിതരണക്കാരില്‍ നിന്നുള്ള ലൈസന്‍സിനുകീഴില്‍ നിര്‍മിക്കുന്ന ആയുധങ്ങളുടെ വിതരണം വൈകുന്നതും ഇന്ത്യയുടെ ഇറക്കുമതി കുറയാന്‍ കാരണമായിട്ടുണ്ട്. 2001ല്‍ റഷ്യയില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത കോംമ്പാറ്റ് എയര്‍ക്രാഫ്റ്റ്, 2008ല്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങാന്‍ കരാറായ അന്തര്‍വാഹിനികളും പോലുള്ളവയുടെ വിതരണമാണ് വൈകുന്നത്. ഇന്ത്യയിലേക്കുള്ള റഷ്യന്‍ ആയുധ കയറ്റുമതി കുറഞ്ഞപ്പോള്‍ ഇസ്രയേല്‍, യുഎസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആയുധ ഇറക്കുമതിയില്‍ വര്‍ധനയുണ്ടായി.

ഇറക്കുമതി കുറഞ്ഞെങ്കിലും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഇപ്പോഴും രണ്ടാം സ്ഥാനത്താണ്. ആഗോള ആയുധ ഇറക്കുമതിയില്‍ ഏകദേശം 9.5 ശതമാനമാണ് ഇന്ത്യയുടെ പങ്ക്. ഇന്ത്യക്കു പുറമെ പാക്കിസ്ഥാന്റെയും ആയുധ ഇറക്കുമതി കുത്തനെ കുറഞ്ഞിട്ടുണ്ട്. 39 ശതമാനമാണ് പാകിസ്ഥാന്റെ ആയുധ ഇറക്കുമതിയില്‍ കുറവുവന്നത്. ഇതിന് പ്രധാന കാരണം അമേരിക്ക പാക്കിസ്ഥാന് ആയുധങ്ങള്‍ വില്‍ക്കാന്‍ വിസമ്മതിക്കുന്നതാണ്.

യുഎസ്, ഫ്രാന്‍സ്, റഷ്യ, ജര്‍മ്മനി, ചൈന തുടങ്ങിയവയാണ് 2014-2018ല്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ കയറ്റുമതി ചെയ്ത രാജ്യങ്ങള്‍. സൗദി അറേബ്യ, ഇന്ത്യ, ഈജിപ്ത്, ഓസ്‌ട്രേലിയ, അല്‍ജീരിയ എന്നിവയാണ് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്ത രാജ്യങ്ങള്‍. 2003-2013, 2014-2018 കാലയളവില്‍ യുഎസില്‍ നിന്നുള്ള ആയുധ കയറ്റുമതി 29 ശതമാനം വര്‍ധിച്ചു. ആയുധ കയറ്റുമതിയില്‍ അമേരിക്കയുടെ ആഗോള വിഹിതം ഇക്കാലയളവില്‍ 30 ശതമാനത്തില്‍ നിന്നും 36 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം രാജ്യത്തുനിന്നും പാക്കിസ്ഥാനിലേക്കുള്ള ആയുധ കയറ്റുമതിയില്‍ 81 ശതമാനം ഇടിവുണ്ടായി.

Comments

comments

Categories: FK News
Tags: Indian arms