ഐഡിബിഐ ബാങ്ക് 1.4 ബില്യണ്‍ ഡോളറിന്റെ എന്‍പിഎ വില്‍ക്കും

ഐഡിബിഐ ബാങ്ക് 1.4 ബില്യണ്‍ ഡോളറിന്റെ എന്‍പിഎ വില്‍ക്കും

ജൂണ്‍ അവസാനത്തോടെ സമ്മര്‍ദിത ആസ്തികള്‍ വില്‍ക്കാനാണ് ബാങ്കിന്റെ നീക്കം

മുംബൈ: സമ്മര്‍ദിത ആസ്തികളുടെ വില്‍പ്പനയിലൂടെ കിട്ടാക്കടം പരിഹരിക്കാനൊരുങ്ങി ഐഡിബിഐ ബാങ്ക്. 1.4 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന സമ്മര്‍ദിത ആസ്തികള്‍ വില്‍പ്പനയ്ക്ക് വെക്കുന്നതിലൂടെ കിട്ടാക്കടം നിയന്ത്രിക്കാനാണ് ബാങ്കിന്റെ പദ്ധതി. വായ്പാ തിരിച്ചടവ് മുടക്കിയവരില്‍ നിന്നും വായ്പ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്.

നിഷ്‌ക്രിയ വായ്പകള്‍ വീണ്ടെടുക്കുന്നതിനുള്ള തയാറെടുപ്പുകള്‍ കമ്പനി പൂര്‍ത്തിയാക്കിയതായും ബാങ്കിന്റെ മറ്റൊരു ടീം സമ്മര്‍ദിത ആസ്തികളുടെ പ്രാരംഭ സൂചനകള്‍ കാണിക്കുന്ന വായ്പകള്‍ നിരീക്ഷിക്കുന്നതായും ഐഡിബിഐ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാകേഷ് ശര്‍മ പറഞ്ഞു. സാമ്പത്തിക ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗം കൂട്ടുന്നതിന് ജൂണ്‍ അവസാനത്തോടെ സമ്മര്‍ദിത ആസ്തികള്‍ വില്‍ക്കാനാണ് ബാങ്ക് നോക്കുന്നത്.

രാജ്യത്തെ ഏറ്റവും മോശം കിട്ടാക്കട അനുപാതമുള്ള ബാങ്കാണ് ഐഡിബിഐ. ആര്‍ബിഐയുടെ കര്‍ശന നടപടികളെ തുടര്‍ന്നാണ് തിരിച്ചടവ് മുടങ്ങിയ വായ്പകള്‍ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ബാങ്ക് ഊര്‍ജിതമാക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എല്‍ഐസി ബാങ്കിന്റെ നിയന്ത്രണ ഓഹരികള്‍ വാങ്ങിയതും നിഷ്‌ക്രിയാസ്തികള്‍ പരിഹരിക്കുന്നതിനുള്ള ബാങ്ക് ശ്രമങ്ങള്‍ക്ക് വേഗം കൂടാന്‍ കാരണമായിട്ടുണ്ട്. 210 ബില്യണ്‍ രൂപയിലധികമാണ് എല്‍ഐസി ഐഡിബിഐയില്‍ നിക്ഷേപിച്ചിട്ടുള്ളത്.

എന്‍എസ്ഇയിലെയും എന്‍എസ്ഡിഎല്ലിലെയും തങ്ങളുടെ ഓഹരികള്‍ വില്‍ക്കുന്നതിലൂടെ പത്ത് ബില്യണ്‍ രൂപ സമാഹരിക്കാനും ബാങ്കിന് പദ്ധതിയുണ്ട്. കിട്ടാക്കട അനുപാതം ചുരുങ്ങുകയും ലാഭം വര്‍ധിക്കുകയും ചെയ്യുന്നതോടെ സെപ്റ്റംബര്‍ മാസത്തോടെ കേന്ദ്ര ബാങ്കിന്റെ തിരുത്തല്‍ നടപടികളില്‍ നിന്ന് പുറത്തുകടക്കാന്‍ ഐഡിബിഐ ബാങ്കിന് കഴിയും. തിരുത്തല്‍ നടപടികളുടെ ഭാഗമായി വായ്പ നല്‍കുന്നതിനും ബിസിനസ് വിപുലീകരിക്കുന്നതിനും ആര്‍ബിഐ ഐഡിബിഐ ബാങ്കിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഡിസംബര്‍ 31ലെ കണക്ക് പ്രകാരം ബാങ്കിന്റെ എന്‍പിഎ അനുപാതം 30 ശതമാനമാണ്.

Comments

comments

Categories: FK News
Tags: IDBI Bank