വിപണി ആഗ്രഹിക്കുന്നത് സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍

വിപണി ആഗ്രഹിക്കുന്നത് സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഇലക്ഷന്‍ ചൂടിലേക്കെത്തി രാഷ്ട്രീയ പാര്‍ട്ടികള്‍. വിപണിയും ഉറ്റുനോക്കുന്നുണ്ട് തെരഞ്ഞെടുപ്പിനെ, സ്ഥിരതയാര്‍ന്ന സര്‍ക്കാരാണ് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്തേകുക

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയെന്ന് അഭിമാനപൂര്‍വം വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ തെരഞ്ഞെടുപ്പിന് ഏപ്രില്‍ 11ന് തുടക്കമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ ഇലക്ഷന്‍ ചൂടിലേക്ക് എത്തിയിരിക്കുകയാണ് രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം തന്നെ. മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമൂഴത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കാത്ത തെരഞ്ഞെടുപ്പില്‍ ഏകദേശം 900 ദശലക്ഷം പേരാണ് വോട്ട് രേഖപ്പെടുത്തുക. ലോക്‌സഭയിലുള്ള ആകെ 545 സീറ്റുകളില്‍ 543 എണ്ണത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള പോളിംഗ് സ്‌റ്റേഷനുകള്‍ 10,35,918. മേയ് 23നാണ് വോട്ടെണ്ണല്‍.

2014ല്‍ ചരിത്രം തിരുത്തിയ തെരഞ്ഞെടുപ്പ് വിജയത്തിലൂടെയാണ് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറിയത്. 2019ല്‍ മോദിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കാര്യമായ മുന്നേറ്റം നടക്കുന്നുണ്ടെങ്കിലും മുന്‍തൂക്കം പ്രധാനമന്ത്രിക്കാണെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

നയപരമായ നിശ്ചലതാവസ്ഥ നേരിട്ട കാലത്ത് സാമ്പത്തിക രക്ഷകനെന്ന വിശേഷണങ്ങളുടെ അകമ്പടിയോടെയാണ് മോദി ഇന്ത്യയുടെ സാരഥ്യം ഏറ്റെടുത്തത്. ഘടനാപരമായ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് അദ്ദേഹം ധൈര്യം കാണിച്ചുവെന്നത് അഞ്ച് വര്‍ഷത്തെ ഭരണകാലയളവ് വിലയിരുത്തുമ്പോള്‍ സുപ്രധാനമാണ്. സമ്പദ് വ്യവസ്ഥയുടെ ഔപചാരികവല്‍ക്കരണ പ്രക്രിയ വേഗത്തിലാക്കുന്നതിന് മോദിയുടെ പല നയങ്ങളും കാരണമായിട്ടുണ്ടെന്നത് സമ്മതിക്കേണ്ടി വരും. എങ്കിലും വിവിധ മേഖലകളില്‍ പ്രതീക്ഷിച്ചത്ര കുതിപ്പുണ്ടാക്കാന്‍ സാധിച്ചില്ലെന്നതും ഓര്‍ക്കേണ്ടതുണ്ട്. പ്രത്യേകിച്ച് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യയെ ഉല്‍പ്പാദന ഹബ്ബാക്കി മാറ്റുകയെന്ന വലിയ ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കുന്നതില്‍ കൃത്യതയാര്‍ന്ന നേട്ടമുണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.

അതേസമയം മഹാസഖ്യവുമായി മോദിയെ വെല്ലുവിളിക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിക്കും ചൂടുപിടിച്ച ചില പ്രചരണങ്ങള്‍ക്കപ്പുറം കോണ്‍ഗ്രസിന്റെ തലവര മാറ്റുന്ന ചലനമുണ്ടാക്കാന്‍ ഇതുവരെ ആയിട്ടില്ല. ബിജെപിക്ക് പകരം രാജ്യം ഭരിക്കാന്‍ കോണ്‍ഗ്രസിന് ശക്തിയുണ്ടെന്നത് തെളിയിക്കാന്‍ അദ്ദേഹത്തിനായോ എന്നത് സംശയകരമാണ്. എന്തായാലും വിപണി ആഗ്രഹിക്കുന്നത് സ്ഥിരതയാര്‍ന്ന സര്‍ക്കാരാണ്. കൂട്ടുകക്ഷി ഭരണത്തിന്റെ സമ്മര്‍ദ്ദത്തില്‍ രാജ്യത്തിന്റെ വികസനത്തിന് മന്ദത അനുഭവപ്പെടാനാണ് സാധ്യത കൂടുതല്‍. യുപിഎ ആയാലും എന്‍ഡിഎ ആയാലും വ്യക്തമായ ഭൂരിപക്ഷത്തോടെ സ്ഥിരതയാര്‍ന്ന ഭരണം കാഴ്ച്ചവെക്കാന്‍ സാധിക്കുന്നതിലാണ് കാര്യം.

പാക്കിസ്ഥാന്‍ കേന്ദ്രമാക്കിയ ഭീകരസംഘങ്ങള്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളും സാമ്പത്തിക രംഗത്തെ ഉടച്ചുവാര്‍ക്കാന്‍ കൈക്കൊണ്ട പരിഷ്‌കരണ നടപടികളുമെല്ലാമാണ് തെരഞ്ഞെടുപ്പില്‍ മോദിക്ക് ഗുണകരമാകാന്‍ സാധ്യതയുള്ളത്. അതേസമയം തൊഴിലില്ലാത്ത വളര്‍ച്ചയുടെ ആരോപണങ്ങളും റഫേല്‍ കരാര്‍ സംബന്ധിച്ച വിഷയങ്ങളും മോദി വിരുദ്ധ വികാരങ്ങളും ഉയര്‍ത്തിയാകും പ്രതിപക്ഷപാര്‍ട്ടികളുടെ അങ്കം. ആരുടെ പ്രചരണങ്ങളാണ് ജനം മുഖവിലയ്‌ക്കെടുക്കുകയെന്നത് മേയ് 23ന് അറിയാം.

Categories: Editorial, Slider