ഗ്രാമീണരെ സ്‌നേഹിക്കുന്നവര്‍ക്ക് സംവരണം

ഗ്രാമീണരെ സ്‌നേഹിക്കുന്നവര്‍ക്ക് സംവരണം

ആദിവാസി- ഗ്രാമീണമേഖലകളില്‍ ജോലി ചെയ്യാമെന്ന് ഉറപ്പു നല്‍കുന്നവര്‍ക്ക് എംബിബിഎസിന് 10 ശതമാനവും എംഡിക്ക് 20 ശതമാനവും സംവരണം നല്‍കും

ആദിവാസി- ഗ്രാമീണമേഖലകളിലെ ഡോക്റ്റര്‍മാരുടെ കുറവ് പരിഹരിക്കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഈ മേഖലകളില്‍ ജോലി ചെയ്യാമെന്ന് ഉറപ്പു നല്‍കുന്നവര്‍ക്ക് എംബിബിബിഎസ് സീറ്റുകളില്‍ 10% വരെ സീറ്റും എംഡി കോഴ്‌സുകളില്‍ 20% വരെ സീറ്റും നല്‍കണമെന്ന് നിര്‍ദേശിക്കുന്ന കരടുനിയമം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. എംബിബിഎസ് പൂര്‍ത്തീകരിച്ചാല്‍ ഏഴ് വര്‍ഷവും എംഡി കഴിഞ്ഞാല്‍ അഞ്ചു വര്‍ഷവുമാണ് ഗ്രാമീണ- ആദിവാസി മേഖലകളില്‍ ജോലി ചെയ്യേണ്ടത്.

നിയമസഭയുടെ മണ്‍സൂണ്‍ സെഷനില്‍ സര്‍ക്കാര്‍ നിയമം അവതരിപ്പിക്കും. നിലവിലുള്ള മെഡിക്കല്‍ കോളെജുകളിലെ സീറ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും സംവരണം നല്‍കുക. സംസ്ഥാനത്ത് 22 മെഡിക്കല്‍ കോളെജുകളിലായി 3,310 എംബിബിഎസ് കോഴ്‌സുകളും 2,792 എംഡി കോഴ്‌സുകളുമാണുള്ളത്. നിര്‍ദിഷ്ട സംവരണ സീറ്റുകളില്‍ പ്രവേശനം നേടുന്നവര്‍ കോഴ്‌സ് പൂര്‍ത്തിയായാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, വിദൂരഗ്രാമപ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന ഗവണ്‍മെന്റിന്റെ പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ സേവനമനുഷ്ഠിച്ചോളാമെന്ന് വ്യക്തമാക്കി കൊണ്ടുള്ള ബോണ്ടില്‍ ഒപ്പിടണം.

പദ്ധതിക്കു കീഴില്‍ എംബിബിഎസ് പൂര്‍ത്തീകരിക്കുന്നവര്‍ ഉടന്‍ തന്നെ ഒരു നിശ്ചിതസമയത്തേക്ക് ഈ മേഖലകളില്‍ സേവനം അനുഷ്ഠിക്കേണ്ടതാണ്. എംബിബിഎസ് പൂര്‍ത്തിയാക്കുന്ന ഒരു വിദ്യാര്‍ഥിക്ക് ഇതേ മാനദണ്ഡപ്രകാരം എംഡി കോഴ്‌സിനും തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയുണ്ടായിരിക്കും. എന്നാല്‍ ഈ വിദ്യാര്‍ത്ഥി 12 വര്‍ഷം ഗ്രാമീണസേവനം അനുഷ്ഠിക്കണം. എംഡി പഠനത്തിന്റെ ഭാഗമായ മൂന്നു വര്‍ഷത്തെ ഹൗസ് സജന്‍സി കാലയളവ് ഉള്‍പ്പെടെയാണിത്.

പദ്ധതിപ്രകാരം എംബിബിഎസ് കോഴ്‌സുകളില്‍ പ്രവേശനം നേടുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന മുഴുവന്‍ ചെലവും പിഴയുമൊടുക്കാതെ ഇടയ്ക്ക് പഠനം ഉപേക്ഷിച്ചു പോകാന്‍ കഴിയില്ല. മാത്രമല്ല, ഈപദ്ധതി പ്രയോജനപ്പെടുത്തുന്ന വിദ്യാര്‍ത്ഥികള്‍ സേവന കാലാവധി പൂര്‍ത്തിയാകുന്നതുവരെ പരിശീലനത്തിനായി സേവനം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍, അവര്‍ സംസ്ഥാനത്തിന് വലിയ പിഴ കൊടുക്കേണ്ടി വരും. പിഴയൊടുക്കുന്നതില്‍ പരാജയപ്പെടുന്നവര്‍ക്ക് ആറു മാസത്തേക്ക് തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കരട് ബില്‍ പറയുന്നു.

നിലവില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ നിന്ന് കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ചിറങ്ങുന്നവര്‍ ഗ്രാമങ്ങളിലോ നഗരപ്രദേശങ്ങളിലോ ഒരു വര്‍ഷം നിര്‍ബന്ധസേവനമനുഷ്ഠിക്കണമെന്ന് വ്യവസ്ഥയുണ്ട്. വ്യവസ്ഥയില്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന എംബിബിഎസ് ബിരുദധാരികള്‍ 10 ലക്ഷം രൂപയും എംഡി വിദ്യാര്‍ത്ഥികള്‍ 50 ലക്ഷം രൂപയും പിഴയൊടുക്കണം. ആദിവാസി-വിദൂര ഗ്രാമീണ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്റ്റര്‍മാര്‍ക്ക് പ്രത്യേക അലവന്‍സും ആനുകൂല്യങ്ങളും ലഭിക്കും. ഡോക്റ്റര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. യോഗ്യതയുള്ള ഡോക്റ്റര്‍മാരുടെ ദുരിതം നേരിടാന്‍ ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളില്‍ അവരെ നിയമിക്കാനും പ്രത്യേക പരിശീലനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഈ പരിശ്രമങ്ങള്‍ക്ക് പുറമെയാണ് നിര്‍ദ്ദിഷ്ട സംവരണ പദ്ധതി ആവിഷ്‌കരിക്കുന്നത്.

ഗ്രാമീണ ആശുപത്രികളില്‍ സര്‍ക്കാര്‍ ഡോക്റ്റര്‍മാരുടെ സേവനം ഈ പദ്ധതി ഉറപ്പാക്കുന്നുവെന്നാണ് മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. അജിത് പഥക് പറയുന്നത്. മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടാന്‍ ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഒരു സുവര്‍ണാവസരമാണ്. അവര്‍ക്ക് ഈ പദ്ധതി ആവേശം പകരും, കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗ്രാമീണ മേഖലകളിലേക്ക് പോകാന്‍ ഇഷ്ടപ്പെടാത്ത നഗരങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഒരു വലിയ വിഭാഗത്തെ പോലെയാകില്ല ഇവര്‍. ഈ പദ്ധതിക്ക് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം പ്രത്യശ പ്രകടിപ്പിക്കുന്നു.

ആദിവാസി പ്രദേശങ്ങളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സംവരണം ലഭിക്കുമെങ്കില്‍ ഞങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം ലഭിക്കുമെന്നു ഗോത്രവര്‍ഗ മേഖലയായ ഗഡ്ചിരോലിയിലെ സിവില്‍ സര്‍ജന്‍ ഡോ. അനില്‍ റുധെ പറയുന്നു. എങ്കിലും ബോണ്ട് ലംഘിക്കുന്നവര്‍ക്കെതിരേയുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

Comments

comments

Categories: FK News