ചൈനയിലെ ഡിജിറ്റല്‍ റെഫ്യൂജികള്‍

ചൈനയിലെ ഡിജിറ്റല്‍ റെഫ്യൂജികള്‍

ലോകജനസംഖ്യയില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന രാജ്യമാണു ചൈന. മറ്റേതൊരു രാജ്യത്തേക്കാളുമധികം പേര്‍ മൊബൈല്‍ പേയ്‌മെന്റ്‌സ് നടത്തുന്നതും ചൈനയിലാണ്. എന്നാല്‍ ചൈനയില്‍ ഒരു വലിയ വിഭാഗം ആളുകള്‍ ഇപ്പോഴും ഇന്റര്‍നെറ്റുമായി ബന്ധമില്ലാത്തവരാണ് അഥവാ ഡിജിറ്റല്‍ നിരക്ഷരര്‍. അവര്‍ക്കു ഡിജിറ്റല്‍ സാക്ഷരത നല്‍കാനുള്ള ശ്രമമാണ് ഇപ്പോള്‍ ചൈനയില്‍ നടക്കുന്നത്.

വലുപ്പത്തിന്റെയും നൂതനാത്മകതയുടെയും കലര്‍പ്പില്ലാത്ത ഊര്‍ജ്ജത്തിന്റെയും കഥയാണു ചൈനയുടെ ഡിജിറ്റല്‍ വിപണിക്കുള്ളത്. ഒരു ഇന്റര്‍നെറ്റ് ഭീമന്റെ കഥയാണത്. പക്ഷേ, അത് രണ്ട് പകുതികളുടെ (അര്‍ദ്ധഭാഗം) കൂടി കഥയാണ്. 135 കോടി ജനസംഖ്യയുള്ള ചൈനയില്‍ പകുതി പേര്‍ ഇ-കൊമേഴ്‌സ്, സോഷ്യല്‍ മീഡിയ & മെസേജിംഗ് എന്നിവയിലൂടെ നേട്ടം കൊയ്യുന്നവരാണ്. എന്നാല്‍ ബാക്കി പകുതി ഇനിയും ഓണ്‍ലൈനിലെത്തി ചേരാത്തവരുമാണ്. യൂറോപ്പിലും യുഎസിലും ജനസംഖ്യയുടെ 90 ശതമാനം പേരിലും ഇന്റര്‍നെറ്റ് എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കിലും ചൈനയിലേതു പോലെ മൊബൈല്‍ പേയ്‌മെന്റ്‌സ് രംഗത്ത് വളര്‍ച്ച കൈവരിച്ചിട്ടില്ല. ഈയൊരു കണക്കു വച്ചു നോക്കുമ്പോള്‍ ചൈനയ്ക്കു മുന്‍പില്‍ ഇനി വലിയൊരു വളര്‍ച്ചാ സാധ്യതയാണു തുറന്നുകിടക്കുന്നത്. ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട ഡിവൈസുകള്‍, ഇന്‍ഫ്രാസ്‌ട്രെക്ച്ചറുകള്‍, സര്‍വീസുകള്‍ ഉള്‍പ്പെടെ നിരവധി മേഖലകളില്‍ വളരാനുള്ള സാഹചര്യമുണ്ട്. ചൈനയില്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ കണ്‍സ്യൂമേഴ്‌സ് തമ്മില്‍ വലിയ അന്തരമുണ്ടെങ്കിലും അവിടെ ഡിജിറ്റല്‍ സാക്ഷരത വളരെ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. മറ്റേതൊരു വിപണിയിലുള്ളതിനേക്കാളുമധികം ഉപഭോക്താക്കള്‍ ഇന്ന് ചൈനയില്‍ ഇന്റര്‍നെറ്റുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇതു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്കു വലിയ അവസരമാണ് സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. ചൈനയിലെ ജനസംഖ്യയുടെ പകുതിയും ഓണ്‍ലൈനുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ ബാക്കി പകുതി ഓഫ്‌ലൈനാണ്. ഇവര്‍ പക്ഷേ, അടുത്ത അഞ്ച് -പത്ത് വര്‍ഷത്തിനുള്ളില്‍ ഓണ്‍ലൈനിലേക്ക് പ്രവേശിക്കുമെന്നാണു പഠനങ്ങള്‍ പറയുന്നത്.

മൊബൈല്‍ ഫോണ്‍ പേയ്‌മെന്റ്‌സില്‍ മുന്‍പില്‍

ചൈനയില്‍ ജനസംഖ്യയുടെ ഭൂരിഭാഗവും അവിടെ വേഗത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന സാങ്കേതികതലത്തിലുള്ള മാറ്റത്തെ ആശ്ലേഷിക്കുകയാണ്. മൊബൈല്‍ ഫോണ്‍ പേയ്‌മെന്റ് ആപ്പിനു ചൈനയിലുടനീളം 890 ദശലക്ഷം യൂസര്‍മാരുണ്ട് ഇന്ന്. ചൈനയിലെ വിവിധ നഗരങ്ങളില്‍, നിരവധി പേര്‍ പണ രഹിത ഇടപാടാണു (ക്യാഷ്‌ലെസ് ട്രാന്‍സാക്ഷന്‍) നടത്തുന്നത്. ചൈനയിലെ പണ രഹിത ഇടപാടിന്റെ തോത്, വികസിത സമ്പദ് വ്യവസ്ഥകളെക്കാള്‍ വേഗത്തിലുമാണ്. മൊബൈല്‍ സ്‌ക്രീനില്‍ നടത്തുന്ന ലളിതമായ ഒരു മൃദു സ്പര്‍ശത്തിലൂടെ കോഫിയും, കാറും പര്‍ച്ചേസ് നടത്താന്‍ സാധിക്കുന്നു. പക്ഷേ, സാങ്കേതികപരമായി കൈവരിച്ച ഈ മുന്നേറ്റം ചൈനയിലെ മുതിര്‍ന്നവരെ പിന്നിലാക്കുകയും ചെയ്തിരിക്കുകയാണ്. മുതിര്‍ന്നവര്‍ നേരിടുന്ന ഇത്തരം സാഹചര്യം ഒഴിവാക്കാനായി ചൈനയുടെ വിവിധ ഭാഗങ്ങളില്‍ സന്നദ്ധ സംഘടനകള്‍ ‘സെല്‍ഫോണ്‍ ക്ലാസുകള്‍’ സംഘടിപ്പിച്ചിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ വഴി വിവിധ ബില്ലുകളുടെ പേയ്‌മെന്റ് എങ്ങനെ നടത്താമെന്നു പരിശീലിപ്പിച്ചു കൊടുക്കുന്നു.

ഡിജിറ്റല്‍ അഭയാര്‍ഥികള്‍

ഡിജിറ്റല്‍ ജീവിതത്തെ ചൈനയിലെ നഗരങ്ങള്‍ ആശ്ലേഷിക്കുമ്പോള്‍, വര്‍ഷങ്ങള്‍ക്കു മുന്‍പു ബാങ്കിലും, കടയിലുമൊക്കെ ക്യു നിന്ന പതിവിനു കൂടിയാണു മാറ്റം സംഭവിക്കുന്നത്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ പ്രചാരണം മുതിര്‍ന്നവരുടെ ജീവിതത്തില്‍ വലിയ സ്വാധീനമാണു ചെലുത്തുന്നത്. ചൈനയില്‍ മുതിര്‍ന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന സംഭവിക്കുന്ന കാലത്താണ് ഈ മാറ്റമെന്നതും ശ്രദ്ധേയമാണ്. 2030-ാടെ ചൈനയിലെ ജനസംഖ്യയുടെ നാലിലൊന്ന് 60 വയസിനു മുകളിലുള്ളവരായിരിക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ചൈനയില്‍ ഡിജിറ്റല്‍ സാക്ഷരത നേടാത്തവരില്‍ ഭൂരിഭാഗവും മുതിര്‍ന്നവരാണ്. ഇവരെ ചില ഘട്ടങ്ങളില്‍ ഡിജിറ്റല്‍ റെഫ്യൂജീസ് അഥവാ ഡിജിറ്റല്‍ അഭയാര്‍ഥികളെന്നും വിശേഷിപ്പിക്കുന്നുണ്ട്.

സില്‍വര്‍ ഇക്കണോമി

ഡിജിറ്റല്‍ സമൂഹത്തിലേക്കു കൂടുതല്‍ മുതിര്‍ന്ന പൗരന്മാരെ കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുകയാണെങ്കില്‍ ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് അത് സാമൂഹികമായ നേട്ടങ്ങള്‍ക്കൊപ്പം പ്രത്യക്ഷമായ ആനുകൂല്യങ്ങള്‍ കൂടി സമ്മാനിക്കുമെന്നു കണക്കാക്കപ്പെടുന്നുണ്ട്. മുതിര്‍ന്നവരില്‍ അസാധാരണമായ വിപണി സാധ്യതയാണ് കാണുന്നത്. ഈ സാധ്യതയെ ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് സില്‍വര്‍ ഇക്കണോമി (Silver economy) എന്നാണ്. മുതിര്‍ന്ന പ്രായക്കാരുടെ വാങ്ങല്‍ ശേഷിയെ (purchasing potential) ലക്ഷ്യമിട്ട് ചരക്കുകളും സേവനങ്ങളും ഉത്പാദിപ്പിക്കുകയും, വിതരണം ചെയ്യുകയും ചെയ്യുന്ന സംവിധാനമാണ് സില്‍വര്‍ ഇക്കണോമി. ചൈനയില്‍ 60 വയസിനു മുകളിലുള്ള, ഇന്റര്‍നെറ്റ് യൂസര്‍മാരുടെ എണ്ണം 2030-ാടെ ഇപ്പോഴുള്ളതില്‍നിന്നും മൂന്ന് മടങ്ങ് വര്‍ധിച്ച് 245 ദശലക്ഷത്തിലെത്തിച്ചേരും. 2050-ാടെ ഇത് 350 ദശലക്ഷത്തിലുമെത്തിച്ചേരുമെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. 2030-ല്‍ ജനസംഖ്യയിലെ ഭൂരിഭാഗം പേര്‍ക്കും ക്യാഷ്‌ലെസ് പേയ്‌മെന്റ്, ഓണ്‍ലൈന്‍ മെസേജിംഗ് പോലുള്ള ടെക്‌നോളജിയുമായി അടുത്ത് ഇടപഴകാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ചൈനയുടെ ഡിജിറ്റല്‍ ഇക്കണോമിയെ പരിപോഷിപ്പിക്കാന്‍ സഹായിക്കുമെന്നാണു കരുതുന്നത്. മുതിര്‍ന്നവര്‍ക്ക് ഏറ്റവും വേഗത്തില്‍ സാങ്കേതികവിദ്യ പഠിച്ചെടുക്കാന്‍ സാധിക്കുന്നത് അവരുടെ കുടുംബത്തില്‍ തന്നെയുള്ള ആരെങ്കിലുമൊരാള്‍ പരിശീലിപ്പിച്ചു കൊടുക്കുമ്പോഴാണെന്നാണു സമീപകാലത്തു ടെന്‍സെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും, ഷെന്‍സെന്‍ സര്‍വകലാശാലയും ചേര്‍ന്നു നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. പക്ഷേ, ഡിജിറ്റല്‍ സാക്ഷരതയില്ലാത്ത മുതിര്‍ന്നവരോട് ഇടപഴകാന്‍ പലപ്പോഴും കുടുംബത്തില്‍ തന്നെയുള്ള പുതു തലമുറ ഇഷ്ടപ്പെടുന്നില്ലെന്നതും ഒരു യാഥാര്‍ഥ്യമാണ്.

ടെക്‌നോളജിയില്‍ കുതിക്കുന്ന ചൈന

വെറും പത്ത് വര്‍ഷത്തിനുള്ളില്‍ ചൈനയുടെ ഇ-കൊമേഴ്‌സ് വിപണി ലോകത്തെ ഒന്നാം സ്ഥാനത്തേയ്‌ക്കെത്തി. ചൈനയിലെ മൊബൈല്‍ പേയ്‌മെന്റ്‌സ് 22 ബില്യന്‍ ഡോളറിലെത്തുകയും ചെയ്തു. ടെക്‌നോളജി ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലുണ്ടായ മുന്നേറ്റങ്ങള്‍ തൊഴിലില്ലായ്മയിലേക്കു നയിക്കുമെന്ന ആശങ്കയുമുണ്ട്. കാരണം ഇപ്പോള്‍ ഒരു തൊഴിലാളി ആര്‍ജ്ജിച്ച വൈദഗ്ധ്യമായിരിക്കില്ല ടെക്‌നോളജി മുന്നേറുമ്പോള്‍ ആവശ്യമായി വരുന്നത്. സാങ്കേതികമാറ്റത്തോടൊപ്പം വൈദഗ്ധ്യത്തിലും മാറ്റം കൈവരിച്ചാല്‍ മാത്രമായിരിക്കും ഒാരോ തൊഴിലാളിക്കും നിലനില്‍ക്കാനാവുക.

Categories: Top Stories