ചൈനയുടെ വാഹന വില്‍പ്പന തുടര്‍ച്ചയായ എട്ടാം മാസവും ഇടിഞ്ഞു

ചൈനയുടെ വാഹന വില്‍പ്പന തുടര്‍ച്ചയായ എട്ടാം മാസവും ഇടിഞ്ഞു

ഇലക്ട്രിക് കാറുകള്‍ പോലെ പുതിയ ഇന്ധന സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ വില്‍പ്പനയില്‍ പക്ഷേ വളര്‍ച്ച പ്രകടമാണ്

ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയില്‍ കഴിഞ്ഞ മാസം മൊത്തം വാഹന വില്‍പ്പനയില്‍ രേഖപ്പെടുത്തിയത് 13.8 ശതമാനത്തിന്റെ വാര്‍ഷിക ഇടിവ്. തുടര്‍ച്ചയായ എട്ടാം മാസമാണ് ചൈനയിലെ വാഹന വില്‍പ്പന ഇടിവ് രേഖപ്പെടുത്തുന്നത്. രാജ്യത്തെ വാഹന വില്‍പ്പന ഫെബ്രുവരിയില്‍ 1.48 മില്യണ്‍ യൂണിറ്റികളിലേക്ക് ഇടിഞ്ഞെന്ന് ചൈന അസോസിയേഷന്‍ ഓഫ് ഓട്ടോമൊബീല്‍ മാനുഫാക്‌ചേര്‍സ്(സിഎഎഎം) വ്യക്തമാക്കുന്നു. ജനുവരിയില്‍ മുന്‍ വര്‍ഷം സമാന മാസത്തെ അപേക്ഷിച്ച് 16 ശതമാനം ഇടിവാണ് വാഹന വില്‍പ്പനയില്‍ രേഖപ്പെടുത്തിയിരുന്നത്. ഡിസംബറില്‍ 13 ശതമാനവും വാര്‍ഷിക ഇടിവ് പ്രകടമായി.

ഇലക്ട്രിക് കാറുകള്‍ പോലെ പുതിയ ഇന്ധന സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ വില്‍പ്പനയില്‍ പക്ഷേ വളര്‍ച്ച പ്രകടമാണ്. മുന്‍ വര്‍ഷം ഫെബ്രുവരിയെ അപേക്ഷിച്ച് 53.6 ശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ മാസം ഈ മേഖലയിലെ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. ‘കഴിഞ്ഞ വര്‍ഷം വാഹന വില്‍പ്പനയില്‍ പ്രകടമായ പ്രവണത ഈ വര്‍ഷവും തുടരുകയാണ്. സാമ്പത്തിക അന്തരീക്ഷം കൂടുതല്‍ ദുര്‍ബലമായിട്ടുണ്ട്. മൊത്തത്തിലുള്ള ഉപഭോഗാന്തരീക്ഷം മാന്ദ്യത്തിലാണ്,’ സിഎഎഎം ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഷി ജിയാന്‍ ഹ്വാ പറയുന്നു. അനുകൂലമായ സര്‍ക്കാര്‍ നടപടികള്‍ക്കായി ഉപഭോക്താക്കള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസുമായുള്ള വ്യാപാര യുദ്ധവും ആഭ്യന്തര ആവശ്യകതയില്‍ പ്രകടമാകുന്ന ഇടിവുമാണ് ചൈനീസ് സമ്പദ് വ്യവസ്ഥയെ തളര്‍ത്തുന്നത്. നിലവില്‍ 30 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ചൈനയുടെ വളര്‍ച്ച. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി അടിസ്ഥാന സൗകര്യ ചെലവിടലുകള്‍ വര്‍ധിപ്പിക്കുന്നതും നികുതിയിളവുകളും അധികൃതര്‍ പദ്ധതിയിടുന്നുണ്ട്.
ചില വാഹനങ്ങളുടെ ഗ്രാമീണ് മേഖലയിലെ വില്‍പ്പനയക്ക് ചൈനീസ് ഭരണകൂടം ഇപ്പോള്‍ തന്നെ സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി രാജ്യത്തിന്റെ വാഹന വില്‍പ്പന 2018ല്‍ വാര്‍ഷിക ഇടിവ് രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത് പ്രഖ്യാപിച്ചത്.

Comments

comments

Categories: FK News