സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം 607 ടണ്ണിലേക്ക് ഉയര്‍ന്നു

സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം 607 ടണ്ണിലേക്ക് ഉയര്‍ന്നു

ലോകത്തെ പത്താമത്തെ വലിയ കരുതല്‍ സ്വര്‍ണ ശേഖരത്തിന് ഇന്ത്യ വൈകാതെ ഉടമകളാകും

ന്യൂഡെല്‍ഹി: ജനുവരിയില്‍ കരുതല്‍ ശേഖരണത്തിലേക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കൂട്ടിച്ചേര്‍ത്തത് 6.5 ടണ്‍ സ്വര്‍ണം. ഇതോടെ ആര്‍ബിഐയുടെ സ്വര്‍ണ കരുതല്‍ ശേഖരം 607 ടണ്ണായി ഉയര്‍ന്നു. ആഗോളതലത്തില്‍ നെതര്‍ലന്‍ഡ്‌സിനെ കടത്തിവെട്ടി പത്താമത്തെ വലിയ സ്വര്‍ണ സൂക്ഷിപ്പുകാരാവാന്‍ കുതിക്കുകയാണ് ഇന്ത്യ. 612.5 ടണ്‍ കരുതല്‍ ശേഖരമാണ് നെതര്‍ലന്‍ഡ്‌സിന്റെ പക്കലുള്ളത്. പതിനൊന്നാം സ്ഥാനത്തുള്ള ഇന്ത്യയെക്കാള്‍ 5.5 ടണ്‍ കരുതല്‍ സ്വര്‍ണം മാത്രമാണ് അവര്‍ക്കുള്ളത്. 2019 ജനുവരിയിലെ കണക്കനുസരിച്ച് ലോകത്തെ സ്വര്‍ണ കരുതല്‍ ശേഖരത്തിന്റെ 6.2 ശതമാനമാണ് ഇന്ത്യയുടെ പക്കലുള്ളതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡോളര്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ ഭൂരിഭാഗം രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും സ്വര്‍ണത്തിന്റെ കരുതല്‍ നിക്ഷേപം ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. കറന്‍സികളേക്കാള്‍ സുരക്ഷിതമായ നിക്ഷേപം സ്വര്‍ണമാണെന്ന വിലയിരുത്തലാണ് പൊതുവെ ഉള്ളത്. ആഗോള കരുതല്‍ സ്വര്‍ണ ശേഖരം ജനുവരിയില്‍ 35 ടണ്‍ വര്‍ധിച്ചു. 48 ടണ്‍ സ്വര്‍ണം വാങ്ങുകയും 13 ടണ്‍ സ്വര്‍ണം വില്‍ക്കുകയുമാണ് കേന്ദ്ര ബാങ്കുകള്‍ ചെയ്തത്. 2018 ല്‍ കേന്ദ്ര ബാങ്കുകള്‍ എല്ലാം ചേര്‍ന്ന് 600 ടണ്‍ സ്വര്‍ണമാണ് വാങ്ങിയത്. കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളിലെ ഏറ്റവും ഉയര്‍ന്ന വാങ്ങലായിരുന്നു ഇതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സ്വര്‍ണത്തിന്റെ സൂക്ഷിപ്പുകാര്‍

യുഎസ് 8,133.5 ടണ്‍

ജര്‍മനി 3,369,7 ടണ്‍

ഐഎംഎഫ് 2,814 ടണ്‍

ഇറ്റലി 2,415.8 ടണ്‍

ഫ്രാന്‍സ് 2,436 ടണ്‍

റഷ്യ 2,119.2 ടണ്‍

ചൈന 1,864.3 ടണ്‍

സ്വിറ്റ്‌സര്‍ലന്‍ഡ് 1,040 ടണ്‍

ജപ്പാന്‍ 765.2 ടണ്‍

നെതര്‍ലന്‍ഡ്‌സ് 612.5 ടണ്‍

ഇന്ത്യ 607 ടണ്‍

Comments

comments

Categories: Business & Economy