353 ട്രില്യണ്‍ ദിര്‍ഹത്തിന്റെ എണ്ണയിതര വ്യാപാരം;ശരിയായ ദിശയില്‍ ദുബായ്

353 ട്രില്യണ്‍ ദിര്‍ഹത്തിന്റെ എണ്ണയിതര വ്യാപാരം;ശരിയായ ദിശയില്‍ ദുബായ്

ചൈന, ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് കഴിഞ്ഞ വര്‍ഷം ദുബായിയുമായി ഏറ്റവുമധികം വ്യാപാരത്തിലേര്‍പ്പെട്ടത്

ദുബായ്: ആഗോള വ്യാപാരമേഖലയ്ക്ക് കഴിഞ്ഞ വര്‍ഷം പൊതുവേ ഗുണകരമായിരുന്നില്ലെങ്കിലും എണ്ണവിപണിയില്‍ നിന്നും മറ്റ് വ്യാപാരമേഖലകളിലേക്ക് ചുവടുമാറ്റാനുള്ള ദുബായുടെ ശ്രമം 2018ല്‍ ഏറെക്കുറെ വിജയം കണ്ടു. കഴിഞ്ഞ വര്‍ഷം 1.3 ട്രില്യണ്‍ ദിര്‍ഹത്തിന്റെ (353 ബില്യണ്‍ ഡോളര്‍) എണ്ണയിതര വ്യാപാരമാണ് ദുബായില്‍ നടന്നത്.

ദുബായ് കസ്റ്റംസില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ പ്രകാരം സ്വതന്ത്ര മേഖലകള്‍ വഴിയുള്ള വ്യാപാരത്തില്‍ കഴിഞ്ഞ വര്‍ഷം 23 ശതമാനത്തിന്റെ(532 ബില്യണ്‍ ദിര്‍ഹം, 144 ബില്യണ്‍ ഡോളര്‍) വര്‍ധനവ് ഉണ്ടായി. അതേസമയം 757 ബില്യണ്‍ ദിര്‍ഹത്തിന്റെ(206 ബില്യണ്‍ ഡോളര്‍) പ്രത്യക്ഷ വ്യാപാരവും കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്നു.

12 ശതമാനത്തിന്റെ വളര്‍ച്ചയുമായി രാജ്യത്തിന്റെ പുനഃ കയറ്റുമതി 402 ബില്യണ്‍ ദിര്‍ഹത്തിലെത്തി. ഏകദേശം 770 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇറക്കുമതിയാണ് കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്നത്. അതേസമയം 127 ബില്യണ്‍ ദിര്‍ഹത്തിന്റെ കയറ്റുമതിയും നടന്നു.

എണ്ണയിതര വിദേശ വ്യാപാര രംഗത്ത് ദുബായ് കൈവരിച്ച ഈ പുരോഗതി സമ്പദ്ഘടനയെ പുനര്‍ വിന്യസിക്കുന്നതിനായി രൂപം നല്‍കിയ 50 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ശരിയായ ദിശയിലാണെന്ന സൂചനയാണ് നല്‍കുന്നതെന്ന് ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. സില്‍ക്ക് റോഡ് പദ്ധതി ദുബായുടെ അടിസ്ഥാന സൗകര്യ മേഖലയ്ക്ക് ദശാബ്ദങ്ങളുടെ നിക്ഷേപങ്ങളാണ് നല്‍കുകയെന്നും ഷേഖ് ഹംദാന്‍ കൂട്ടിച്ചേര്‍ത്തു.ദുബായില്‍ ബാങ്ക് എക്കൗണ്ടുകള്‍ തുറക്കാനും ഇലക്ട്രോണിക് താമസ അനുമതികള്‍ നേടുന്നതിനും നിക്ഷേപകര്‍ക്ക് അനുവാദം നല്‍കുന്ന തരത്തിലുള്ള ഒരു വാണിജ്യമേഖലയ്ക്ക് രൂപം നല്‍കാനും പദ്ധതിയുണ്ടെന്ന് ഷേഖ് ഹംദാന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ദുബായിയുമായി ഏറ്റവുമധികം വ്യാപാരത്തിലേര്‍പ്പെട്ട രാജ്യം ചൈനയാണ്. ഏകദേശം 139 ബില്യണ്‍ ദിര്‍ഹത്തിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ചൈനയ്ക്ക് ശേഷം ഇന്ത്യയുമായാണ് ദുബായ് ഏറ്റവും കൂടുതല്‍ വ്യാപാര ഇടപാടുകള്‍ നടത്തിയത്. ഏകദേശം 116 ബില്യണ്‍ ദിര്‍ഹത്തിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും 2018ല്‍ നടത്തിയത്. 81 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടുകളുമായി അമേരിക്കയാണ് മൂന്നാംസ്ഥാനത്ത്.

ആഗോള സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുന്ന തരത്തില്‍ ദുബായുടെ എണ്ണയിതര വിദേശ വ്യാപാരം ഊര്‍ജ്ജസ്വലമാണെന്ന് ഡിപി വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും തുറമുഖ, കസ്റ്റംസ്, സ്വതന്ത്ര മേഖല കോര്‍പ്പറേഷന്‍ സിഇഒയും ചെയര്‍മാനുമായ സുല്‍ത്താന്‍ ബിന്‍ സുലൈം പറഞ്ഞു. കഴിഞ്ഞ ദശാബ്ദത്തിനിടിയ്ക്ക് ആഗോള വ്യാപാരമേഖല നിരവധി വെല്ലുവിളികള്‍ നേരിട്ടപ്പോഴും ദുബായുടെ വ്യാപാരരംഗം 2009-2018 കാലഘട്ടത്തില്‍ 72 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia
Tags: Dubai trade