ടാറ്റ ഹാരിയര്‍ ഈ വര്‍ഷത്തെ ഐപിഎല്‍ ഔദ്യോഗിക പങ്കാളി

ടാറ്റ ഹാരിയര്‍ ഈ വര്‍ഷത്തെ ഐപിഎല്‍ ഔദ്യോഗിക പങ്കാളി

ടൂര്‍ണ്ണമെന്റില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് കുറിക്കുന്ന ബാറ്റ്‌സ്മാന് ടാറ്റ ഹാരിയര്‍ സമ്മാനിക്കും

ന്യൂഡെല്‍ഹി : ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ഔദ്യോഗിക പങ്കാളിയായി ടാറ്റ ഹാരിയര്‍ എസ്‌യുവി രംഗത്ത്. ബിസിസിഐയുമായി തുടര്‍ച്ചയായ രണ്ടാ വര്‍ഷവും ടാറ്റ മോട്ടോഴ്‌സ് ചങ്ങാത്തം പ്രഖ്യാപിച്ചു. ഔദ്യോഗിക പങ്കാളിയെന്ന നിലയില്‍, ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ സ്‌റ്റേഡിയത്തിനകത്ത് ടാറ്റ ഹാരിയര്‍ പ്രദര്‍ശിപ്പിക്കും. ഈ മാസം 23 നാണ് ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ ആരംഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ടാറ്റ നെക്‌സോണ്‍ സബ്‌കോംപാക്റ്റ് എസ്‌യുവി ആയിരുന്നു ഔദ്യോഗിക പങ്കാളി. കൂടാതെ കഴിഞ്ഞ സീസണില്‍, അര്‍ബുദ ബോധവല്‍ക്കരണത്തിനായി എട്ട് ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ ഓട്ടോഗ്രാഫ് ചെയ്ത പ്രത്യേക നെക്‌സോണ്‍ ലേലം ചെയ്തിരുന്നു.

ഐപിഎല്ലുമായി സഹകരിക്കുന്നതോടെ, ടാറ്റ ഹാരിയറിന് കൂടുതല്‍ ശ്രദ്ധ ലഭിക്കുമെന്നും അതുവഴി വില്‍പ്പന വര്‍ധിക്കുമെന്നും ടാറ്റ മോട്ടോഴ്‌സ് കണക്കുകൂട്ടുന്നു. സ്‌റ്റേഡിയങ്ങളില്‍ കൂടാതെ, ടെലിവിഷനുകളിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിന് വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്തതായി ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനിസ് യൂണിറ്റ് പ്രസിഡന്റ് മയാങ്ക് പരീക് പറഞ്ഞു.

ഔദ്യോഗിക പങ്കാളിയായതോടെ, ഈ വര്‍ഷത്തെ ഐപിഎല്‍ സീസണില്‍ ഹാരിയര്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തും. ഓരോ മല്‍സരത്തിലെയും മികച്ച സ്‌ട്രൈക്കര്‍ക്ക് ട്രോഫിയും ഒരു ലക്ഷം രൂപയും സമ്മാനിക്കും. കൂടാതെ, ടൂര്‍ണ്ണമെന്റില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് കുറിക്കുന്ന ബാറ്റ്‌സ്മാന് ടാറ്റ ഹാരിയര്‍ എസ്‌യുവി ലഭിക്കും. മല്‍സരങ്ങളില്‍ ഒറ്റക്കയ്യില്‍ ക്യാച്ച് എടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വേറെയും സമ്മാനിക്കും.

Comments

comments

Categories: Auto
Tags: Tata Harrier