മൂല്യം 8 ലക്ഷം കോടി കടത്തി റിലയന്‍സ്

മൂല്യം 8 ലക്ഷം കോടി കടത്തി റിലയന്‍സ്

കഴിഞ്ഞയാഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 25,291 കോടി രൂപ വര്‍ധിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയന്ന സ്ഥാനം നിലനിര്‍ത്തി മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) കുതിക്കുന്നു. കഴിഞ്ഞ ആഴ്ച ആര്‍ഐഎല്ലിന്റെ വിപണി മൂല്യം 25,291.28 കോടി രൂപ വര്‍ധിച്ച് 8,02,855.44 കോടി രൂപയിലേക്ക് ഉയര്‍ന്നു. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌യുഎല്‍, ഐടിസി, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് മൂല്യമേറിയ ഇന്ത്യന്‍ കമ്പനികളുടെ പട്ടികയില്‍ ആദ്യ 10 സ്ഥാനങ്ങളിലുള്ളത്. ഇതില്‍ എട്ടു കമ്പനികള്‍ സംയുക്തമായി കഴിഞ്ഞയാഴ്ച്ച 90,844.8 കോടി രൂപയുടെ മൂല്യ വര്‍ധനവാണ് നേടിയത്.

കഴിഞ്ഞയാഴ്ച മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 607.62 പോയിന്റ് വര്‍ധിച്ച് 36,671.43 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി സേവനദാതാക്കളായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) വിപണി മൂല്യം 11,501.06 കോടി വര്‍ധിച്ച് 7,58,844.76 കോടി രൂപയിലേക്കും എച്ച്ഡിഎഫ്‌സി ബാങ്കിന്റേത് 12,085.45 കോടി വര്‍ധിച്ച് 5,79,121,61 കോടി രൂപയിലേക്കും എത്തിയിട്ടുണ്ട്. ഐടിസിയുടെ മൂല്യം 3,57,829.21 കോടിയിലേക്ക് ഉയര്‍ന്നു; 17,459.57 കോടിയുടെ നേട്ടം. എച്ച്ഡിഎഫ്‌സിയുടെ മൂല്യം 4,206.13 കോടി ഉയര്‍ന്ന് 3,24,086.86 കോടി രൂപയിലെത്തി.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ വിപണി മൂല്യം 2,51,004.70 കോടി രൂപയാണ്. വിപണി മൂല്യത്തില്‍ 7,407.43 രൂപയുടെ വര്‍ധന ബാങ്ക് കൈവരിച്ചു. ഐസിഐസിഐയുടെ മൂല്യം 2,38,508.24 കോടിയിലേക്കും കൊട്ടക് മഹീന്ദ്ര ബാങ്കിന്റേത് 2,36,195.53 കോടി രൂപയിലേക്കും മുന്നേറി. യഥാക്രമം 10,737.8 കോടി, 2,156.08 കോടി രൂപ എന്നിങ്ങനെയാണ് വര്‍ധന. അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെയും (എച്ച്‌യുഎല്‍) പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെയും വിപണി മൂല്യം ഇടിഞ്ഞു. വെള്ളിയാഴ്ച്ച അവസാനിച്ച ആഴ്ച്ചയില്‍ എച്ച്‌യുഎല്ലിന്റെ മൂല്യം 7,345.07 കുറഞ്ഞ് 3,68,210.70 കോടി രൂപയിലും ഇന്‍ഫോസിസിന്റെ 12,494.4 കോടി കുറഞ്ഞ് 3,11,288.32 കോടി രൂപയിയിലുമെത്തി.

Comments

comments

Categories: Business & Economy, Slider
Tags: Reliance