രത്‌നഗിരി പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ഇന്ത്യ-സൗദി ധാരണ

രത്‌നഗിരി പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ഇന്ത്യ-സൗദി ധാരണ

പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും സൗദി പെട്രോളിയം മന്ത്രി ഖാലിദ് എ അല്‍-ഫലീഹും നടത്തിയ ചര്‍ച്ച വിജയം; ശിവസേനയുടെ എതിര്‍പ്പ് മറികടന്ന് നിര്‍മാണത്തിന് പച്ചക്കൊടി

ന്യൂഡെല്‍ഹി: രാഷ്ട്രീയ എതിര്‍പ്പിനെ തുടര്‍ന്ന് തടസപ്പെട്ടു കിടന്ന മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ എണ്ണ ശുദ്ധീകരണശാലാ പദ്ധതിയുടെ നിര്‍മാണം പുനരാരംഭിക്കാന്‍ ഇന്ത്യയും സൗദി അറേബ്യയും ധാരണയിലെത്തി. 44 ബില്യണ്‍ ഡോളര്‍ ചെലവില്‍ സ്ഥാപിക്കുന്ന വെസ്റ്റ് കോസ്റ്റ് റിഫൈനറി പദ്ധതിയുടെ നിര്‍മാണം ത്വരിതപ്പെടുത്താന്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും സൗദി പെട്രോളിയം മന്ത്രിയും സൗദി പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോയുടെ ചെയര്‍മാനുമായ ഖാലിദ് എ അല്‍-ഫലീഹും ഡെല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. മൂന്നാഴ്ചക്കിടെ രണ്ടാം തവണയാണ് സൗദി എണ്ണ മന്ത്രി ഇന്ത്യയിലെത്തുന്നത്. സൗദിയിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയ്ക്ക് സുപ്രധാന ഓഹരി പങ്കാളിത്തമുള്ള റിഫൈനറിയാണിത്. 2025 ല്‍ രത്‌നഗിരി റിഫൈനറി കോംപ്ലക്‌സ് പ്രവര്‍ത്തനക്ഷമമാക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.

കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദം മറികടന്നാണ് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ സ്ഥാപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് എണ്ണ ശുദ്ധീകരണശാലക്കെതിരെ എന്‍ഡിഎ സഖ്യകക്ഷിയും സംസ്ഥാന ഭരണത്തില്‍ പങ്കാളിയുമായ ശിവസേനയില്‍ നിന്നാണ് എതിര്‍പ്പുയര്‍ന്നത്. ഭൂമി സര്‍വേയ്ക്കും ഏറ്റെടുക്കലിനുമായി രത്‌നഗിരി ജില്ലയിലെ 17 ഗ്രാമങ്ങളിലെ കുടുംബങ്ങള്‍ക്ക് 42,000 നോട്ടീസുകള്‍ സംസ്ഥാന സര്‍ക്കാര്‍ അയച്ചതോടെ പ്രാദേശികമായി എതിര്‍പ്പുയര്‍ന്നു. പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിന് ശിവസേന മുന്നോട്ടുവെച്ച പ്രധാന വ്യവസ്ഥകളിലൊന്ന് പദ്ധതി റദ്ദാക്കണമെന്നതായിരുന്നു. പുതിയ സാഹചര്യത്തില്‍ സേനയുടെ പ്രതികരണത്തെ ആശ്രയിച്ചായിരിക്കും മഹാരാഷ്ട്രയിലെ എന്‍ഡിഎ സഖ്യത്തിന്റെ നിലനില്‍പ്പ്. പദ്ധതി നടപ്പിലാക്കാന്‍ രത്‌നഗിരി ജില്ലക്ക് പുറത്ത് വേറെ പ്രദേശം സര്‍ക്കാര്‍ പരിഗണിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

സൗദി അരാകോ, അബുദാബിയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക് എന്നിവയും ഇന്ത്യന്‍ പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവയും സംയുക്തമായി ചേര്‍ന്നാണ് റിഫൈനറി നിര്‍മിക്കുന്നത്. അരാംകോയ്ക്കും അഡ്‌നോക്കിനും കൂടി പുതിയ റിഫൈനറിയില്‍ 50 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. മഹാരാഷ്ട്രയില്‍ നടത്തുന്ന ഈ വന്‍കിട നിക്ഷേപത്തോടെ ഇന്ത്യന്‍ പെട്രോളിയം റീട്ടെയ്ല്‍ മേഖലയില്‍ ചുവടുറപ്പിക്കാനാണ് ഗള്‍ഫ് മേഖലയിലെ പ്രമുഖ കമ്പനികളുടെ ലക്ഷ്യം. ഇന്ത്യയുടെ തന്ത്രപരമായ പെട്രോളിയം കരുതല്‍ (എസ്പിആര്‍) പദ്ധതിയില്‍ സൗദി അറേബ്യയുടെ പങ്കാളിത്തം സംബന്ധിച്ചും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പെട്രോളിയം മേഖലയിലെ സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയാണിത്. ഇന്ത്യയുടെ രണ്ടാമത്തെ വലിയ അസംസ്‌കൃത എണ്ണ, ദ്രവീകൃത പ്രകൃതി വാതകം വിതരണക്കാരാണ് സൗദി അറേബ്യ.

Comments

comments

Categories: FK News, Slider