വരും തലമുറയ്ക്കായുള്ള ഒരൊറ്റയാള്‍ പോരാട്ടം

വരും തലമുറയ്ക്കായുള്ള ഒരൊറ്റയാള്‍ പോരാട്ടം

ആരും ചെയ്തിട്ടില്ലാത്ത ഏറ്റവും ശ്രമകരമായ പ്ലാസ്റ്റിക് ബോധവത്കരണ യജ്ഞത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ദീപക് വര്‍മ. എന്താണ് അദ്ദേഹം ചെയ്യുന്നത്?

പതിവുപോലെ ഒരു ബോധവത്കരണ ക്ലാസ്. ജോലിയുടെ ഭാഗമായി. അത്രയേ കരുതിയുള്ളൂ അന്ന് പുറപ്പെടുമ്പോള്‍. പക്ഷെ അവിടെ എത്തിയപ്പോള്‍ ആണ് അറിയുന്നത് സ്‌കൂള്‍ കുട്ടികള്‍ക്കാണ് ക്ലാസ് എടുക്കേണ്ടത് എന്ന്. കുട്ടികള്‍ക്കാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഒരു നവോന്മേഷം. അവരുടെ പല ചോദ്യങ്ങളും നമ്മള്‍ ഒരിക്കലും ആലോചിക്കാതെ തലങ്ങളില്‍ നിന്നായിരിക്കും. അങ്ങനെ, കഥയും പാട്ടും, ഇടക്കിടക്ക് ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ചും എല്ലാം സംസാരിച്ചു പോകുന്നതിനിടക്കാണ് ഒരു നാലാം ക്ലാസ്സ് പയ്യന്റെ ഇടിവെട്ട് ചോദ്യം. ‘ഇങ്ങനെ ക്ലാസ്സുകള്‍ മാത്രം എടുത്തു നടന്നാല്‍ റോഡില്‍ മാലിന്യം വലിച്ചെറിയുന്നത് മാറുമോ അങ്കിള്‍?’ അത് കേട്ടപ്പോള്‍ ഒരു മിനിറ്റ് സ്തംഭിച്ചു പോയി.

എങ്ങിനെയോ ക്ലാസ് കഴിഞ്ഞു വീടെത്തിയപ്പോള്‍ ഇത് മാത്രമായിരുന്നു എന്റെ മനസ്സില്‍. ആ കുഞ്ഞു പയ്യന്റെ മുഖം മനസ്സില്‍ നിന്ന് പോകുന്നില്ല. അനന്തു എന്ന പേരും… ദീപക് വര്‍മ്മ എന്ന ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ മാലിന്യത്തിനെതിരെ ഇത്രകാലം എന്തെല്ലാമോ ചെയ്തു എന്ന് അഹങ്കരിച്ചത് ഒന്നുമല്ലെന്ന തിരിച്ചറിവാണ് എല്ലാം മാറ്റി മറിച്ചത്. വെറുതെ വായ്‌കൊണ്ടു പറഞ്ഞാല്‍ പോരാ ചെയ്തു കാണിക്കണം എന്ന സന്ദേശം.

ഏതായാലും അന്ന് മുതല്‍ ഒന്ന് മാറ്റി പിടിക്കാം എന്ന് വിചാരിച്ചു കൊണ്ടാണ് ’10 to 10 twetnyfour hours’ ക്ലീന്‍ ഇന്ത്യ കാംപയിന് തുടക്കം കുറിക്കുന്നത്. ഏതെങ്കിലും ഒരു നഗരത്തില്‍ രാവിലെ പത്തു മണി മുതല്‍ അടുത്ത ദിവസം രാവിലെ പത്തു മണി വരെ നിര്‍ത്താതെ ഒറ്റക്ക് നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു വേര്‍തിരിച്ചു അവ കംപയിന്‍ ചെയ്യുന്ന സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് ശുചീകരണം ചെയ്യുന്ന വഴികളിലെ ജനങ്ങളെ ബോധവാന്മാര്‍ ആക്കുക.

ഇത് വരെ ലോകത്തൊരാളും ചെയ്തിട്ടില്ലാത്ത ഏറ്റവും ശ്രമകരമായ ബോധവത്കരണം.
ദീപക് വര്‍മ്മ യുടെ ആദ്യ പരിശ്രമം സ്വന്തം തട്ടകമായ പാലക്കാടിലെ ബിഒസി റോഡ് ആയിരുന്നു. അത് വലിയ ബുദ്ധിമുട്ടില്ലാതെ 24 മണിക്കൂര്‍ കൊണ്ട് ചെയ്തു തീര്‍ത്തപ്പോള്‍ ഇതൊരു ആവേശമായി. രണ്ടാമത്തെ കംപയിന്‍ പാലക്കാട് നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു കൊണ്ട്. 24 മണിക്കൂര്‍ വിചാരിച്ചത് കഴിയുമ്പോള്‍ 27 മണിക്കൂറോളം എടുത്ത യജ്ഞത്തില്‍ ഒന്നര ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ശേഖരിക്കാന്‍ കഴിഞ്ഞത്. ദീപക് വര്‍മയുടെ ഈ ഇരുപത്തിനാലു മണിക്കൂര്‍ യജ്ഞം ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്ക് സ്വീകരിച്ചു കഴിഞ്ഞു. പൊതു ജനങ്ങളില്‍ ഈ യജ്ഞം ഉണ്ടാക്കിയ ചലനങ്ങള്‍ കൂടുതല്‍ കാംപെയിനുകള്‍ ചെയ്യുവാന്‍ പ്രചോദനമായി. അങ്ങനെയാണ് കേരളത്തിലെ 14 ജില്ലകളിലും ഭാരതത്തിലെ 7 പ്രധാന നഗരങ്ങളിലും 24 മണിക്കൂര്‍ ഒറ്റയാള്‍ ശുചിത്വ ബോധവത്കരണം തുടരാന്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായി ശബരിമലയില്‍ പമ്പ മുതല്‍ സന്നിധാനം വരെ ജനുവരി ഒന്‍പതാം തിയതി തുടങ്ങി പത്താം തിയതി അവസാനിപ്പിച്ച യജ്ഞം നല്‍കിയ അനുഭൂതി തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് അദ്ദേഹം. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അയ്യപ്പ ഭക്തരെ ബോധവത്കരിച്ചു കൊണ്ട് അടുത്ത പ്രാവശ്യം വരുമ്പോള്‍ ഒരു തരത്തിലുള്ള പ്ലാസ്റ്റിക്കും കൊണ്ടുവരില്ലെന്നു പ്രതിജ്ഞ എടുപ്പിച്ചു കൊണ്ടും മുന്നേറിയ യജ്ഞം നല്‍കിയ ആത്മ നിര്‍വൃതി അനിര്‍വ്വചനീയമായിരുന്നു എന്നാണ് ദീപക് വര്‍മ്മ പറയുന്നത്.

മഹാമനസ്‌കരായ ചില സ്‌പോണ്‍സര്‍മാരെ കിട്ടിയതുകൊണ്ട് കഴിഞ്ഞ രണ്ടു തവണയും കാംപെയിനുവേണ്ടി സ്വന്തം കൈയില്‍ നിന്നും പൈസ ചിലവാക്കുന്നത് അല്പം കുറഞ്ഞെങ്കിലും, പതിനാലു ജില്ലകളിലും ഏഴു മഹാ നഗരങ്ങളിലും ചെയ്യുവാന്‍ ആരെങ്കിലും സ്‌പോണ്‍സര്‍ഷിപ് തന്നു സഹായിക്കും എന്ന പ്രതീക്ഷയിലാണ് ദീപക് വര്‍മ്മ.

അദ്ദേഹത്തിന് പറയാനുള്ളത് ‘നമ്മള്‍ പലചരക്ക് കടയിലേക്ക് പോകുമ്പോള്‍ ഉപ്പും, പഞ്ചസാരയും അരിയും എല്ലാം വേറെ വേറെ പൊതിഞ്ഞു വാങ്ങുന്നതിനു ശ്രദ്ധിക്കുന്ന പോലെ ജൈവ മാലിന്യങ്ങളും ഖര മാലിന്യങ്ങളും വേര്‍തിരിച്ചുവെക്കുകയെങ്കിലും ഓരോ വീട്ടുകാരും ചെയ്യണം എന്നാണ്. ഒരു ഗവണ്മെന്റ് വിചാരിച്ചാല്‍ മാത്രം നടപ്പാക്കാന്‍ പറ്റാവുന്ന കാര്യമല്ല പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനവും പൊതുശുചിത്വവും. അത് ഓരോ പൗരന്റെയും കടമയാണ്.

ഓരോ ശുചിത്വ യജ്ഞത്തിലും, ബോധവത്കരണ ക്ലാസ്സുകളിലും വിദ്യാര്‍ത്ഥി സമൂഹവും യുവതയും കാണിക്കുന്ന ആവേശം അദ്ദേഹത്തിന് വളരെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.
ഓരോ 24 മണിക്കൂര്‍ യജ്ഞവും ഭാരിച്ച ചെലവ് വരുത്തിവെക്കുന്നുണ്ടെങ്കിലും ചില സുമനസ്‌കരായ സ്‌പോണ്‍സര്‍മാര്‍ കുറച്ചൊക്കെ സഹായിക്കുന്നു എന്നതാണ് വലിയ ആശ്വാസം. അദ്ദേഹം അടുത്ത യജ്ഞം കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പദ്ധതി ഇടുന്നത്. ദീപക് വര്‍മയുടെ ഈ മഹാ യജ്ഞത്തില്‍ പങ്കാളികള്‍ ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് +91 9633773880 എന്ന നമ്പറില്‍ അദ്ദേഹത്തെ ബന്ധപ്പെടാം.

(തയാറാക്കിയത് കല്യാണ്‍ജി )

Comments

comments

Categories: FK News