ഇന്ത്യയിലെ ഡാറ്റാ ഉപയോഗം 73% സംയോജിത വാര്‍ഷിക വളര്‍ച്ചാനിരക്കില്‍ എത്തും

ഇന്ത്യയിലെ ഡാറ്റാ ഉപയോഗം 73% സംയോജിത വാര്‍ഷിക വളര്‍ച്ചാനിരക്കില്‍ എത്തും

തടസങ്ങള്‍ ഇല്ലാത്ത കണക്റ്റിവിറ്റിയും സ്ഥിരത പുലര്‍ത്തുന്ന ഡാറ്റാ വേഗവും ആണ് ഈ മേഖലയില്‍ ശ്രദ്ധ പുലര്‍ത്തേണ്ട പ്രധാന കാര്യങ്ങള്‍

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ ഡാറ്റാ ഉപയോഗം 2022ഓടെ 72.6 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാനിരക്ക് പ്രകടമാക്കി 10,96,58,793 മില്യണ്‍ എംബി യിലേക്ക് എത്തുമെന്ന് പഠനറിപ്പോര്‍ട്ട്. 2017ല്‍ ഇത് 71,67,103 മില്യണ്‍ എംബിയാണ്. വളരേ കുറഞ്ഞ താരിഫ് നിരക്കുകളും സ്മാര്‍ട്ട് ഫോണുകളുടെ എണ്ണം വര്‍ധിക്കുന്നതും ഡാറ്റാ ഉപയോഗത്തിന്റെ അളവ് വര്‍ധിക്കുന്നതിനെ കൂടുതല്‍ വേഗത്തില്‍ ആക്കുമെന്ന് വ്യക്തമാക്കുന്നതാണ് അസോചവും പിഡബ്ല്യുസിയും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്.

2017 ലെ കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യയില്‍ 40 ശതമാനത്തിലധികം പേരിലേക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിയിട്ടുണ്ട്. ഭാവിയില്‍ ഈ ഡാറ്റാ ഉപയോഗ വളര്‍ച്ചയുടെ പ്രധാന ഗുണഭോക്താക്കളാകുക വീഡിയോ ഓണ്‍ ഡിമാന്‍ഡ് സേവനങ്ങളാണ്. 2013 വരെ ഇന്ത്യയിലെ മൊബീല്‍ ഉപഭോക്താക്കള്‍ വോയിസ് സേവനങ്ങള്‍ക്കായാണ് കൂടുതല്‍ തുക ചെലവിട്ടിരുന്നത്. എന്നാല്‍ നിലവില്‍ മൊബീല്‍ ഉപഭോക്താക്കളുടെ ചെലവിടലിന്റെ ഭൂരിഭാഗവും ഡാറ്റയിലാണ്.

2013ല്‍ വോയ്‌സ് സേവനങ്ങള്‍ക്കായി ഒരു ഉപയോക്താവ് പ്രതിമാസം ശരാശരി 214 രൂപയാണ് ചെലവിട്ടത്. 173 രൂപയായിരുന്നു അന്നത്തെ ഡാറ്റക്കായുള്ള ചെലവിടല്‍. 2016ല്‍ വോയ്‌സിനായുള്ള ചെലവിടല്‍ 124 രൂപയിലേക്കും ഡാറ്റക്കായുള്ള ചെലവിടല്‍ 225 രൂപയിലേക്കും എത്തി. ഡാറ്റാ ട്രാഫിക്കിന്റെ 65-75% വീഡിയോ സ്ട്രീമിങ് വിഭാഗത്തിലാണെന്നാണ് നോക്കിയ മൊബീല്‍ ബ്രോഡ്ബാന്‍ഡ് ഇന്‍ഡക്‌സ് 2018 വ്യക്തമാക്കുന്നത്.
ഇന്റര്‍നെറ്റ് വ്യാപനവും ഇന്ത്യയില്‍ അതിവേഗത്തില്‍ വര്‍ധിക്കുകയാണ്. 2022 ആകുമ്പോഴേക്കും മൊബീല്‍ ഇന്റര്‍നെറ്റ് വ്യാപനം 56.7 ശതമാനത്തിലേക്ക് എത്തും. 2017ല്‍ ഇത് 30.2 ശതമാനം മാത്രമാണ്. തടസങ്ങള്‍ ഇല്ലാത്ത കണക്റ്റിവിറ്റിയും സ്ഥിരത പുലര്‍ത്തുന്ന ഡാറ്റാ വേഗവും ആണ് ഈ മേഖലയില്‍ ശ്രദ്ധ പുലര്‍ത്തേണ്ട പ്രധാന കാര്യങ്ങളെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ‘വീഡിയോ ഓണ്‍ ഡിമാന്‍ഡ്- വിനോദ മേഖലയുടെ പുനഃവിചിന്തനം’ എന്നപേരിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.

ഇന്ത്യന്‍ ജനസംഖ്യയില്‍ 70 ശതമാനത്തോളം ഗ്രാമീണമേഖലകളിലാണ് ഉള്ളത്. വന്‍തോതിലുള്ള ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഏത് മേഖലയ്ക്കും ഗ്രാമീണ മേഖലയിലെ വിപണി സാധ്യതകളെ അവഗണിക്കാനാവില്ല. കണക്റ്റിവിറ്റിയിലും ഡാറ്റാവേഗത്തിലുമുള്ള അസ്ഥിരതയാണ് ഗ്രാമീണ മേഖലയില്‍ പ്രകടമാകുന്ന പ്രധാന വെല്ലുവിളികള്‍. കുറഞ്ഞ ഇന്റര്‍നെറ്റ് വേഗതയിലും പ്രവര്‍ത്തിക്കുന്നു എന്നതാണ് യൂട്യൂബ് പോലുള്ള ആപ്ലിക്കേഷനുകള്‍ ഗ്രാമീണ മേഖലയില്‍ കൂടുതല്‍ പ്രചാരം നേടാന്‍ കാരണമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

വിഡിയോ ഉള്‍പ്പടെയുള്ള ഉള്ളടക്ക നിര്‍മ്മാതാക്കളേക്കാള്‍ ഡാറ്റാ ഉപയോഗ വളര്‍ച്ചയുടെ പ്രയോജനം നിലവില്‍ കരസ്ഥമാക്കിയിരിക്കുന്നത് സോഷ്യല്‍മീഡിയയും ടെക്‌നോളജി പ്ലാറ്റ്‌ഫോമുകളുമാണ്. സേവനങ്ങള്‍ കൂടുതല്‍ വ്യക്തിഗതമായി ക്രമീകരിക്കുന്നതിനും ഈ മേഖലയില്‍ പ്രാ
ധാന്യമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഓരോ ഉപയോക്താവിനും സവിശേഷമായ അനുഭവം സമ്മാനിക്കുന്നതിലും സേവനങ്ങളില്‍ കൂടുതല്‍ മൂല്യം കൂട്ടിച്ചേര്‍ക്കുന്നതിലും പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നവീനമായ ആശയങ്ങള്‍ നടപ്പാക്കുന്ന ഒടിടി (ഓവര്‍ ദ ടോപ്) പ്ലാറ്റ്‌ഫോമുകള്‍ക്കാണ് ഭാവിയിലെ വളര്‍ച്ചാ സാധ്യതയെന്നും പഠനം വിലയിരുത്തുന്നു.

2022ഓടെ ഇന്ത്യയിലെ കണക്റ്റഡ് ഡിവൈസുകളുടെ എണ്ണം 2.2 ബില്യണിലെത്തുമെന്നാണ് നേരത്തേ സിസ്‌കോയുടെ വിഷ്വല്‍ നെറ്റ്‌വര്‍ക്കിംഗ് സൂചിക വ്യക്തമാക്കിയിരുന്നത്. നിലവില്‍ ഇത് 1.6 ബില്യണാണ്. 38 ശതമാനം വിഹിതത്തോടെ സ്മാര്‍ട്ട്‌ഫോണുകളാണ് ഇതില്‍ പ്രധാന പങ്കുവഹിക്കുക. ഇന്ത്യയിലെ പ്രതിശീര്‍ഷ ഡാറ്റാ ഉപഭോഗം 2022ഓടെ 14 ജിഗാബൈറ്റില്‍ എത്തുമെന്നാണ് ഈ റിപ്പോര്‍ട്ട് വിലയിരുത്തിയത്.

Comments

comments

Categories: FK News
Tags: Data usage