പറക്കും കാറുകള്‍ക്ക് ഇതാ ഗുഡ്ഇയറിന്റെ ടയര്‍ കണ്‍സെപ്റ്റ്

പറക്കും കാറുകള്‍ക്ക് ഇതാ ഗുഡ്ഇയറിന്റെ ടയര്‍ കണ്‍സെപ്റ്റ്

ഫാന്‍ ലീഫ് പോലുള്ള സ്‌പോക്കുകളാണ് ‘എയ്‌റോ’ ടയര്‍ കണ്‍സെപ്റ്റില്‍ നല്‍കിയിരിക്കുന്നത്

ജനീവ : പറക്കും കാറുകള്‍ക്ക് ഇനി ഗുഡ്ഇയര്‍ അഥവാ നല്ല കാലമാണെന്ന് തോന്നുന്നു. ആകാശഗമനം നടത്തുന്ന കാറുകള്‍ക്കായി പുതിയ ടയര്‍ കണ്‍സെപ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുഡ്ഇയര്‍. നിരത്തുകളിലും ആകാശത്തും പ്രവര്‍ത്തിക്കുന്ന ടയറാണ് യുഎസ് ടയര്‍ കമ്പനി വിഭാവനം ചെയ്തിരിക്കുന്നത്. ‘എയ്‌റോ’ ടയര്‍ കണ്‍സെപ്റ്റ് ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു.

ആകാശത്തെത്തിയാല്‍ ടയറുകള്‍ തിരശ്ചീനമായി മാറുകയും ടയറുകളിലെ ബ്ലേഡ് പോലുള്ള സ്‌പോക്കുകള്‍ കറങ്ങുകയും ചെയ്യും. പറക്കും കാറിനെ ആകാശത്ത് ഉയര്‍ത്തിനിര്‍ത്തി മുന്നോട്ട് കുതിക്കുന്നതിന് ടില്‍റ്റ്‌റോട്ടോര്‍ ആയി ഗുഡ്ഇയറിന്റെ ‘എയ്‌റോ’ ടയര്‍ പ്രവര്‍ത്തിക്കും. ആകാശത്ത് എത്തിയാല്‍ പ്രൊപ്പെല്ലറായി പ്രവര്‍ത്തിക്കുകയാണ് ഗുഡ്ഇയറിന്റെ എയ്‌റോ ടയറുകള്‍ ചെയ്യുന്നത്.

സാധാരണ ടയറുകള്‍ പോലെ വൃത്താകൃതിയിലുള്ളതാണ് ഗുഡ്ഇയര്‍ എയ്‌റോ കണ്‍സെപ്റ്റ്. എന്നാല്‍ ടയറിനകത്ത് വായു ഉണ്ടായിരിക്കില്ല. ഗുഡ്ഇയര്‍ എയ്‌റോ ഉപയോഗിക്കുന്ന കാറിന്റെ ചക്രങ്ങള്‍ സാധാരണ ചക്രങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹം കൊണ്ടല്ല തീര്‍ത്തിരിക്കുന്നത്. മറിച്ച്, ഫാന്‍ ലീഫ് പോലുള്ള സ്‌പോക്കുകളാണ് നല്‍കിയിരിക്കുന്നത്.

നിരത്തുകളിലെ ഡ്രൈവിംഗ് സമയത്ത് ഓരോ ബ്ലേഡും ഷോക്ക് അബ്‌സോര്‍ബറായി പ്രവര്‍ത്തിക്കുമെന്ന് ‘എയ്‌റോ’ ടയര്‍ വികസിപ്പിക്കുന്നതില്‍ പങ്കാളിയായ എന്‍ജിനീയര്‍ ഡാനിയല്‍ ഹിന്‍ക് പറഞ്ഞു. നിലത്തുനിന്ന് ഉയര്‍ന്നാല്‍ ലംബമായി ഘടിപ്പിച്ച ടയറുകള്‍ തിരശ്ചീനമായി മാറുകയും പറക്കുമ്പോള്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സൃഷ്ടിക്കുന്ന റോട്ടോറുകളായി പ്രവര്‍ത്തിക്കുകയും ചെയ്യും.

ലക്‌സംബര്‍ഗിലെ ഗുഡ്ഇയര്‍ പ്ലാന്റിലാണ് എയ്‌റോ ടയര്‍ കണ്‍സെപ്റ്റ് രൂപകല്‍പ്പന ചെയ്തത്. ഇപ്പോള്‍ ഇതൊരു കണ്‍സെപ്റ്റ് മാത്രമാണ്. ഇത്തരം ടയര്‍ ആശയങ്ങളുമായി ഗുഡ്ഇയര്‍ ഇതാദ്യമായല്ല രംഗത്തെത്തുന്നത്. ഇതിനുമുമ്പ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ടയര്‍ കണ്‍സെപ്റ്റ് കമ്പനി വികസിപ്പിച്ചിരുന്നു. ഏത് ദിശയിലേക്കും നീങ്ങാന്‍ കഴിയുന്ന പന്ത് പോലുള്ള ഗുഡ്ഇയര്‍ ടയര്‍ കണ്‍സെപ്റ്റും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

Comments

comments

Categories: Auto