മരുഭൂമിയില്‍ സുഖവാസം; ഗ്ലാമ്പിംഗിന്റെ ടൂറിസം സാധ്യതകളുമായി ദുബായ്

മരുഭൂമിയില്‍ സുഖവാസം; ഗ്ലാമ്പിംഗിന്റെ ടൂറിസം സാധ്യതകളുമായി ദുബായ്

സാഹസികതയോടൊപ്പം സുഖസൗകര്യങ്ങളും സ്വകാര്യതയും – അതാണ് മരുഭൂമിയിലെ ഗ്ലാമ്പിംഗ് സഞ്ചാരികള്‍ക്കേകുന്നത്

ദുബായ്: ‘ഗ്ലാമറെസ് ക്യാംപിംഗ്, അതാണ് ഗ്ലാമ്പിംഗ്’. ചിര പുരാതന മരുഭൂമി വാസത്തിലേക്ക് ദുബായുടെ സുപ്രസിദ്ധ ആര്‍ഭാട ജീവിതത്തെ പറിച്ചുനടാനൊരുങ്ങുകയാണ് അവിടുത്തെ ടൂറിസം മേഖല. എണ്ണവിപണി പ്രതിസന്ധി നേരിടുന്ന ഒരു യുഗത്തില്‍ ടൂറിസത്തിന്റെ എല്ലാ സാധ്യതകളും മിനുക്കിയെടുക്കുകയാണ് ദുബായ്.

മണല്‍പ്പരപ്പ് വിരിച്ച മരുഭൂമികളിലും മൃദുവായ പര്‍വ്വത പാര്‍ശ്വങ്ങളിലും കടല്‍ത്തീരങ്ങളിലും കൂടണയാനുള്ള ആഢംബര സൗധങ്ങളൊരുക്കി ലോക സഞ്ചാരികളുടെ ഇഷ്ടം പിടിച്ചുപറ്റിയ ഗ്ലാമ്പിംഗ് രംഗത്ത് തങ്ങളുടേതായ ഇടം നേടാന്‍ ശ്രമിക്കുകയാണ് ദുബായ്.

മരുഭൂമി ചുറ്റുപാടുകളുമായി ഇണങ്ങി ജീവിച്ച അറേബ്യന്‍ ഗോത്രവര്‍ഗ്ഗക്കാര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ദുബായിലുണ്ട്. പരമ്പരകളായി അവര്‍ തുടര്‍ന്ന് പോന്ന മരുഭൂമി വാസം ആധുനികതയുടെയും സുഖലോലുപതയുടെയും രൂപഭംഗിയുടെയും മേമ്പൊടിയോടെ പുനരവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് പുതുതലമുറ. നിരവധി എമിറാറ്റികള്‍ക്ക് ഇന്നും ക്യാംപിംഗിനോട് വലിയ ഇഷ്ടമാണ്. വേനല്‍ച്ചൂട് ശമിച്ച് തുടങ്ങുമ്പോള്‍ മരുഭൂമി വാസത്തിന് വേണ്ട ഒരുക്കങ്ങളുമായി മണലാരണ്യങ്ങളിലേക്ക് ചെക്കേറുന്ന ഒരു വിഭാഗം എപ്പോഴും യുഎഇയിലുണ്ട്. ഇവരെക്കൂടാതെ നഗരത്തിന്റെ തിരക്കില്‍ നിന്നും മടുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ മരുഭൂമി തേടിയിറങ്ങുന്ന സഞ്ചാരികളും പ്രവാസികളും ഇന്ന് ഏറെയാണ്.

2018ല്‍ 15.9 മില്യണ്‍ സഞ്ചാരികളാണ് യുഎഇയിലെത്തിയത്. അവരില്‍ അധികം പേരും വമ്പന്‍ മാളുകളിലും ആഡംബര ഹോട്ടലുകളിലും ബീച്ചുകളിലുമാണ് സമയം ചെലവഴിച്ചത്. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ പ്രതിവര്‍ഷം 20 മില്യണ്‍ സഞ്ചാരികളെ പ്രതീക്ഷിക്കുന്ന ദുബായ് അവരുടെ ഇഷ്ടം പിടിച്ചുപറ്റുന്നതിനുള്ള കൂടുതല്‍ സംവിധാനങ്ങള്‍ ടൂറിസം മേഖലയില്‍ ആരംഭിക്കാനിരിക്കുകയാണ്. ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പടിഞ്ഞാറന്‍ ഹട്ട മരുഭൂമിയിലെ ക്യാംപിംഗ് പദ്ധതി അതിലൊന്നാണ്. മലകള്‍ നിറഞ്ഞ പടിഞ്ഞാറന്‍ ഹട്ട മരുഭൂമി സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് തെരഞ്ഞെടുക്കാന്‍ പറ്റിയ ഇടമാണ്. ഹട്ട ഡാമിന് അടുത്തുള്ള ഈ മരുഭൂമി മേഖലയില്‍ ട്രെയിലര്‍, കാരവാന്‍ സൗകര്യങ്ങള്‍ക്ക് പുറമേ ടിവി, പവര്‍പോയിന്റ് അടക്കം പഞ്ച നക്ഷത്ര ക്യാംപിംഗ് സംവിധാനങ്ങളോട് കൂടിയ ലോഡ്ജ് സൗകര്യങ്ങളും ഇന്ന് ലഭ്യമാണ്. സാഹസിക സഞ്ചാരികള്‍ക്ക് പൊതുവേ സുഖസൗകര്യങ്ങള്‍ അന്യമാണെങ്കിലും ഇവിടെ സൗഹസികതയും സുഖസൗകര്യവും മാത്രമല്ല സ്വകാര്യതയും ലഭിക്കുന്നുവെന്ന് ഹട്ടയിലെ ഗ്ലാമ്പിംഗ് മേഖലകളില്‍ താമസത്തിനെത്തിയ സഞ്ചാരികള്‍ പറയുന്നു. ബാത്ത്‌റൂം, കിടക്ക, അടക്കം ആധുനിക സൗകര്യങ്ങളോട് കൂടിയ 400 ദിര്‍ഹം മുതലുള്ള മുറികള്‍ ഇവിടെ ലഭ്യമാണ്.

ഹട്ടയിലെ ഈ ക്യാംപിംഗ് പരിപാടി ടൂറിസം മേഖലയെ വിപുലപ്പെടുത്താനുള്ള ദുബായുടെ പദ്ധതികളിലൊന്നാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിലത്തകര്‍ച്ചയും എണ്ണവിപണിയിലെ മാന്ദ്യവും യുഎഇയ്ക്ക് ഒന്നടങ്കം തിരിച്ചടിയായ ഘട്ടത്തില്‍ യോഗ ക്ലാസുകള്‍, നക്ഷത്ര നിരീക്ഷണം, കയാകിംഗ് എന്നിവയ്ക്കുള്ള സാധ്യതകളുമായി ഗ്ലാമ്പിംഗ് ഉയര്‍ന്നുവരികയാണ്. പക്ഷേ പ്രാരംഭ ദിശയിലുള്ള ഈ പുതിയ ടൂറിസം സാധ്യത ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്ന അഭിപ്രായവും സഞ്ചാരികള്‍ക്കുണ്ട്.

Comments

comments

Categories: Arabia