ഫെബ്രുവരിയില്‍ വിദേശ നിക്ഷേപകര്‍ വിപണിയിലേക്ക് ഒഴുക്കിയത് 2,700 കോടി

ഫെബ്രുവരിയില്‍ വിദേശ നിക്ഷേപകര്‍ വിപണിയിലേക്ക് ഒഴുക്കിയത് 2,700 കോടി
  • ഫെബ്രുവരിയില്‍ ഓഹരി വിപണിയിലെ വിദേശ നിക്ഷേപം 11,182 കോടിയായിരുന്നു
  • വിപണി പോസിറ്റീവാണെന്ന് വിലയിരുത്തല്‍
  • ഡെറ്റ് വിപണികളില്‍ നിന്ന് പിന്‍വലിച്ചത് 2,880 കോടി രൂപ

ന്യൂഡെല്‍ഹി: വിപണിയില്‍ നിക്ഷേപാനുകൂല അന്തരീക്ഷം തുടരുമെന്ന സൂചനകള്‍ നല്‍കുന്നതാണ് വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപത്തിന്റെ പുതിയ കണക്കുകള്‍. മാര്‍ച്ച് മാസത്തിലെ ആദ്യ അഞ്ച് വ്യാപാര സെഷനുകളില്‍ ഇന്ത്യന്‍ മൂലധന വിപണികളിലേക്ക് വിദേശ നിക്ഷേപകര്‍ ഒഴുക്കിയത് 2,741 കോടി രൂപയാണ്.

ആഭ്യന്തരവും ആഗോളവുമായ ഘടകങ്ങളാണ് വിപണിയിലെ പോസിറ്റീവ് മനോഭാവത്തിന് കാരണമെന്നും ഈ പ്രവണത കുറച്ചു കാലം തുടരാനാണ് സാധ്യതയെന്നും വിദഗ്ധര്‍ പറയുന്നു.

ഫെബ്രുവരിയില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 11,182 കോടി രൂപയുടെ നിക്ഷേപം മൂലധന വിപണികളില്‍ നടത്തി. മാര്‍ച്ച് ഒന്നു മുതല്‍ എട്ട് വരെയുള്ള കാലയളവില്‍ ഇക്വിറ്റികളില്‍ 5,621 കോടി രൂപയാണ് എഫ്പിഐകള്‍ നിക്ഷേപിച്ചത്. എന്നാല്‍ ഡെറ്റ് വിപണികളില്‍ നിന്ന് 2,880 കോടി രൂപ നിക്ഷേപകര്‍ പിന്‍വലിച്ചു. ഇതോടെയാണ് മൂലധന വിപണിയില്‍ 2,741 കോടി രൂപയുടെ അറ്റ നിക്ഷേപം ര്ഖപ്പെടുത്തിയത്.

മഹാശിവരാത്രി ആയതിനാല്‍ മാര്‍ച്ച് 4 ന് ഓഹരി വിപണികള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇക്വിറ്റിയിലെ നിക്ഷേപങ്ങള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നിക്ഷേപകരുടെ ആത്മവിശ്വാസമാണ് കാണിക്കുന്നത്. ഇതുകൂടാതെ, കോര്‍പ്പറേറ്റ് ബോണ്ടുകളിലെ എഫ്പിഐ നിക്ഷേപത്തിന്റെ പരിധി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉയര്‍ത്തി. മുമ്പ് കോര്‍പറേറ്റ് ബോണ്ടുകളില്‍ എഫ്പിഐകള്‍ക്ക് 20 ശതമാനം വരെ മാത്രമേ നിക്ഷേപിക്കാനാകുമായിരുന്നുള്ളു. രാഷ്ട്രീയ സാഹചര്യങ്ങള്‍ സ്ഥിരത കൈവരിച്ചാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തി തുടങ്ങും- ഗ്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഹര്‍ഷ് ജെയിന്‍ പറഞ്ഞു.

ആഗോളതലത്തിലും സാഹചര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡ് പലിശ നിരക്കുകളില്‍ കാര്യമായ മാറ്റം വരുത്താതിരിക്കാനാണ് ശ്രമിക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രബാങ്കിന്റെ നയങ്ങള്‍ ഇന്ത്യയിലെ മൂലധന വിപണിയില്‍ കൂടുതല്‍ നിക്ഷേപം എത്തിച്ചുവെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു. ഇന്ത്യയിലെ മൂലധന വിപണികളിലേക്ക് കൂടുതല്‍ പണമൊഴുക്കിന് ആഗോള സാഹചര്യങ്ങള്‍ വഴിവെക്കാനാണ് സാധ്യതയെന്ന് വേണം കരുതാന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി സര്‍ക്കാരോ യുപിഎ സര്‍ക്കാരോ വ്യക്തമായ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ ഭരണം തുടങ്ങിയാല്‍ വിപണി കൂടുതല്‍ ചലനാത്മകമാകുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Business & Economy