കോരിത്തരിപ്പിക്കാന്‍ ഫെറാറി എഫ്8 ട്രിബ്യൂട്ടോ

കോരിത്തരിപ്പിക്കാന്‍ ഫെറാറി എഫ്8 ട്രിബ്യൂട്ടോ

ഫെറാറിയുടെ വി8 എന്‍ജിന്‍ കരുത്തേകുന്ന അവസാന സൂപ്പര്‍കാര്‍. ഇതേതുടര്‍ന്നുള്ള ഫെറാറിയുടെ ആദ്യ ഹൈബ്രിഡ് മോഡല്‍ പുതിയ വി6 പവര്‍ട്രെയ്ന്‍ ഉപയോഗിക്കും

ജനീവ : ഫെറാറിയുടെ ഏറ്റവും പുതിയ മിഡ് എന്‍ജിന്‍ സൂപ്പര്‍കാറായ എഫ്8 ട്രിബ്യൂട്ടോ 89 ാമത് ജനീവ മോട്ടോര്‍ ഷോയില്‍ ആഗോള അരങ്ങേറ്റം നടത്തി. ഏറ്റവും വേഗമേറിയ, ഏറ്റവും ത്രസിപ്പിക്കുന്ന എക്കാലത്തെയും സൂപ്പര്‍കാറുകളിലൊന്നാണ് എഫ്8 ട്രിബ്യൂട്ടോ എന്ന് ഫെറാറി അവകാശപ്പെടുന്നു. ഫെറാറി 488 ജിടിബി മോഡലിന് പകരക്കാരനെന്ന നിലയിലാണ് എഫ്8 ട്രിബ്യൂട്ടോ വരുന്നത്. ഫെറാറി 488 പിസ്റ്റയുടെ അതേ കരുത്താണ് എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ജനീവയിലെ വേദിയില്‍ ആഗോള അരങ്ങേറ്റം നടത്തിയ ഫെറാറി എഫ്8 ട്രിബ്യൂട്ടോ തീര്‍ച്ചയായും ഇന്ത്യയിലെത്തും.

ഫെറാറിയുടെ വി8 എന്‍ജിന്‍ കരുത്തേകുന്ന അവസാന സൂപ്പര്‍കാറായിരിക്കും എഫ്8 ട്രിബ്യൂട്ടോ. ഇതേതുടര്‍ന്ന് ആദ്യ ഹൈബ്രിഡ് മോഡല്‍ ഫെറാറി വിപണിയിലെത്തിക്കും. ഫെറാറിയുടെ അടുത്ത മിഡ് എന്‍ജിന്‍ ഹൈബ്രിഡ് സൂപ്പര്‍കാര്‍ പുതിയ വി6 പവര്‍ട്രെയ്‌നായിരിക്കും ഉപയോഗിക്കുന്നത്. അങ്ങനെയെങ്കില്‍ എഫ്8 ട്രിബ്യൂട്ടോ ഉപയോഗിക്കുന്ന ടര്‍ബോ വി8 എന്‍ജിന്‍ ഇനി ഓര്‍മ്മ മാത്രമാകും. ഫെറാറിയുടെ ആദ്യ ഹൈബ്രിഡ് മോഡല്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ അനാവരണം ചെയ്യും. വി6 എന്‍ജിന്‍ നല്‍കുമ്പോഴും കാറിന്റെ വേഗത കുറയുമെന്ന ആശങ്ക വേണ്ടെന്ന് ഫെറാറി സാങ്കേതിക വിഭാഗം തലവന്‍ മൈക്കല്‍ ലീറ്റര്‍സ് പറഞ്ഞു.

എഫ്8 ട്രിബ്യൂട്ടോയില്‍ ഡ്രൈവറുടെ സീറ്റിന് പിന്നിലെ എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റില്‍ സ്ഥിതിചെയ്യുന്ന 3.9 ലിറ്റര്‍ വി8 എന്‍ജിന്‍ 710 ബിഎച്ച്പി കരുത്തും 770 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. വിപണി വിടുന്ന ഫെറാറി 488 ജിടിബിയേക്കാള്‍ 49 ബിഎച്ച്പി കൂടുതല്‍. 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗത കൈവരിക്കാന്‍ എഫ്8 ട്രിബ്യൂട്ടോ സൂപ്പര്‍കാറിന് 2.9 സെക്കന്‍ഡ് മതി. 488 ജിടിബി മോഡലിന് മൂന്ന് സെക്കന്‍ഡ് വേണം. മണിക്കൂറില്‍ 340 കിലോമീറ്ററാണ് എഫ്8 ട്രിബ്യൂട്ടോയുടെ പരമാവധി വേഗം. 2016, 2017, 2018 വര്‍ഷങ്ങളിലായി തുടര്‍ച്ചയായ മൂന്ന് വര്‍ഷം ഇന്റര്‍നാഷണല്‍ എന്‍ജിന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയ എന്‍ജിനാണ് 3.9 ലിറ്റര്‍ വി8. കൂടാതെ, രണ്ട് പതിറ്റാണ്ട് കാലത്തിനിടെ മികച്ച എന്‍ജിനുള്ള പുരസ്‌കാരം നിരവധി തവണ കരസ്ഥമാക്കിയിരുന്നു.

ഫെറാറി എഫ്8 ട്രിബ്യൂട്ടോ മോഡലിന്റെ എയ്‌റോഡൈനാമിക്‌സ് മുന്‍ഗാമിയേക്കാള്‍ പത്ത് ശതമാനം മെച്ചപ്പെടുത്തിയിരിക്കുന്നു. ഭാരം നാല്‍പ്പത് കിലോഗ്രാം കുറഞ്ഞു. ജിടിബിയേക്കാള്‍ രൂപകല്‍പ്പനയില്‍ അല്‍പ്പം മാറ്റങ്ങള്‍ കാണാം. എസ്-ഡക്റ്റ് മുന്‍ഭാഗം, ഫെറാറി 812 സൂപ്പര്‍ഫാസ്റ്റില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഹെഡ്‌ലാംപുകളും എയര്‍ ഇന്‍ടേക്കുകളും, രൂപമാറ്റം വരുത്തിയ പിന്‍വശം, പുതിയ എന്‍ജിന്‍ കവര്‍ എന്നിവയാണ് പരിഷ്‌കാരങ്ങള്‍. എസ്-ഡക്റ്റ് നല്‍കിയതോടെ ഡൗണ്‍ഫോഴ്‌സ് പതിനഞ്ച് ശതമാനത്തോളം മെച്ചപ്പെട്ടു. വീല്‍ ആര്‍ച്ചുകളിലൂടെ എയര്‍ കടന്നെത്തി ബ്രേക്ക് കൂളിംഗ് നടത്തുന്നതിന് അധിക വെന്റുകള്‍ സഹായിക്കും. എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റില്‍ എന്തെല്ലാമെന്ന് പുതിയ ലെക്‌സന്‍ റിയര്‍ സ്‌ക്രീന്‍ കാണിച്ചുതരുന്നു.

ഡ്രൈവര്‍ കേന്ദ്രീകൃത കോക്പിറ്റ് സാധാരണ ഫെറാറി കാറില്‍ കാണുന്നതു തന്നെയാണ്. എന്നാല്‍ കാബിനിലെ ഓരോ ഘടകവും പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നു. വൃത്താകൃതിയിലുള്ള എയര്‍ ഇന്‍ടേക്കുകള്‍ സഹിതം (ഫെറാറിയില്‍ ഇതാദ്യം) പുതു തലമുറ എച്ച്എംഐ (ഹ്യൂമന്‍ മെഷീന്‍ ഇന്റര്‍ഫേസ്), പുതിയ സ്റ്റിയറിംഗ് വീല്‍, 8.5 ഇഞ്ച് പാസഞ്ചര്‍ ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ എന്നിവയാണ് മറ്റ് കാബിന്‍ വിശേഷങ്ങള്‍.

Comments

comments

Categories: Auto