യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം വരുന്നു

യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം വരുന്നു

വര്‍ധിപ്പിച്ച സുരക്ഷാ നടപടികളുടെ ഭാഗമായി 2021 ജനുവരി മുതല്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന യുഎസ് പൗരന്മാര്‍ക്ക് ഓണ്‍ലൈന്‍ സ്‌ക്രീനിംഗിനു വിധേയമാകേണ്ടതായി വരുമെന്നാണു യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിരിക്കുന്നത്. ഇതിനു പുറമേ നിശ്ചിത തുകയും അടയ്‌ക്കേണ്ടതായി വരും.

2021 ജനുവരി മുതല്‍ യൂറോപ്യന്‍ യൂണിയനിലുള്ള (ഇയു) രാജ്യങ്ങളിലേക്കു സഞ്ചരിക്കാനും സന്ദര്‍ശിക്കാനും യുഎസ് പൗരന്മാര്‍ക്ക് ഇയുവിന്റെ അനുമതി വാങ്ങണം. ഇയു രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന യുഎസ് പൗരന്മാര്‍ ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ നടത്തുകയും, ചെറിയ തുക ഫീസായി നല്‍കുകയും വേണം. സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായിട്ടാണു പുതിയ തീരുമാനം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഇതു സംബന്ധിച്ച തീരുമാനം യൂറോപ്യന്‍ കൗണ്‍സില്‍ കൈക്കൊണ്ടത്. യൂറോപ്പിലെ 26 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പ്രദേശത്തെ ഷെന്‍ഗന്‍ പ്രദേശമെന്നാണ് (Schengen area) വിളിക്കുന്നത്. 1985 ലെ ഷെന്‍ഗന്‍ ഉടമ്പടിയില്‍ നിന്നാണ് ഈ പ്രദേശത്തിന് ഷെന്‍ഗന്‍ പ്രദേശം എന്ന പേരു ലഭിച്ചത്. ഷെന്‍ഗന്‍ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാന്‍ പാസ്‌പോര്‍ട്ട് ആവശ്യമില്ല. ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങളില്ല.ചുരുക്കിപ്പറഞ്ഞാല്‍ ഷെന്‍ഗന്‍ പ്രദേശം ഒരൊറ്റ രാജ്യമായി വര്‍ത്തിക്കുന്നു.

യൂറോപ്യന്‍ യൂണിയന്റെ പുതിയ തീരുമാനപ്രകാരം, 2021 ജനുവരി മുതല്‍ ഷെന്‍ഗന്‍ പ്രദേശത്തുള്ള 26 രാജ്യങ്ങളിലും, ഷെന്‍ഗന്‍ പ്രദേശത്തേയ്ക്ക് ഇനി കൂട്ടിച്ചേര്‍ക്കാന്‍ പോകുന്ന നാല് രാജ്യങ്ങളില്‍ (ബെള്‍ഗേറിയ, ക്രൊയേഷ്യ, റൊമേനിയ, സൈപ്രസ്) ഏതെങ്കിലുമൊരു രാജ്യത്ത് പ്രവേശിക്കണമെങ്കില്‍ യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റം (ഇടിഐഎഎസ്) എന്ന സംവിധാനത്തിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഇപ്പോള്‍ യുഎസ് പൗരന്മാര്‍ക്കു യൂറോപ്പിലേക്കു 90 ദിവസം വരെ യാതൊരു വിധ യാത്രാ അനുമതിയുമില്ലാതെ സഞ്ചരിക്കാന്‍ സൗകര്യമുണ്ട്. 90 ദിവസത്തിലധികമായാല്‍ മാത്രമാണ് ഇയു വിസ ആവശ്യമായി വരുന്നത്. എന്നാല്‍ ഈ രീതിയാണ് ഇനി മാറ്റത്തിനു വിധേയമാകാന്‍ പോകുന്നത്. ഇനി മുതല്‍ യുഎസ് പൗരന്മാര്‍ക്കു യൂറോപ്പിലേക്കു യാത്ര ചെയ്യണമെങ്കില്‍ ഇടിഐഎഎസിനു മുന്‍പാകെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുകയും ഏഴ് യൂറോ സര്‍വീസ് ഫീസായി അടയ്ക്കുകയും വേണം. ഓരോ അപേക്ഷയ്ക്കും മൂന്നു വര്‍ഷത്തേയ്ക്കായിരിക്കും കാലാവധി. അപേക്ഷ സമര്‍പ്പിച്ച് വെറും പത്ത് മിനിറ്റിനകം ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പരിശോധിച്ച് അനുമതി നല്‍കാനാകുമെന്നാണ് ഇടിഐഎഎസ് അധികൃതര്‍ പറയുന്നത്. സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ 95 ശതമാനവും പത്ത് മിനിറ്റ് കൊണ്ട് പരിശോധിച്ച് ക്ലിയറന്‍സ് നല്‍കാനാകുമെന്നാണു കരുതുന്നതെന്നും അധികൃതര്‍ പറയുന്നു. യാത്രാ അനുമതി നല്‍കുന്ന യൂറോപ്യന്‍ യൂണിയന്റെ ഇടിഐഎഎസ് പോലെ യുഎസിനുമുണ്ട് ഇഎസ്ടിഎ എന്ന സംവിധാനം. ഇലക്ട്രോണിക് സിസ്റ്റം ഫോര്‍ ട്രാവല്‍ ഓതറൈസേഷന്‍ എന്നാണ് ഈ സംവിധാനത്തിന്റെ പൂര്‍ണനാമം. 2021 ജനുവരി ഒന്നു മുതല്‍ ഷെന്‍ഗന്‍ പ്രദേശത്തേയ്ക്കുള്ള പ്രവേശനം നിയന്ത്രിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിക്കുമ്പോള്‍ അത് അമേരിക്കയെ മാത്രമായിരിക്കില്ല ബാധിക്കാന്‍ പോകുന്നത്. പകരം മെക്‌സിക്കോ, ബ്രസീല്‍, കാനഡ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, ഇസ്രയേല്‍, മൗറീഷ്യസ് ഉള്‍പ്പെടെ 60 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് ഇനി മുതല്‍ ഇടിഐഎഎസിന്റെ അനുമതി തേടേണ്ടി വരും. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇപ്പോള്‍ ഷെന്‍ഗന്‍ പ്രദേശം സന്ദര്‍ശിക്കണമെങ്കില്‍ വിസ ആവശ്യമില്ല. 2017-ല്‍ യൂറോപ്പിലേക്കു യാത്ര ചെയ്ത അമേരിക്കന്‍ പൗരന്മാരില്‍ 61 ശതമാനവും യാത്ര ചെയ്തത് ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, സ്‌പെയ്ന്‍ എന്നിവിടങ്ങളിലേക്കായിരുന്നു. യുഎസ് പൗരന്മാരില്‍ ഭൂരിഭാഗം പേരും യാത്ര ചെയ്യാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന പ്രദേശമാണ് യൂറോപ്പ്.

ഇടിഐഎഎസ് (ETIAS)

2016-ലാണു യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റത്തെ (ഇടിഐഎഎസ്) യൂറോപ്യന്‍ കമ്മീഷന്‍ ആദ്യമായി അംഗീകരിച്ചത്. പിന്നീട് 2018-ല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. ഇനി മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെങ്കില്‍ ഇടിഐഎഎസ് എന്ന സംവിധാനത്തിലൂടെയാണ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇടിഐഎഎസ് എന്നത് ഒരു വിസയല്ല. ഇടിഐഎഎസ് എന്ന സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാസ്‌പോര്‍ട്ട്, ഇമെയ്ല്‍ അഡ്രസ്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് എന്നിവയാണ് ആവശ്യം. ഏഴ് യൂറോ അഥവാ എട്ട് ഡോളറിനടുത്തായിരിക്കും അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അടയ്‌ക്കേണ്ടി വരുന്ന തുക. ഷെന്‍ഗന്‍ വിസ ലഭിക്കണമെങ്കില്‍ സാധാരണയായി 15 ദിവസം വരെ കാത്തിരിക്കേണ്ടി വരും. ചിലയവസരങ്ങളില്‍ 30-ും 60-ും ദിവസം വരെയാകാം. എന്നാല്‍ ഇടിഐഎഎസ് സംവിധാനത്തിലൂടെ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ വെറും പത്ത് മിനിറ്റ് കൊണ്ട് യാത്രാ അനുമതി ലഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇടിഐഎഎസ് അനുമതി ലഭിക്കാന്‍ ട്രാവല്‍ ഏജന്‍സിയെ സമീപിക്കേണ്ടതില്ല. വെബ്‌സൈറ്റില്‍ കയറി അപേക്ഷ പൂരിപ്പിച്ചു നല്‍കിയാല്‍ മാത്രം മതി. സുരക്ഷയ്ക്കു ഭീഷണിയാകുന്നവര്‍ അഥവാ അപകടകാരികളായവര്‍ പ്രവേശിക്കുന്നത് തടയിടുന്നതിനു വേണ്ടിയുള്ള വെറുമൊരു ഓണ്‍ലൈന്‍ സ്‌ക്രീനിംഗ് സംവിധാനമാണ് ഇടിഐഎഎസ് എന്നാണു യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ പറയുന്നത്. ഈ സംവിധാനം ഒരിക്കലും ഒരു യാത്രക്കാരന്റെ ബയോമെട്രിക് ഡാറ്റ ആവശ്യപ്പെടില്ല. ഇടിഐഎഎസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോണ്‍സുലേറ്റ് സന്ദര്‍ശിക്കേണ്ടതില്ലെന്നും അധികൃതര്‍ പറയുന്നു.

യൂറോപ്യന്‍ യൂണിയന്‍

യുകെ ഉള്‍പ്പെടെ, 28 രാജ്യങ്ങളടങ്ങുന്നതാണു യൂറോപ്യന്‍ യൂണിയന്‍. ഈ മാസം യുകെ യൂണിയനില്‍നിന്നും പുറത്തുകടക്കാനിരിക്കുകയാണ്. അതോടെ 26 ആയി ചുരുങ്ങും. ഓസ്ട്രിയ, ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്ക്, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ്‌ലാന്‍ഡ്, ഇറ്റലി, ലാത്‌വിയ, ലിത്വേനിയ, ലിക്റ്റന്‍ സൈറ്റന്‍, ലക്‌സംബെര്‍ഗ്, മാള്‍ട്ട, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്ലോവേക്യ, സ്ലോവേനിയ, സ്‌പെയ്ന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവയായിരിക്കും യൂണിയനില്‍ അവശേഷിക്കുന്ന 26 രാജ്യങ്ങള്‍.

Comments

comments

Categories: Top Stories