ദുബായ് സര്‍വ്വകലാശാലകളെ സ്വതന്ത്ര മേഖലയാക്കുന്ന പദ്ധതിക്ക് അംഗീകാരം

ദുബായ് സര്‍വ്വകലാശാലകളെ സ്വതന്ത്ര മേഖലയാക്കുന്ന പദ്ധതിക്ക് അംഗീകാരം

ലക്ഷ്യം വിദ്യാഭ്യാസ കാലത്ത് തന്നെ മികച്ച സംരംഭകരെ വാര്‍ത്തെടുക്കല്‍

ദുബായ്: വിദ്യാഭ്യാസ സര്‍വ്വകലാശാലകളില്‍ സാമ്പത്തിക, സര്‍ഗ്ഗാത്മക സ്വതന്ത്ര മേഖലകള്‍ക്ക് രൂപം നല്‍കുന്ന പുതിയ പദ്ധതിക്ക് ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസവും ഗവേഷണവും നേടുന്നതിനുള്ള സാമ്പത്തിക പിന്തുണ നല്‍കുന്നതിനോടൊപ്പം ഭാവിയിലെ മികച്ച സംരംഭകരെ വാര്‍ത്തെടുക്കുന്നതിന് സര്‍വ്വകലാശാലകളെ പ്രാപ്തമാക്കുക എന്നത് കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.

ഉന്നത വിദ്യാഭ്യസം നേടുന്നതിനോടൊപ്പം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ബിസിനസുകള്‍ നടത്തുന്നതിനും സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും പദ്ധതി മൂലം സാധിക്കുമെന്ന് ഷേഖ് ഹംദാന്‍ പറഞ്ഞു. ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുന്നതിനുള്ള 50 വര്‍ഷത്തേക്കുള്ള തുടര്‍ച്ചയായ വികസന പദ്ധതികളുടെ ഭാഗമാണ് ഈ പ്രഖ്യാപനമെന്നും ഷേഖ് ഹംദാന്‍ പറഞ്ഞു.ഭാവിയിലെ മികച്ച ബിസിനസ് നേതാക്കളായി ഉയര്‍ന്ന് വരിക എന്ന സ്വപ്‌നം തിരിച്ചറിയാന്‍ വിപ്ലവാക്തമകമായ ഈ പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗദര്‍ശിയായി വര്‍ത്തിക്കുമെന്നും ഷേഖ് ഹംദാന്‍ കൂട്ടിച്ചേര്‍ത്തു.

വിജ്ഞാനത്തിനായി വെമ്പല്‍ കൊള്ളുന്ന കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്നത് ദുബായിയെ ആഗോള വൈജ്ഞാനിക, നിക്ഷേപ കേന്ദ്രമാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ വളരെ പ്രധാനമാണെന്നും ഷേഖ് ഹംദാന്‍ പറഞ്ഞു.

മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷനാണ് പദ്ധതിക്ക് രൂപം നല്‍കിയത്. പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന്റെ ചുമതലയും ഫ്യൂച്ചര്‍ ഫൗണ്ടേഷനാണ്. രാജ്യാന്തര തലത്തിലുള്ള ഉന്നത ഗവേഷണ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും പദ്ധതിയുമായി സഹകരിക്കും.

Comments

comments

Categories: Arabia