പ്രസവത്തിന്‌ പറ്റിയ പ്രായം 50

പ്രസവത്തിന്‌ പറ്റിയ പ്രായം 50

സുരക്ഷിതപ്രസവത്തിനുള്ള പ്രായം 40 കളാണെന്ന് പൊതുവേ പാശ്ചാത്യര്‍ കരുതിപ്പോരുന്നത്. കുഞ്ഞിനോ അമ്മയ്‌ക്കോ ഹേമം തട്ടാതെയുള്ള പ്രസവത്തെയാണ് സുരക്ഷിത പ്രസവം എന്നു നിര്‍വ്വചിക്കുന്നത്. എന്നാല്‍ പുതിയ പഠനപ്രകാരം 50 വയസ്സിനു ശേഷമുള്ളവരിലും പേറുമായി ബന്ധപ്പെട്ട് വലിയ സങ്കീര്‍ണതകളുണ്ടാകാന്‍ വഴിയില്ലെന്നാണു തെളിയുന്നത്. 40കാരികളേക്കാള്‍ സുരക്ഷിതമായി പ്രസവിക്കാന്‍ ഇവര്‍ക്കു കഴിയുമെന്ന് ബെന്‍-ഗുരിയന്‍ സര്‍വ്വകലാശാല, സോറോക സര്‍വ്വകലാശാല മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ കണ്ടെത്തി. ലാസ് വേഗാസിലെ സൊസൈറ്റി ഫോര്‍ മറ്റേണല്‍ ആന്‍ഡ് ഫെറ്റല്‍ മെഡിസിന്റെ 39മത് വാര്‍ഷിക സമ്മേളനത്തിലാണ് പഠനം അവതരിപ്പിച്ചത്.

പഠനത്തിന്റെ ഭാഗമായി 50 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ ഗര്‍ഭധാരണത്തിന്റെ സങ്കീര്‍ണതകള്‍ ഗവേഷകര്‍ പരിശോധിച്ചു. ഈ പ്രായത്തില്‍ ഗര്‍ഭം ധരിക്കുന്ന സ്ത്രീകളില്‍ യുവതികളുമായി താരതമ്യം ചെയ്യുമ്പോള്‍ അമ്മമാരിലും ഗര്‍ഭസ്ഥശിശുവിലും ഉണ്ടായേക്കാവുന്ന അപകടസാധ്യതകളാണ് പ്രധാനമായും പരിഗണിച്ചത്. ആരോഗ്യമേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ മൂലം പ്രസവിക്കാനുള്ള പ്രായം കാലക്രമേണ വര്‍ധിച്ചതായി ഗവേഷകര്‍ കണ്ടെത്തി. കൃത്രിമബീജധാരണം, ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കല്‍ തുടങ്ങിയ ആധുനികശാസ്ത്ര മുന്നേറ്റങ്ങളെല്ലാം സാധ്യത തുറന്നിട്ട പാതയിലൂടെയാണ് മധ്യവയസ്‌കകള്‍ക്കും പെറ്റുപാലൂട്ടുന്നതിന് സാധ്യത കൈവരിക്കാനായതെന്ന് അവര്‍ നിരീക്ഷിക്കുന്നു.

സോറോകയിലെ 242,771 പ്രസവങ്ങളാണ് പഠനവിധേയമാക്കിയത്. അതില്‍ 234,824 (96.7%) 40 വയസ്സിനു താഴെയുള്ള സ്ത്രീകളിലായിരുന്നു. ബാക്കി 40 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലും. മാസം തികയാതെയുള്ള ജനനം, ഗര്‍ഭാവസ്ഥയിലുള്ള പ്രമേഹം, രക്തസമ്മര്‍ദ്ദം, സിസേറിയന്‍ ശസ്ത്രക്രിയ തുടങ്ങിയ സങ്കീര്‍ണതകള്‍ സ്ത്രീകളില്‍ ഉണ്ടാകുന്നുവോ എന്നു നിരീക്ഷിച്ചു. നവജാതശിശുവിന് ശാരീരിക വൈകല്യമോ മരണമോ മറ്റു സങ്കീര്‍ണതകളോ ഉണ്ടാകുമോ എന്നും പരിശോധിച്ചു. എന്നാല്‍, 40 വയസ്സിന് മുകളിലുള്ള സ്ത്രീകളിലെ എല്ലാ സങ്കീര്‍ണതകളും 40ല്‍ താഴെയുളള സ്ത്രീകളിലും കാണാമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. 40 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ 50 വയസ്സിനു മുകളിലുള്ള സ്ത്രീകളിലും കാര്യമായ സങ്കീര്‍ണതകളില്ല. ഭക്ഷണത്തിനു മുമ്പുള്ള ഗ്ലൂക്കോസ് നിലയും ഗര്‍ഭിണികളുടെ രക്തസമ്മര്‍ദ്ദവും പരിശോധിക്കുന്നതിനു പ്രത്യേക പ്രാധാന്യം നല്‍കുന്നത് ഉചിതമായിരിക്കുമെന്ന് മാത്രം ഗവേഷകര്‍ സൂചിപ്പിച്ചു.

Comments

comments

Categories: Health
Tags: Delivery age