പുതിയ ഇന്ത്യയുടെ വലിയ പ്രതിസന്ധി

പുതിയ ഇന്ത്യയുടെ വലിയ പ്രതിസന്ധി

ഇന്ത്യന്‍ നഗരങ്ങളില്‍ വായുമലിനീകരണം രൂക്ഷമാകുകയാണെന്ന വാര്‍ത്ത ജനജീവിതത്തിനും വികസനത്തിനും സൃഷ്ടിക്കുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണ്. മുന്‍ഗണനകളില്‍ ഒന്നായല്ല, പ്രഥമ മുന്‍ഗണന തന്നെ നല്‍കേണ്ട വിഷയമായി ഇത് മാറിയിരിക്കുന്നു

രാജ്യത്തിന്റെ ഇന്നത്തെ വികസനത്തെ വരുംതലമുറ ശപിക്കേണ്ട കാലത്തിലേക്കാണ് നാം നടന്നുപോകുന്നതെന്ന സൂചകങ്ങളാണ് പുറത്തുവരുന്നത്. വായുമലിനീകരണം അത്ര രൂക്ഷമായ ചോദ്യങ്ങളാണ് നമ്മുടെ വികസന സങ്കല്‍പ്പങ്ങള്‍ക്ക് മേല്‍ ഉയര്‍ത്തുന്നത്. അടുത്തിടെ പുറത്തുവന്ന പഠനഫലങ്ങള്‍ അത് അടിവരയിടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള 10 നഗരങ്ങളില്‍ ഏഴും ഭാരതത്തിലാണെന്നാണ് ഐക്യുഎയര്‍ എയര്‍ വിഷ്വലും ഗ്രീന്‍പീസും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നത്.

ഇന്ത്യയിലെ ഗുരുഗ്രാം വായുമലിനീകരണത്തിന്റെ കാര്യത്തില്‍ ലോകത്ത് തന്നെ ഒന്നാമതാണെന്ന അപമാനഭാരവും നാം പേറുന്നു. ഏറ്റവും മലിനീകരിക്കപ്പെട്ട 30 നഗരങ്ങളില്‍ 22 എണ്ണവും ഇന്ത്യയിലാണെന്നത് അത്യന്തം ഗുരുതരമായ രാഷ്ട്രീയ, സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹ്യ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ എട്ടരശതമാനത്തോളം ചെലവഴിക്കപ്പെടുന്നത് മലിനീകരണം മൂലമുള്ള ചികില്‍സയ്ക്കും മറ്റ് കാര്യങ്ങള്‍ക്കും വേണ്ടിയാണ്.

കാലഹരണപ്പെട്ട വികസന പദ്ധതികളുടെ ഉപോല്‍പ്പന്നമായി കൂടിയാണ് വായുമലിനീകരണമെന്ന വിപത്ത് തലപൊക്കിയത്. യഥാര്‍ത്ഥത്തില്‍ ഇത് ജനങ്ങളുടെ ആരോഗ്യത്തെയും അവരുടെ ചെലവിടലിനെയും കാര്യമായി ബാധിക്കുന്നു. വ്യവസായങ്ങളുടെ ഉല്‍പ്പാദനക്ഷമതയില്‍ ഇത് വരുത്തുന്ന കുറവ് സമാനതകളില്ലാത്തതാണ്. അതിനെക്കുറിച്ച് ഇപ്പോഴും നമ്മുടെ മുതലാളിമാര്‍ക്ക് ബോധ്യമില്ലെന്ന് മാത്രം. വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യത്തയും ചിന്താശേഷിയെയും വായുമലിനീകരണം ബാധിക്കുന്നു. അവരുടെ ഭാവി തന്നെയാണ് അവിടെ ചോദ്യ ചിഹ്നമാകുന്നത്.

ഇന്ത്യക്കാരുടെ ജീവിതദൈര്‍ഘ്യത്തെ വായുമലിനീകരണം സാരമായി ബാധിക്കുന്നുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. വായു മലിനീകരണ സൂചിക അനുസരിച്ച് ആഗോള തലത്തില്‍ മനുഷ്യന്റെ ജീവിതദൈര്‍ഘ്യം രണ്ട് വര്‍ഷം വരെ കുറയാന്‍ നിലവിലെ പരിതസ്ഥിതി കാരണകുന്നു. വായുമലിനീകരണവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനായല്‍ അത് പൗരന്മാരുടെ ജീവിതനിലവാരത്തിലും ആയുസ്സിലും നിഴലിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വായുമലിനീകരണത്തെ കുറിച്ചുള്ള അവബോധം ഇപ്പോള്‍ സമൂഹത്തിന് കൂടുതലാണ്. എന്നാല്‍ അതില്‍ നിന്നും എങ്ങനെ രക്ഷ നേടാമെന്നത് സംബന്ധിച്ച സമഗ്ര പദ്ധതികള്‍ കൃത്യമായ ഇച്ഛാശക്തിയോടെ നടപ്പാക്കുകയെന്നത് മാത്രമാണ് മുന്നിലുള്ള പോംവഴി. ഇതിനായി ബിസിനസ്, വ്യാവസായിക സമൂഹത്തെയും അക്കാഡമിക് ലോകത്തെയും എല്ലാം സഹകരിപ്പിക്കുകയും വേണം. വായുമലിനീകരണത്തിന് കാരണമാകുന്ന പ്രധാന സ്രോതസ്സുകളിലൊന്നായ നിലവിലെ ഗതാഗത സംവിധാനങ്ങള്‍ ശുദ്ധോര്‍ജത്തിലധിഷ്ഠിതമാക്കാനുള്ള പദ്ധതികള്‍ വൈകിപ്പിക്കുന്നതിനെതിരെ അതീവജാഗ്രത പാലിക്കണം സര്‍ക്കാര്‍. ഇതിന് സംസ്ഥാനങ്ങളുമായി സഹകരിച്ച് തുടര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും യഥാസമയത്ത് തന്നെ അത് നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

വായുവിനെ ശുദ്ധീകരിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന സാംസ്‌കാരിക ഔന്നത്യം നിലനിന്നിരുന്ന വേദഭൂമിയായിരുന്നു ഭാരതം. വികസനവും ജീവിതശൈലിയും പെരുമാറ്റ രീതികളും പ്രകൃതി സൗഹൃദമാകുന്ന സാംസ്‌കാരികതയിലേക്കുള്ള തിരിച്ചുപോക്കുകൂടിയാണ് കാലം ആവശ്യപ്പെടുന്നത്.

Categories: Editorial, Slider