ഋണപത്രങ്ങളുടെ പാത്രനിര്‍മ്മിതി

ഋണപത്രങ്ങളുടെ പാത്രനിര്‍മ്മിതി

ഉപഭോഗവും ആവശ്യകതയും വിപണിയും ഉല്‍പ്പാദനവും ചാക്രികമായി തുടരുമ്പോഴാണ് ലോകം മുന്നോട്ടു ചലിക്കുന്നതും സമ്പദ് വ്യവസ്ഥകള്‍ വളരുന്നതും. ഋണോല്‍പ്പാദനത്തിന്റെയും ചോദനോല്‍പ്പാദനത്തിന്റെയും മാതൃകകളെ വളര്‍ച്ചക്കായി സമ്പദ് വ്യവസ്ഥകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. വായ്പകള്‍ ഇതിന്റെ പ്രധാന ഉപാധിയാണ്. തൊണ്ണൂറുകളില്‍ ഉല്‍പ്പാദനേതരമായ ആവശ്യങ്ങള്‍ക്കായി വായ്പകള്‍ ഉദാരമായി നല്‍കാനാരംഭിച്ചതോടെയാണ് ഋണപര്‍വം അഥവാ കടത്തിന്റെ കാലം ആരംഭിച്ചത്

”The day is not far off when the economic problem will take the back seat where it belongs, and the arena of the heart and the head will be occupied or reoccupied, by our real problems – the problems of life and of human relations, of creation and behavior and religion’
– Lord John Maynard Keynse

ധനകാര്യസമ്പ്രദായത്തിന്റെ ഒരു ധര്‍മ്മമാണ് ഋണോല്‍പ്പാദനം അഥവാ ക്രെഡിറ്റ് ക്രിയേഷന്‍. പണശൂന്യമായ ഒരു ആദിമാവസ്ഥ സങ്കല്‍പ്പിക്കുക. അതില്‍ ഒരു ധനകാര്യ സ്ഥാപനം ഉദയം കൊള്ളുന്നു എന്നും ആദ്യമായി ഒരാള്‍ ആയിരം രൂപ നിക്ഷേപിക്കുന്നു എന്നും കൂടി കരുതുക. (ഉദാഹരണ സങ്കല്‍പ്പമായതിനാല്‍ ആ ആയിരം രൂപ എവിടെ നിന്ന് വന്നു എന്ന ചോദ്യം അപ്രസക്തം). ആ ആയിരം രൂപയില്‍ നിന്ന് പണം ആവശ്യമുള്ള ഒരാള്‍ക്ക് ആ സ്ഥാപനം തൊള്ളായിരം രൂപ വായ്പ്പയായി നല്‍കുന്നു. അത് ലഭിക്കുന്നയാള്‍ ആ പണം ഉപയോഗിക്കുമ്പോള്‍ അത് കൈമറിയപ്പെടുന്നു. പണം കിട്ടുന്ന ആള്‍ അത് ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപമായി നല്‍കുന്നു. ഇപ്പോള്‍ അവിടത്തെ നിക്ഷേപം മൊത്തം 1,900 രൂപയാവുന്നു. അതില്‍ നിന്ന് 810 രൂപ വീണ്ടും മറ്റൊരാള്‍ക്ക് വായ്പ്പയായി നല്‍കുന്നു. മൊത്തം വായ്പ ഇപ്പോള്‍ 1710 ആയി. ആ 810 രൂപ വീണ്ടും നിക്ഷേപമായി വരുന്നു. ഇപ്പോള്‍ മൊത്തം നിക്ഷേപം 2710 രൂപ. അതായത്, സാമ്പത്തിക സംവിധാനത്തില്‍ ആകെയുണ്ടായിരുന്ന ആയിരം രൂപയാണ് ഒരു വശത്ത് നിക്ഷേപമായും വായ്പയായും പൊടുന്നനെ വളരുന്നത്. ഇതാണ് ഋണോല്‍പ്പാദനം.

1929 ല്‍ ലോക മുതലാളിത്തത്തിനുണ്ടായ സാമ്പത്തികത്തകര്‍ച്ചയെ കുറിച്ച് ആഴത്തില്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിച്ച സാമ്പത്തിക ശാസ്ത്രജ്ഞനാണ് ബ്രിട്ടീഷുകാരനായ ജോണ്‍ കെയിന്‍സ് പ്രഭു. ആഡം സ്മിത്തിന്റെ കാലം മുതല്‍ ഒന്നര നൂറ്റാണ്ടായി നിലനിന്നിരുന്ന, ചോദന-ലഭ്യതകളുടെ (ഡിമാന്റ്-സപ്ലൈ) സമീകരണ സിദ്ധാന്തത്തില്‍ ഊറിയ, സാമ്പത്തിക തത്വങ്ങളെ പാടെ പൊളിച്ചെഴുതുന്നവയായിരുന്നു കെയിന്‍സ് വികസിപ്പിച്ച പുതിയ സാമ്പത്തിക പാഠങ്ങള്‍. ചോദനം (ആവശ്യം) ആണ് സാമ്പത്തികവളര്‍ച്ചയുടെ ആണിക്കല്ലും ആദ്യപടിയുമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. ഡിമാന്റ് വര്‍ദ്ധിക്കുമ്പോള്‍ വിപണി വലുതാവുന്നു; വിപണി വലുതാവുമ്പോള്‍ സ്വാഭാവികമായും ലഭ്യത വര്‍ദ്ധിച്ചേ പറ്റൂ. അതിനായി ഉല്‍പാദനം വര്‍ദ്ധിക്കേണ്ടതുണ്ട്. ഇതിന്റെ ഫലമായി അസംസ്‌കൃത വസ്തുക്കളുടെ വിലയായും മൂല്യവര്‍ദ്ധന ചെയ്യുന്ന തൊഴിലാളികളുടെ കൂലിയായും ജനങ്ങളിലേക്ക് പണമെത്തുന്നു. ആ പണം അവരില്‍ പുതിയ സഫലീകരണ വാഞ്ഛകള്‍ (need to satiate) ഉണര്‍ത്തുന്നു. അവ വീണ്ടും ഡിമാന്റ് ആയി മാറുന്നു.

വര്‍ദ്ധിച്ച ഡിമാന്‍ഡ് വര്‍ദ്ധിച്ച സപ്ലൈ ആവശ്യകതയിലേക്കും തദനുസരണമായി വര്‍ദ്ധിച്ച ഉല്‍പ്പാദനത്തിലേയ്ക്കും തല്‍ഫലമായി കൂടുതല്‍ പണം ജനങ്ങളിലേക്ക് എത്താനും കാരണമാവുന്നു. അതിന്റെ തുടര്‍ച്ചയായി കൂടുതല്‍ ഡിമാന്റ് ഉത്ഭവിക്കുന്നു. ഈ ചാക്രിക പ്രക്രിയയാണ് കെയിന്‍സ് സാമ്പത്തിക പുനരുത്ഥാനത്തിനായി നിര്‍ദ്ദേശിച്ചത്. ഇതാണ് ചോദനോല്‍പ്പാദനം അഥവാ ഡിമാന്‍ഡ് ക്രിയേഷന്‍.

ആദ്യം പറഞ്ഞ ഋണോല്‍പ്പാദനവും രണ്ടാമത് പറഞ്ഞ ചോദനോല്‍പ്പാദനവും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് ഒരേ മാതൃകയിലുള്ള പരിക്രമണ പാതയാണെന്ന് കാണാം. ഇല്ലായ്മയില്‍ നിന്നുമുള്ള ഉണ്ടാക്കല്‍. അതിനാല്‍ തന്നെ ഇവ പരസ്പരം പൂരകങ്ങളായി വര്‍ത്തിക്കാന്‍ പര്യാപ്തമാണ്. ഉല്‍പ്പാദനോപാധികളില്‍ നിന്നും മൂല്യവര്‍ദ്ധനയില്‍ നിന്നും പുറപ്പെടുന്ന ആന്തരികമായ പണവര്‍ദ്ധനയ്ക്കൊപ്പം ബാഹ്യമായ പണലഭ്യത കൂടി വന്നാല്‍ ഡിമാന്‍ഡ് പലതവണ ഇരട്ടിക്കും. അതനുസരിച്ച് ഉല്‍പ്പാദനംവര്‍ദ്ധിക്കുന്നു. വര്‍ദ്ധിച്ച തോതിലുള്ള ഉല്‍പ്പാദനം ക്ലിപ്ത ചെലവുകള്‍, അനാമത്ത് ചെലവുകള്‍ എന്നിവ കുറയ്ക്കുന്നു. ഉദാഹരണത്തിന്, ഫാക്ടറി കെട്ടിടത്തിന്റെ വാടക ഉല്‍പ്പാദിപ്പിക്കുന്ന യൂണിറ്റുകളുടെ എണ്ണവുമായി ബന്ധപ്പെടുന്നില്ല. ഒരെണ്ണം നിര്‍മ്മിച്ചാലും ആയിരം എണ്ണം നിര്‍മ്മിക്കാനാവുമെങ്കില്‍ അത്രയും നിര്‍മ്മിച്ചാലും വാടകത്തുകയില്‍ കുറവുകളോ അധികരിക്കലുകളോ ഉണ്ടാവില്ല. ഓരോ യൂണിറ്റ് ഉല്‍പ്പന്നത്തിനും നിര്‍മ്മാണച്ചെലവ് കുറയുന്നു. അത്രയും ലാഭം വര്‍ധിക്കുന്നു. ഇക്കണോമിസ് ഓഫ് സ്‌കെയില്‍ എന്ന് ഇതിന് ഇംഗ്ലീഷില്‍ പറയുന്നു. (‘കൂടുതല്‍ വലിയ പരിമാണങ്ങള്‍ ഉപയോഗിച്ചു നേടുന്ന ആനുപാതിക ലാഭങ്ങള്‍ എന്ന് മലയാളത്തില്‍ വിവര്‍ത്തനം ചെയ്യാം).

എന്നിരുന്നാലും വര്‍ദ്ധിതമായ ചോദന അഭിമുഖീകരിക്കാന്‍ നിലവിലുള്ള ഉല്‍പ്പാദകരുടെ ഉല്‍പ്പാദനശേഷി മതിയാവില്ല. ഈ കാലിടത്തിലേയ്ക്ക് പുതിയ ഉല്‍പ്പാദകര്‍ പ്രവേശിക്കുന്നു. മത്സരം വര്‍ദ്ധിക്കുന്നതോടെ ഉല്‍പ്പാദനച്ചെലവും വിപണി സ്വീകാര്യതയും തമ്മില്‍ സമരസപ്പെട്ട് ശരിയായ വില ഓരോ വസ്തുവിനും കണ്ടെത്താനാവുന്നു. ഡിമാന്‍ഡും സപ്ലൈയും തമ്മിലുള്ള സന്തുലനമാണ് വില നിര്‍ണ്ണയിക്കുന്നത് എന്ന ആഡംസ്മിത്ത് സിദ്ധാന്തത്തിന് പകരമായി ഈ പുതിയ നിയമം കെയിന്‍സ് പ്രഭു അവതരിപ്പിച്ചു. 1930 കള്‍ മുതലുള്ള മുതലാളിത്ത സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച കെയിന്‍ സിദ്ധാന്തങ്ങളില്‍ ഊന്നിയായിരുന്നു.

മനഃശാസ്ത്രപരമായും ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം ഫലം കാണാറുണ്ട്. വിനോദം, ആരോഗ്യം എന്നീ മേഖലകള്‍ ഇതിന് സദാ സജ്ജമാണ്. ടെലിവിഷന്‍ ഒരു ആഡംബര വസ്തുവായി ജനമനസ്സില്‍ നിലകൊണ്ടതിനെ തിരുത്തിയെഴുതിയതില്‍ മഹാഭാരതം സീരിയലും ക്രിക്കറ്റ് ലൈവ് ടെലികാസ്റ്റും വലിയ പങ്കാണ് വഹിച്ചത്. മനുഷ്യന്‍ അഭിമുഖീകരിക്കുന്നതും അഭിമുഖീകരിക്കാവുന്നതുമായ എല്ലാ ജീവിതസന്ദര്‍ഭങ്ങളുടെയും സംഘര്‍ഷങ്ങളുടെയും കലര്‍പ്പില്ലാത്ത പാത്രവല്‍ക്കരണം ആവിഷ്‌കരിക്കുന്ന ഉദാത്തമായ സംസ്‌കൃത വ്യാസ ഭാഷ്യം തൊണ്ണൂറുകളില്‍ തദ്ദേശീയമായി ദൃശ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ അതിന് കാണികളേറി. ഭാഷാഭേദങ്ങള്‍ ഒന്നും എതിരായി വര്‍ത്തിച്ചില്ല. ഭാരതീയന്‍ ഞായറാഴ്ച രാവിലെ ഒന്‍പതു മണിക്ക് ടെലിവിഷന് മുന്നില്‍ ഇരിപ്പുറപ്പിച്ചു. ഇത് ടെലിവിഷന്റെ ഡിമാന്‍ഡ് പല മടങ്ങ് വര്‍ദ്ധിപ്പിച്ചു. അതേ സമയം തന്നെ ടെലിവിഷന്‍ അടക്കമുള്ള ഉപഭോഗ വസ്തുക്കള്‍ വാങ്ങാന്‍ സുലഭമായി വായ്പകള്‍ നല്‍കാനാരംഭിച്ചു. ബാഹ്യമായ പണലഭ്യത വിപണിയില്‍ ഉപഭോക്താക്കളുടെ വാങ്ങല്‍ കഴിവുകളെ നിരന്തരം പോഷിപ്പിച്ചു. സീരിയലിനും ക്രിക്കറ്റിനുമൊപ്പം കാണുന്ന ടെലിവിഷന്‍ പരസ്യങ്ങള്‍, ഇതുവരെ പരിചയപ്പെടാന്‍ ഇടവന്നിട്ടില്ലാത്ത മറ്റ് ആധുനിക ഉല്‍പ്പന്നങ്ങളെ മുന്നില്‍ കൊണ്ടുവന്നുവെച്ച് പരിചയപ്പെടുത്തി. അതിലൊന്നാണ് വാക്വം ക്‌ളീനര്‍. ഇതിനെല്ലാം നമ്മെ സഹായിച്ചത് സഞ്ചിത സമ്പാദ്യങ്ങള്‍ അല്ല; ധനകാര്യസ്ഥാപനങ്ങള്‍ ഉദാരമായി ‘വിതരണം’ ചെയ്ത ഉപഭോഗ വായ്പകള്‍ ആണ്.

തൊണ്ണൂറുകള്‍ക്ക് മുന്‍പ് വായ്പയെടുത്തിരുന്നത് വ്യവസായിയും വ്യാപാരിയും കൃഷിക്കാരനും മാത്രമാണ്. വായ്പക്കെണിയില്‍ കുടുങ്ങി ആത്മഹത്യ ചെയ്തു എന്ന ഒരൊറ്റ വാര്‍ത്തകളും അന്ന് വന്നിരുന്നില്ല. തൊണ്ണൂറുകളില്‍ തന്നെയാണ് പ്രത്യക്ഷത്തില്‍ ഉല്‍പ്പാദനേതരമായ ആവശ്യങ്ങള്‍ക്കായി വായ്പകള്‍ നല്‍കുന്നത് അനുവദനീയമായത്. വീട് വായ്പ, കാര്‍ വായ്പ, ഗൃഹോപകരണ വായ്പ്പ എന്നിങ്ങനെ വായ്പയെടുക്കുന്നയാള്‍ക്ക് വായ്പാവസ്തുവില്‍ നിന്ന് യാതൊരു വരുമാനവും ലഭിക്കാത്ത ഋണപര്‍വം ആരംഭിച്ചു. വായ്പക്കാരന് ഒന്നും കിട്ടിയില്ലെങ്കിലും ബന്ധപ്പെട്ട വ്യവസായം വളര്‍ന്നു. റിയല്‍ എസ്റ്റേറ്റ് എന്ന ഒരു വ്യവസായം തന്നെ വന്നത് ഗൃഹവായ്പകള്‍ വന്നതിന് ശേഷമാണ്. അംബാസഡറിനെയും ഫിയറ്റിനെയും ഓവര്‍ടേക്ക് ചെയ്ത് നൂറ് കണക്കിന് ജപ്പാന്‍, കൊറിയന്‍, ജര്‍മ്മന്‍, ബ്രിട്ടീഷ് കാറുകള്‍ രാജപാതയില്‍ പാഞ്ഞുവന്നത് വാഹനവായ്പ ലഭിക്കാന്‍ തുടങ്ങിയ ശേഷമാണ്. ഫ്രിഡ്ജ്, എയര്‍ കണ്ടീഷണറുകള്‍ എന്നിവയ്ക്ക് തുടങ്ങി മുടിയും ചുമലും മുതല്‍ സ്വകാര്യഭാഗങ്ങള്‍ വരെ കഴുകിയെടുക്കാന്‍ ഉള്ള വ്യത്യസ്ത ലായിനികള്‍ക്ക് പോലും ടെലിവിഷനിലൂടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചു. അവ വാങ്ങുവാന്‍ പക്ഷേ കണ്‍സ്യൂമര്‍ ലോണുകള്‍ക്ക് പരിമിതികള്‍ ഉണ്ടായിരുന്നു. ഉല്‍പ്പാദകര്‍ വിഭാവനം ചെയ്തത്രയും വലുതാവാന്‍ വ്യക്തിഗത വായ്പ്പകള്‍ക്ക് ആവില്ല. കാരണം അവ അടച്ചു വീട്ടപ്പെടുന്നത് വരുമാനത്തിന്റെ ഒരു ഭാഗം കൊണ്ടാണ്; വരുമാനത്തിനപ്പുറമല്ല.

ഇവിടെയാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ ആരംഭം. വരുമാനത്തിനപ്പുറം, വരുമാനത്തിന്റെ പലയിരട്ടി ചെലവാക്കിപ്പിക്കുക. അതാണതിന്റെ ധര്‍മ്മം. 25,000 രൂപ വരുമാനം ലഭിക്കുന്നയാള്‍ അവശ്യ സാധനങ്ങള്‍ക്കപ്പുറം പരമാവധി ഉപഭോഗത്തിനായി ചെലവാക്കുക 5,000 രൂപയായിരിക്കും. അത് വായ്പാതിരിച്ചടവ് അടക്കം ആവാനാണ് കൂടുതല്‍ സാദ്ധ്യത. വിപണി പ്രതീക്ഷകള്‍ക്ക് അയാള്‍ തുടര്‍നിറമേകുന്നില്ല. എന്നാല്‍ 25,000 രൂപ ശമ്പളമുള്ളയാള്‍ക്ക് 2,50,000 രൂപ എടുത്തുകൊള്ളാന്‍ പറഞ്ഞ് ഒരു ക്രെഡിറ്റ് കാര്‍ഡ് കൊടുത്തുനോക്കൂ. അത് ഉടനടി ഉപഭോഗ വിപണിയില്‍ പരമാവധി പ്രയോഗിക്കപ്പെടും. അതായത്, ശമ്പളത്തില്‍ നിന്ന് വാങ്ങാവുന്നതിന്റെ 50 ഇരട്ടിയാണ് ഇനി അയാളില്‍ നിന്ന് വിപണിക്കുള്ള ഉപകാരം. എല്ലാത്തരം വസ്തുക്കള്‍ക്കും വിപണിയുടെ ആഴവും വിസ്താരവും വര്‍ദ്ധിക്കുവാന്‍ ലോകത്തെമ്പാടും ക്രെഡിറ്റ് കാര്‍ഡുകള്‍ പാഞ്ഞുനടക്കുന്നു. ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗ പരിധി പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തിക്കഴിഞ്ഞാല്‍ ക്രെഡിറ്റ് ലിമിറ്റ് കൂട്ടുകയായി. അനന്ത്യമായി നമ്മുടെ കൈയില്‍ അത് പണം നിറച്ചുകൊണ്ടിരിക്കും. അത്രത്തോളം നമ്മള്‍ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നു. ഉല്‍പ്പാദനം കൂടുന്നു. മൂലധനം ഇറക്കിയവര്‍ക്ക് ലാഭം കൂടുന്നു. ഇതാണ് മൂലധനാധിഷ്ഠിത വിപണി സമ്പദ്വ്യവസ്ഥ. അതിനുള്ള വലിയൊരു വളമാണ് ക്രെഡിറ്റ് കാര്‍ഡ്. അവ നിര്‍മിക്കപ്പെട്ടതും ഇതിന് വേണ്ടി തന്നെയാണ്.

ബ്രിട്ടീഷ് അഭിനേതാവും അവതാരകനുമായ ക്രിസ്റ്റഫര്‍ പാര്‍ക്കര്‍ ഒരിക്കല്‍ പറഞ്ഞു; ‘Procrastination (കാര്യങ്ങള്‍ നീട്ടിവയ്ക്കല്‍) is like a credit card: it’s a lot of fun until you get the bill’. ഉദ്ദേശിച്ച കാര്യങ്ങള്‍ സമയത്ത് നടത്തുന്ന കൃത്യതയുടെ പിന്നിലെ രഹസ്യമാണ് അദ്ദേഹം വെളിപ്പെടുത്തിയതെങ്കിലും അതാത് സമയത്ത് മുഴുവന്‍ തുകയും തിരിച്ചടച്ചില്ലെങ്കില്‍, നീട്ടിവച്ചാല്‍ അദ്ദേഹം പറഞ്ഞ പോലെ നമ്മുടെ ആഘോഷമെല്ലാം ബില്ല് കിട്ടുന്നതോടെ തീര്‍ന്നുപോകും. കാര്‍ഡ് എന്ന ഇംഗ്ലീഷ് വാക്കിന് ശബ്ദകോശ വെബ്സൈറ്റില്‍ ‘ക്രീഡാപത്രം’ എന്നാണ് സംസ്‌കൃത തര്‍ജ്ജമ കാണുന്നത്. തര്‍ജ്ജമ നിര്‍ദ്ദേശിച്ചയാള്‍ ചീട്ടാവും ഉദ്ദേശിച്ചിട്ടുണ്ടാവുക. നമ്മള്‍ ക്രെഡിറ്റ് കാര്‍ഡുകളെ ക്രീഡയായി, കളിയായി കണക്കാക്കിയാല്‍ കളി കാര്യമാവും. ഇത് ഋണപത്രമാണ്. അതിന്റെ പാത്രസൃഷ്ടി ‘അസ്പഷ്ടം ദൃഷ്ടമാത്രേ’ മാത്രമാണ്. എന്നാല്‍ മാങ്ങയുടെ പുളി അറിയാന്‍ അല്‍പ്പം കൂടി ചെത്തിയ ശേഷം ചെത്ത് സ്‌റ്റൈലില്‍ നടന്നാല്‍ മതി.

അല്ലെങ്കില്‍ കെയിന്‍സ് പ്രഭു പറഞ്ഞത് പോലെ, മതവും മതാധിഷ്ടിത രാഷ്ട്രീയവും നല്‍കുന്ന, പുറമേ പെരുമാറ്റത്തിന്റെ, മനുഷ്യബന്ധങ്ങളുടെ, സൃഷ്ടിയുടെ പ്രശ്‌നങ്ങളിലും വേദനകളിലും മുഴുകിയ നമുക്ക് സാമ്പത്തിക പ്രശ്‌നങ്ങളെ ലഘുവായിട്ട് എടുക്കാനാവുന്ന നാള്‍ കൂടി വരണം. രണ്ടാമത് പറഞ്ഞത് ഇപ്പോഴില്ല. എന്ന് മാത്രമല്ല, അതൊരിക്കലും വരില്ല. അങ്ങനെയുള്ള തത്വശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കേണ്ടത്, അങ്ങനെ നമ്മളെ വിശ്വസിപ്പിക്കേണ്ടത്, തന്റെ സിദ്ധാന്തങ്ങളെ വില്‍ക്കാന്‍ അദ്ദേഹത്തിന് ആവശ്യമായിരുന്നു. ‘ആഫ്റ്റര്‍ ഓള്‍ ഇന്‍ ദി ലോങ്ങ് റണ്‍, വി ആര്‍ ഓള്‍ ഡെഡ്’ എന്ന് അദ്ദേഹം പറഞ്ഞത് ജീവിച്ചിരിക്കുന്ന സമയത്ത് നമുക്ക് സാന്ത്വനമാവരുത്.

Categories: FK Special, Slider