ഇന്നും ശിലായുഗങ്ങളില്‍ ജീവിക്കുന്നവര്‍

ഇന്നും ശിലായുഗങ്ങളില്‍ ജീവിക്കുന്നവര്‍

മാന്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന, ക്ഷമയുടെ കണിക പോലുമില്ലാത്ത നമ്മള്‍ മനസില്‍ കുമിഞ്ഞു കൂടുന്ന സംഘര്‍ഷം മറ്റുള്ളവരുടെ മേല്‍ ചൊരിഞ്ഞിടുകയാണോ? വിദ്യാസമ്പന്നരായ, ലോകം മുഴുവന്‍ പാദമുദ്ര പതിപ്പിച്ച മലയാളിയുടെ സംസ്‌കാരം ഇതാണോ? നമ്മുടെ സംസ്‌കാരം നാം കാണിക്കേണ്ടത് ചെറിയ ചെറിയ കാര്യങ്ങളിലാണ്. സ്വന്തം സഹജീവികളോട് കരുണയില്ലാത്ത ഒരു ജനതയ്ക്ക് മഹത്തായ മലയാള സംസ്‌കാരത്തിന്റെ സന്ദേശവാഹകരാകുവാന്‍ എങ്ങനെ കഴിയും?

ഹൈവേയിലൂടെ വണ്ടി ഓടിക്കുകയാണ്. കുറച്ച് മുന്നില്‍ ഒരമ്മയും മകനും റോഡ് ക്രോസ് ചെയ്യാന്‍ നില്‍ക്കുന്നു. എന്റെ വണ്ടിക്ക് നേരെ അമ്മ കൈ ഉയര്‍ത്തിക്കാട്ടി. ഞാന്‍ വണ്ടി വേഗത കുറച്ച് നിര്‍ത്തി. ആ അമ്മയും മകനും റോഡ് മുറിച്ച് കടക്കുകയാണ്…

തൊട്ട് പിന്നില്‍ വന്ന കാറുകാരന് ഇതത്ര പിടിച്ച മട്ടില്ല. അദ്ദേഹം ദേഷ്യത്തില്‍ ഹോണ്‍ മുഴക്കിക്കൊണ്ടിരുന്നു. അമ്മയും കുട്ടിയും റോഡ് ക്രോസ് ചെയ്യുന്നത് കണ്ടിട്ടു പോലും അദ്ദേഹം ഹോണടി നിര്‍ത്തുന്നില്ല. ദേഷ്യം മുഴുവന്‍ ഹോണില്‍ തീര്‍ക്കുകയാണ്.

വണ്ടിയുടെ മുന്നില്‍ നിന്നും അവര്‍ മാറിക്കഴിഞ്ഞപ്പോള്‍ ഞാന്‍ വാഹനം മെല്ലെ മുന്‍പോട്ടെടുത്തു. പിന്നില്‍ നിന്നും ഹോണടിച്ചു കൊണ്ടിരുന്ന കാറുകാരന്‍ ഒരിരമ്പലോടെ കാറ് എന്റെ വാഹനത്തിന്റെ ഒപ്പം ഓടിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ നേര്‍ക്ക് നോക്കിയപ്പോള്‍ അതിരൂക്ഷമായി തിരികെ തുറിച്ചുനോക്കിക്കൊണ്ട് അദ്ദേഹം അതിവേഗത്തില്‍ കടന്നുപോയി. ഞാനെന്തെങ്കിലും തെറ്റ് ചെയ്‌തോ? ആശയക്കുഴപ്പമായി. റോഡ് ക്രോസ് ചെയ്യാന്‍ നിന്ന ആ അമ്മയേയും മകനേയും കടത്തി വിട്ടത് മഹാ അപരാധമായിപ്പോയി എന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെര നോട്ടം.

കുറച്ച് ദിവസം മുന്‍പ് ഒരു വീഡിയോ ഫേസ്ബുക്കില്‍ കാണുകയുണ്ടായി. ഒരു കൂട്ടം ബൈക്ക് റൈഡേഴ്‌സ് റോഡിലൂടെ പാഞ്ഞു പോകുന്നു. വഴിയരികില്‍ സീബ്രാ ലൈനിനരികെ റോഡ് ക്രോസ് ചെയ്യാന്‍ നില്‍ക്കുന്ന പ്രായമായ ഒരാളെ കണ്ട മുന്നിലുള്ള റൈഡര്‍ ബൈക്ക് നിര്‍ത്തി ഇറങ്ങുന്നു. റോഡ് ക്രോസ് ചെയ്യാന്‍ നിന്നയാളുടെ കൈ പിടിച്ച് കൂട്ടിക്കൊണ്ടുപോയി റോഡ് കടത്തി വിടുന്നു. പിന്നില്‍ വന്ന വാഹനങ്ങള്‍ ക്ഷമയോടെ കാത്തുകിടക്കുന്നു. ആളെ കടത്തിവിട്ട ശേഷം തിരികെ വന്നു ആ ബൈക്ക് റൈഡര്‍ തന്റെ ബൈക്ക് എടുത്ത് യാത്രയാകുന്നു. പിന്നിലുള്ള വാഹനങ്ങള്‍ നിശബ്ദമായി തങ്ങളുടെ യാത്ര തുടരുന്നു.

എത്ര മനോഹരമായ കാഴ്ച. തീര്‍ച്ചയായും ഇത് കേരളത്തിലല്ല. നമുക്ക് അതിനുള്ള ക്ഷമയൊന്നുമില്ല. ഒരു നിമിഷം വൈകിയാല്‍ നമുക്ക് ആലോചിക്കാന്‍ വയ്യ. അതുകൊണ്ട് മരണപ്പാച്ചിലാണ്. നമ്മുടെ വഴികളില്‍ തടസങ്ങള്‍ പാടില്ല. ആര്‍ക്ക് വേണ്ടിയും കാത്തുനില്‍ക്കാന്‍ നമുക്കാവില്ല. തടസങ്ങള്‍ സൃഷ്ടിക്കുന്നവരെ നാം വെറുക്കുന്നു. അതാര്‍ക്കു വേണ്ടിയാണെങ്കിലും നമുക്ക് ക്ഷമിക്കുവാന്‍ സാധ്യമല്ല.

റോഡില്‍ കനത്ത ട്രാഫിക്കില്‍ കിടക്കുകയാണെന്ന് ചിന്തിക്കൂ. ഇവിടെയും രക്ഷയില്ല. ഒരു വണ്ടിയും അങ്ങോട്ടും ഇങ്ങോട്ടും ചലിക്കില്ല എന്നറിയാമെങ്കിലും വെറുതെ ഹോണ്‍ മുഴക്കിക്കൊണ്ടിരിക്കും. മുന്നില്‍ കിടക്കുന്ന വണ്ടിക്കാരന്‍ എന്തിനാണ് ഹോണ്‍ മുഴക്കുന്നത് എന്ന് അത്ഭുതത്തോടെ നോക്കും. അയാള്‍ എന്ത് ചെയ്യാന്‍? നമുക്ക് ഇതൊരു ശീലമായി മാറിയോ? ഈ ഭൂഗോളത്തില്‍ ഒട്ടും തന്നെ ക്ഷമയില്ലാത്ത ആളുകളായി നാം മാറിത്തുടങ്ങിയോ.

ചെറിയ വണ്ടികളുടെ പിന്നില്‍ വന്നു ഹോണടിച്ചു പേടിപ്പിക്കുന്നതില്‍ രസം കണ്ടെത്തുന്ന ബസ് ഡ്രൈവര്‍മാര്‍ കേരളത്തിന്റെ നിരത്തുകളിലെ സ്ഥിരം കാഴ്ചയാണ്. തിരക്കേറിയ റോഡില്‍ വഴിയില്‍ നിറഞ്ഞു നില്‍ക്കുന്ന കുഴികളില്‍ വീഴാതെ ജീവനും കൈയ്യില്‍ പിടിച്ച് മരണക്കിണറില്‍ കൂടിയെന്നവണ്ണം വണ്ടി ഓടിക്കുന്നവനെ ഭയത്തിന്റെ മുള്‍മുനയില്‍ ഇവര്‍ നിര്‍ത്തും. പാഞ്ഞു വരുന്നത് കണ്ടാല്‍ രക്തസമ്മര്‍ദ്ദം അടിച്ച് കയറും. ഒരു രസമാണ്; മുന്നില്‍ പോകുന്ന മനുഷ്യജീവിയെ ഭയപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന ഒരു രസം, ഒരു സുഖം!

മാന്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന, ക്ഷമയുടെ കണിക പോലുമില്ലാത്ത നമ്മള്‍ മനസില്‍ കുമിഞ്ഞു കൂടുന്ന സംഘര്‍ഷം മറ്റുള്ളവരുടെ മേല്‍ ചൊരിഞ്ഞിടുകയാണോ? വിദ്യാസമ്പന്നരായ, ലോകം മുഴുവന്‍ പാദമുദ്ര പതിപ്പിച്ച മലയാളിയുടെ സംസ്‌കാരം ഇതാണോ? നമ്മുടെ സംസ്‌കാരം നാം കാണിക്കേണ്ടത് ചെറിയ ചെറിയ കാര്യങ്ങളിലാണ്. സ്വന്തം സഹജീവികളോട് കരുണയില്ലാത്ത ഒരു ജനതയ്ക്ക് മഹത്തായ മലയാള സംസ്‌കാരത്തിന്റെ സന്ദേശവാഹകരാകുവാന്‍ എങ്ങനെ കഴിയും?വിദ്യക്ക് സംസ്‌കാരത്തെ കടഞ്ഞെടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നാം അഭ്യസിക്കുന്ന വിദ്യ കൊണ്ട് എന്ത് പ്രയോജനം?

Categories: FK Special, Slider