ബദ്‌ല (ഹിന്ദി)

ബദ്‌ല (ഹിന്ദി)

സംവിധാനം: സുജോയ് ഘോഷ്
അഭിനേതാക്കള്‍: അമിതാഭ് ബച്ചന്‍, തപ്‌സി പന്നു, അമൃത സിംഗ്
ദൈര്‍ഘ്യം: 120 മിനിറ്റ്

2012-ല്‍ കഹാനി എന്ന ചിത്രത്തിലൂടെ പ്രേക്ഷകനെ വിസ്മയിപ്പിച്ച സംവിധായകനാണു സുജോയ് ഘോഷ്. 2015-ല്‍ അഹല്യ എന്ന ഹ്രസ്വചിത്രത്തിലൂടെയും സുജോയ് ഘോഷ് സിനിമാലോകത്തെ അമ്പരിപ്പിച്ചു. ഇപ്പോള്‍ ഇതാ വളരെ രസകരവും, ശ്രദ്ധ പിടിച്ചു പറ്റുന്നതും, നിഗൂഢത നിറഞ്ഞുനില്‍ക്കുന്നതുമായ ചിത്രവുമായെത്തിയിരിക്കുന്നു. ചിത്രത്തിന്റെ കഥ വളരെ ലളിതമാണ്. അല്ലെങ്കില്‍ അങ്ങനെ നമ്മള്‍ക്കു തോന്നുന്നു. നൈന സേഥി (തപ്‌സി പന്നു) വിവാഹിതയാണ്. അവള്‍ കാമുകനായ അര്‍ജുന്‍ ജോസഫിനെ (ടോണി ലൂക്ക്) കൊലപ്പെടുത്തിയെന്ന ആരോപണം നേരിടുന്നു. കാര്യങ്ങളെല്ലാം എതിരായി മാറുമ്പോള്‍ നൈന, ബാദല്‍ ഗുപ്തയെന്ന (അമിതാഭ് ബച്ചന്‍) അഭിഭാഷകനെ സമീപിക്കുകയാണ്. നാല് പതിറ്റാണ്ട് നീണ്ടുനില്‍ക്കുന്ന അഭിഭാഷകവൃത്തിയില്‍ ഒരിക്കല്‍ പോലും വാദിച്ച കേസ് തോറ്റിട്ടില്ലാത്ത ചരിത്രമുണ്ട് ബാദലിന്. ഒരു കൂട്ടം നുണകള്‍ക്കിടയില്‍നിന്നും സത്യം കണ്ടെത്താന്‍ ബാദല്‍ അന്വേഷണം ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി നൈനയെ ബാദല്‍ ചോദ്യം ചെയ്യുമ്പോള്‍, അവളുടെ കാമുകന്റെ ശരീരം കണ്ടെത്തിയ ഹോട്ടല്‍ മുറിയില്‍ സംഭവദിവസം രാത്രി, അവളുടെ കൂടി സാന്നിധ്യത്തില്‍ എന്തെല്ലാം സംഭവിച്ചു എന്നതിനെ കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ പ്രേക്ഷകനു ബോദ്ധ്യപ്പെടുന്നു. കാമുകന്‍ കൊല്ലപ്പെട്ട സമയത്ത്, മൃതദേഹം കണ്ടെത്തിയ മുറിയില്‍ അവളല്ലാതെ മറ്റാരും പ്രവേശിച്ചില്ലെന്നും ചോദ്യം ചെയ്യലിനൊടുവില്‍ ബാദലിനു ബോദ്ധ്യപ്പെടുകയാണ്. പക്ഷേ, നൈന പറയുന്നത് ഈ സംഭവത്തില്‍ അവള്‍ നിരപരാധിയാണെന്നാണ്.

ദ ഇന്‍വിസിബിള്‍ ഗസ്റ്റ് എന്ന സ്പാനിഷ് ചിത്രത്തിന്റെ റീമേക്കാണ് ബദ്‌ല. ഒരു സിനിമ റീമേക്ക് ചെയ്യുമ്പോള്‍, ഒറിജിനല്‍ സിനിമയുടെ ആത്മാവ് നഷ്ടപ്പെടുകയും റീമേക്ക് ചിത്രം ഒറിജിനിലിന്റെ കാരിക്കേച്ചര്‍ പതിപ്പായി മാറുകയുമാണു സാധാരണയായി സംഭവിക്കാറുള്ളത്. എന്നാല്‍ ബദ്‌ലയില്‍ അങ്ങനെ സംഭവിച്ചിട്ടില്ലെന്നതാണു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അമിതാഭ് ബച്ചന്റെയും, തപ്‌സി പന്നുവിന്റെയും മികച്ച പ്രകടനവും, ഓരോ ചെറു ചലനങ്ങള്‍ പോലും സൂക്ഷ്മമായി വരച്ചു കാട്ടാന്‍ തക്കവിധമുള്ള രചനയും ചിത്രത്തെ കൂടുതല്‍ ആകര്‍ഷകമാക്കുകയാണ്. ഒരു ത്രില്ലിംഗ് അനുഭവം പകര്‍ന്നു നല്‍കുന്നുമുണ്ട്. പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന, ട്വിസ്റ്റുകളുള്ള രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ഇതാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഘടകവും. ആരാണ് കൃത്യം നിര്‍വഹിച്ചതെന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കാനും നിര്‍ബന്ധിക്കുന്നുണ്ട്. സുജോയ് ഘോഷും രാജ് വസന്തും ചേര്‍ന്നാണ് കഥയെഴുതിയിരിക്കുന്നത്. സ്പാനിഷ് ചിത്രത്തിന്റെ റീമേക്കിനെ ഇന്ത്യന്‍ പശ്ചാത്തലത്തിലേക്കു മാറ്റിയപ്പോള്‍ മഹാഭാരതത്തില്‍നിന്നും ധാരാളം പരാമര്‍ശങ്ങള്‍ കടമെടുത്തിട്ടുണ്ട്. ഡയലോഗുകളില്‍ ചിലത് ഒരു ആവര്‍ത്തന സ്വഭാവം കാണിക്കുന്നുണ്ട്. എങ്കിലും കഥാപാത്രങ്ങളുടെ വികാരങ്ങള്‍ വളരെ കൃത്യമായും തന്മയത്വത്തോടെയും പ്രേക്ഷകനിലേക്ക് എത്തിക്കുന്നുണ്ട്.
ചിത്രത്തിലെ ഫഌഷ് ബാക്ക് രംഗങ്ങള്‍ വിരസതയുണര്‍ത്തുന്നവയാണ്. അതു കൊണ്ടു തന്നെ ദൈര്‍ഘ്യമുള്ളതായി അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അമിതാഭ് ബച്ചനും തപ്‌സി പന്നുവും തമ്മിലുള്ള രസതന്ത്രം ചിത്രത്തിനു ഗുണകരമാകുന്നുണ്ട്. ഒരു അഭിഭാഷകനെയും അയാളുടെ കക്ഷിയെയും യഥാര്‍ഥ ജീവിതത്തില്‍ നമ്മള്‍ എപ്രകാരമാണോ കണ്ടിരിക്കുന്നത് അതു പോലെ തന്നെ ഈ ചിത്രത്തിലും അനുഭവപ്പെടുന്നുണ്ട്. പിങ്ക് എന്ന ചിത്രത്തില്‍ ഇരുവരും ഇതിനു മുന്‍പ് അഭിനയിച്ചിട്ടുണ്ട്. ഒരു പക്ഷെ ആ ഘടകമായിരിക്കാം ഈ ചിത്രത്തില്‍ ഇരുവരും തമ്മിലുള്ള രംഗങ്ങള്‍ നന്നായി വര്‍ക്കഔട്ടാകാന്‍ കാരണമായി തീര്‍ന്നത്. ചിത്രത്തില്‍ തപ്‌സിയുടെ കഥാപാത്രത്തിനു നിരവധി നിറങ്ങളുണ്ട്. കഥ പുരോഗമിക്കുമ്പോള്‍ അവ ഓരോന്നായി വെളിവാകുന്നു. കഥാപാത്രത്തിന്റെ ഓരോ പരിവര്‍ത്തനങ്ങളും തികച്ചും ആധികാരികമാണെന്നു തോന്നിപ്പിക്കാന്‍ തപ്‌സിക്കു സാധിച്ചിരിക്കുന്നു. മറുവശത്ത് അമിതാഭ് ബച്ചന്റെ വേഷം പരിമിതമായ ഒന്നാണെങ്കിലും, ഗംഭീരമായ പുരുഷസ്വരം കൊണ്ട് മികച്ച ഡയലോഗുകള്‍ പറയുമ്പോള്‍ ആ പ്രകടനം, ഒരു കോടതി മുറിയിലെ മുതിര്‍ന്ന അഭിഭാഷകന്റെ വാദഗതികള്‍ പോലെ പ്രേക്ഷകനു തോന്നുന്നു. അത്രയ്ക്കും മികച്ച പ്രകടനമാണു ബച്ചന്റേത്. ചിത്രം വീക്ഷിക്കുന്ന ഓരോ പ്രേക്ഷകനും കൃത്യമായ അളവില്‍ ത്രില്ലും ടെന്‍ഷനും സമ്മാനിക്കാന്‍ തപ്‌സിക്കും ബച്ചനും സാധിച്ചിരിക്കുന്നു. സഹനടന്‍ ടോണി ലൂക്കിന്റെയും നടി അമൃത സിംഗിന്റെയും പ്രകടനവും മികച്ചു നില്‍ക്കുന്നു. അവിക് മുഖോപാദ്ധ്യായുടെ ഛായാഗ്രഹണം, മോനിഷ ആര്‍.ബല്‍ദാവയുടെ എഡിറ്റിംഗ്, ക്ലിന്റന്‍ സെരേജോയുടെ പശ്ചാത്തല സംഗീതം എ്ന്നിവ ചിത്രത്തിനു മുതല്‍ക്കൂട്ടാവുന്നുണ്ട്.

Comments

comments

Categories: Movies
Tags: Badhla, movie