സൗദി അറേബ്യയുടെ 400 മില്യണ്‍ ഡോളര്‍ ധനസഹായം അമേരിക്കന്‍ കമ്പനി തിരികെ നല്‍കി

സൗദി അറേബ്യയുടെ 400 മില്യണ്‍ ഡോളര്‍ ധനസഹായം അമേരിക്കന്‍ കമ്പനി തിരികെ നല്‍കി

എന്‍ഡീവര്‍ എന്ന ടാലന്റ് ഏജന്‍സിയാണ് പ്രതിഷേധ സൂചകമായി സൗദി കിരീടാവകാശിയുടെ ധനസഹായം തിരികെ നല്‍കിയത്

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തിലുള്ള പ്രതിഷേധ സൂചകമായി ബെവേര്‍ലി ഹില്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനി എന്‍ഡീവര്‍ സൗദി അറേബ്യയുടെ ധനസഹായം വേണ്ടെന്ന് വെച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നല്‍കിയ 400 മില്യണ്‍ ഡോളര്‍ ഫണ്ടാണ് എന്‍ഡീവര്‍ തിരികെ നല്‍കിയത്. സൗദിയുമായുള്ള എല്ലാ കരാറുകളും റദ്ദ് ചെയ്യാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഉന്നത വ്യക്തിത്വങ്ങള്‍ പങ്കെടുത്ത പാര്‍ട്ടിക്കിടെ ഡിസ്‌നി ചീഫ് എക്‌സിക്യുട്ടീവ് റോബര്‍ട്ട് ഇഗെര്‍, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബോസോസ് തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തില്‍ എന്‍ഡീവര്‍ മേധാവിയായ ഏരിയല്‍ ഇമ്മാനുവലിന്, സൗദി അറേബ്യയുടെ ഭാവി ഭരണാധികാരി എംബിഎസ് നല്‍കിയതാണ് ഈ ഫണ്ട്. എന്‍ഡീവറിന്റെ വളര്‍ച്ചയ്ക്ക് പുറമേ കായികം, സിനിമാ നിര്‍മ്മാണം, മോഡലിംഗ് തുടങ്ങി വിവിധ മേഖലകളിലുള്ള ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളിലൂടെ സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും വേണ്ടിയാണ് ഫണ്ട് അനുവദിച്ചിരുന്നത്. എന്നാല്‍ സൗദി അറേബ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തിലുള്ള പ്രതിഷേധ സൂചകമായി ഈ ഫണ്ട് തിരികെ നല്‍കാനും സൗദിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാനും കമ്പനി തീരുമാനിക്കുകയായിരുന്നുവെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഖഷോഗ്ഗിയുടെ കൊലപാതത്തിലുള്ള പ്രതിഷേധസൂചകമായി പല അമേരിക്കന്‍ കമ്പനികളും സൗദിയുമായുള്ള ബന്ധങ്ങള്‍ വേണ്ടെന്ന് വെച്ചിരുന്നു.കഴിഞ്ഞ ഒക്‌റ്റോബറില്‍ സൗദി തലസ്ഥാനമായ റിയാദില്‍ വച്ച് നടന്ന നിക്ഷേപക സംഗമത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ യുബെര്‍, ഗോള്‍ഡ്മാന്‍ സച്ച്‌സ്, ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പ് തുടങ്ങിയ അന്താരാഷ്ട്ര കമ്പനികള്‍ തീരുമാനിച്ച് മാസങ്ങള്‍ക്കുള്ളിലാണ് എന്‍ഡീവറും സൗദി ധനസഹായം തിരികെ നല്‍കിയത്. ബ്രിട്ടണിലെ മീഡിയ, ടെക്‌നോളജി കമ്പനിയായ വിര്‍ജിന്‍ ഗ്രൂപ്പ് സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ തന്റെ ബിസിനസ് സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് സൗദിയുമായി നടത്താനിരുന്ന എല്ലാ ചര്‍ച്ചകളും വേണ്ടെന്ന് വെച്ചതും ഖഷോഗ്ഗി കൊലപാതകത്തിലുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ്.

ഈ പ്രതിഷേധങ്ങളെ പിന്‍പറ്റിയാണ് സൗദിയുമായുള്ള എല്ലാ ബന്ധങ്ങളും വേണ്ടെന്ന് വെക്കാന്‍ എന്‍ഡീവറും തീരുമാനിച്ചത്. കഴിഞ്ഞ ഒക്‌റ്റോബര്‍ 15ന് ഫ്രാന്‍സിലെ കാനില്‍ വച്ച് നടന്ന വ്യവസായ പരിപാടിയില്‍ ഖഷോഗിയുടെ കാണാതാവല്‍ വളരെ ആശങ്കാജനകമാണെന്ന് കമ്പനി മേധാവിയായ ഇമ്മാനുവല്‍ അഭിപ്രായപ്പെട്ടിരുന്നു. 400 മില്യണ്‍ ഡോളറിന്റെ നിക്ഷേപം മടക്കി നല്‍കാന്‍ ഉദ്ദേശിക്കുന്നുവെന്ന് സൗദിയെ അറിയിച്ച ശേഷം, സൗദിയുടെ പ്രതികരണം ഭയന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമായാണ് ഇമ്മാനുവലിന്റെ നടപ്പെന്നും റിപ്പോര്‍ട്ടുകളുണ്ട്. മറ്റ് നിക്ഷേപകരുടെ താല്‍പര്യപ്രകാരമാണ് സൗദി ഫണ്ട് തിരികെ നല്‍കാന്‍ എന്‍ഡീവര്‍ മേധാവി തീരുമാനിച്ചത്.

കഴിഞ്ഞ വര്‍ഷം നടന്ന അമേരിക്കന്‍ സന്ദര്‍ശനത്തിനിടയ്ക്ക് സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ് ഫണ്ട് വികസിപ്പിക്കുന്നതിനും എണ്ണവിപണിയിലുള്ള രാജ്യത്തിന്റെ ആശ്രയത്വം കുറയ്ക്കുന്നതിനും പിന്തുണ തേടി നിരവധി അമേരിക്കന്‍ രാഷ്ട്രീയ നേതാക്കന്മാരുമായും ബിസിനസ് വ്യക്തിത്വങ്ങളുമായും എംബിഎസ് കൂടിക്കാഴ്ച നടത്തിയിരുന്നു. സൗദിയിലെ വിനോദ മേഖലയെ കൂടുതല്‍ പച്ചപിടിക്കുക എന്ന ലക്ഷ്യവുമായി സിനിമാ നാടക കമ്പനിയായ എഎംസിയുമായും അമ്യൂസ്‌മെന്റ് പാര്‍ക്ക് നടത്തിപ്പുകാരായ സിക്‌സ് ഫഌഗ്‌സുമായും വിവിധ കരാറുകളില്‍ എംബിഎസ് ഒപ്പുവെച്ചതും ഈ സന്ദര്‍ശനത്തിനിടയ്ക്കാണ്.

വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി വിമര്‍ശകനുമായിരുന്ന ജമാല്‍ ഖഷോഗ്ഗി കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബര്‍ 2നാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെടുന്നത്. ഖഷോഗ്ഗിയുടെ കാണാതാവലുമായി യാതൊരു ബന്ധവുമില്ലെന്ന് ആഴ്ചകളോളം സമര്‍ത്ഥിച്ചെങ്കിലും സൗദി ഉദ്യോഗസ്ഥര്‍ക്ക് ആ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സൗദിക്ക് പിന്നീട് സമ്മതിക്കേണ്ടതായി വന്നു. എന്നാല്‍ എംബിഎസിന് ഈ കൊലപാതകവുമായി ഒരു ബന്ധവും ഇല്ലെന്നാണ് ഇപ്പോഴും സൗദി അവകാശപ്പെടുന്നത്. ഖഷോഗ്ഗിയുടെ മൃതശരീരം വെട്ടിനുറുക്കി കോണ്‍സുലേറ്റില്‍ നിന്നും 300 മീറ്റര്‍ അകലെയുള്ള കോണ്‍സുലേറ്റ് ജനറലിന്റെ വസതിയിലെ ഉദ്യാനത്തിലുള്ള ചൂളയില്‍ വെച്ച് കത്തിച്ചുവെന്നാണ് തുര്‍ക്കിയിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

ഖഷോഗ്ഗിയുടെ മരണവും അത് മൂടിവെക്കാനുള്ള സൗദിയുടെ ശ്രമവും അമേരിക്കയുടെ അതൃപ്തിക്ക് കാരണമായിരുന്നു. മൃദു നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചതെങ്കിലും ഖഷോഗ്ഗിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഭരണ, പ്രതിപക്ഷ ഭേദമന്യേ സൗദിയിലെ മനുഷ്യാവകാശപ്രശ്‌നങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് അമേരിക്കയില്‍ രൂപപ്പെട്ടത്.സൗദിയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്കെതിരെയും മറ്റ് അരാജത്വ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കതിന് സൗദി അറേബ്യയിലെ അമേരിക്കന്‍ അംബാസഡര്‍ സ്ഥാനക്കേത്ത് ട്രംപ് നിര്‍ദ്ദേശിച്ച വ്യക്തിയെ അമേരിക്കന്‍ സെനറ്റര്‍മാര്‍ വെല്ലുവിളിച്ചു. കുറ്റകൃത്യങ്ങളുടെയും ദുഷ്പ്രവര്‍ത്തികളുടെയും നാടാണ് സൗദിയെന്നും സെനറ്റര്‍മാര്‍ ആരോപിച്ചു. എംബിഎസ് ഒരു പൂര്‍ണ്ണ കൊള്ളസംഘ നേതാവായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് ഒരു സെനറ്റര്‍ കുറ്റപ്പെടുത്തിയത്. യെമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങള്‍ നടത്തുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ മാസം അമേരിക്കന്‍ പ്രതിനിധി സഭ പ്രമേയം പുറത്തിറക്കിയിരുന്നു.

അതേസമയം ഇത്തരം പ്രതിഷേധങ്ങളും ഖഷോഗ്ഗി കൊലപാതകവുമായി ബന്ധമുള്ള 17 സൗദി ഉദ്യോഗസ്ഥര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുകളും ഒഴിച്ചാല്‍ അമേരിക്കയും സൗദിയുമായുള്ള സുപ്രധാന ബന്ധങ്ങള്‍ക്കൊന്നും കോട്ടം തട്ടിയിട്ടില്ല. അമേരിക്കയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി കോടിക്കണക്കിന് ഡോളറിന്റെ സൗദി സഹായമാണ് ബ്ലാക്ക്‌സ്‌റ്റോണ്‍ ഉപയോഗപ്പെടുത്തുന്നത്. ആസ്തി പരിപാലന കമ്പനിയായ ബ്ലാക്ക്‌റോക്ക് തുടര്‍ന്നും സൗദി ഫണ്ടുകള്‍ മാനേജ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. സമാനമായി സൗദി ധനസഹായങ്ങള്‍ സ്വീകരിച്ച യുബറും മറ്റ് അന്താരാഷ്ട്ര കമ്പനികളും അത് തിരികെ നല്‍കുമെന്ന സൂചന ഇതുവരെ നല്‍കിയിട്ടില്ല.

Comments

comments

Categories: Arabia