9 വര്‍ഷത്തെ ചൈനീസ് ജിഡിപി കണക്കുകള്‍ വ്യാജമെന്ന് പഠനം

9 വര്‍ഷത്തെ ചൈനീസ് ജിഡിപി കണക്കുകള്‍ വ്യാജമെന്ന് പഠനം

ജിഡിപി കണക്കിലെ കള്ളക്കളികളുടെ പേരില്‍ ചൈനയ്ക്ക് നാണക്കേടുണ്ടാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 2008 മുതല്‍ 2016 വരെയുള്ള കാലയളവിലെ ചൈനയുടെ ജിഡിപി നിരക്ക് പെരുപ്പിച്ച് കാട്ടിയതെന്ന് പഠനം

ബെയ്ജിംഗ്: ചൈനയുടെ ജിഡിപി കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചതെന്ന് പഠനം. 2008 മുതല്‍ ചൈനീസ് വളര്‍ച്ചയിലെ മാന്ദ്യം ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നതിനേക്കാളും കൂടുതല്‍ രൂക്ഷമാണെന്ന് പുതുക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നതായി ഗവേഷകര്‍ പറയുന്നു.

2008 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ചൈനയുടെ ജിഡിപി നിരക്ക് യഥാര്‍ത്ഥ സാമ്പത്തിക വളര്‍ച്ചയെക്കാളും 1.7 ശതമാനം പോയ്ന്റ് പെരുപ്പിച്ചുള്ളതാണെന്നാണ് പുതിയ പഠനം പറയുന്നത്. ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോംഗിലെയും ചിക്കാഗോ യൂണിവേഴ്സിറ്റിയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

സാമ്പത്തിക വളര്‍ച്ചാ, നിക്ഷേപ ലക്ഷ്യങ്ങള്‍ എത്തിപ്പിടിച്ചുവെന്ന് കാണിക്കാനായി പ്രാദേശിക സര്‍ക്കാരുകളാണ് കണക്കില്‍ മായം ചേര്‍ത്തതെന്ന് ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രസിദ്ധീകരിച്ച കരട് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതേക്കുറിച്ച് നന്നായി അറിയാവുന്ന ചൈനയുടെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (എന്‍ബിഎസ്) ഈ പ്രാദേശിക കണക്കുകള്‍ക്കനുസരിച്ചുളഌക്രമീകരണങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ 2008 മുതല്‍ അത്തരം കണക്കുകളില്‍ പിഴവ് സംഭവിച്ചതായി വെയി ചെന്‍, സിലു ചെന്‍, ചാംഗ്-തായ് ഹീസീ, ഷെംഗ് എന്നീ ഗവേഷകര്‍ പറയുന്നു.

പ്രാദേശിക സാമ്പത്തിക കണക്കുകള്‍ 2008നു ശേഷമുള്ള യഥാര്‍ത്ഥ സംഖ്യകളെ തെറ്റായി അവതരിപ്പിക്കുന്നു, എന്നാല്‍ എന്‍ബിഎസ് വരുത്തിയ ക്രമീകരണത്തില്‍ ഇതനുസരിച്ചായിരുന്നില്ല-റിപ്പോര്‍ട്ടില്‍ പറയുന്നു. പകരം, നികുതി വരുമാനം, സാറ്റലൈറ്റ് രാത്രി ലൈറ്റുകള്‍, വൈദ്യുതി ഉപഭോഗം, റെയ്ല്‍ കാര്‍ഗോ ഇടപാടുകള്‍, കയറ്റുമതി, ഇറക്കുമതി തുടങ്ങിയ മേഖലകളിലെ കണക്കുകളെ മാത്രം അധികരിച്ചാണ് അവര്‍ റിപ്പോര്‍ട്ട്് തയാറാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയില്‍ എന്താണ് സംഭവിക്കുന്നതെന്നതിന് വ്യക്തതയില്ലെന്ന ആരോപണങ്ങള്‍ ഇതോടെ ശക്തമാവുകയാണ്.

2008 മുതല്‍ ചൈനീസ് വളര്‍ച്ചയിലെ മാന്ദ്യം ഔദ്യോഗിക സാമ്പത്തിക കണക്കുകള്‍ പറയുന്നതിനേക്കാളും കൂടുതല്‍ കടുത്തതാണെന്ന് പുതുക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നതായി ഗവേഷകര്‍ പറയുന്നു. ഗവേഷണ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ എന്‍ബിഎസ് തയാറായില്ല. ചൈനയുടെ ജിഡിപി നിരക്കുകള്‍ വളരെയധികം വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ചൈനയില്‍ ഓരോ പ്രാദേശിക സര്‍ക്കാരിനും വളര്‍ച്ചാ, നിക്ഷേപ ലക്ഷ്യങ്ങള്‍ ഉണ്ട്. ഇത് ശരിയായി എത്തിപ്പിടിച്ചാല്‍ അവിടത്തെ ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികവും പ്രൊമോഷനും ഉണ്ട്. ലക്ഷ്യം നേടി എന്ന് തെളിയിക്കാനാണ് അവര്‍ ഓരോ വര്‍ഷവും കണക്കുകള്‍ പെരുപ്പിച്ചു കാണിക്കുന്നതെന്നാണ് വിലയിരുത്തല്‍. പല സന്ദര്‍ഭങ്ങളിലും ദേശീയ വളര്‍ച്ചാ നിരക്കിനേക്കാള്‍ 10 ശതമാനം വരെ കൂടുതലായിരിക്കും ചില പ്രാദേശിക ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വളര്‍ച്ചാ നിരക്കുകള്‍.

കഴിഞ്ഞ വര്‍ഷങ്ങളില്‍, തെറ്റായ സാമ്പത്തിക കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ നേരിടുന്നതിനായി ദേശീയ അതോറിറ്റി, സ്ഥാപനങ്ങളില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിനായി ഒരു പരിശോധന സംഘത്തെയും രൂപീകരിച്ചു.
ചൈനയുടെ പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചാനിരക്ക് 6-6.5 ശതമാനത്തിലേക്ക്് കുറയ്ക്കാന്‍ അടുത്തിടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മാന്ദ്യ സൂചനകളുടെയും യുഎസുമായുള്ള വ്യാപാര യുദ്ധം സൃഷ്ടിച്ച പ്രത്യാഘാതങ്ങളുടെയും പശ്ചാത്തലത്തിലാണ് വളര്‍ച്ചാ ലക്ഷ്യങ്ങളില്‍ മാറ്റം വരുത്തിയത്.

സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ വിദേശ നിക്ഷേപ നിയമം എത്രയും പെട്ടെന്ന് പാസാക്കിയെടുക്കാന്‍ ശ്രമിക്കുകയാണ് ഷി ജിന്‍പിംഗ് സര്‍ക്കാര്‍. പ്രാദേശിക ബിസിനസുകളെ പോലെ തന്നെ വിദേശ നിക്ഷേപകര്‍ക്കും പ്രാധാന്യം ലഭിക്കുന്ന തരത്തിലാകും പുതിയ നിയമം. വ്യാപാര യുദ്ധത്തില്‍ പൊറുതി മുട്ടിയതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ ഷി ജിന്‍പിംഗ് നിര്‍ബന്ധിതനായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Comments

comments

Categories: World
Tags: chinese gdp