2025 ല്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് 165 ബില്യണ്‍ ഡോളറിലേക്ക് വളരും

2025 ല്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് 165 ബില്യണ്‍ ഡോളറിലേക്ക് വളരും

ഇ-കൊമേഴ്‌സിലും ഡിജിറ്റല്‍ വ്യാപാരത്തിലും വളര്‍ച്ചാവേഗത്തില്‍ ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും ഏറ്റവും മുന്നില്‍

ന്യൂഡെല്‍ഹി: ഇന്ത്യയും പത്ത് ആസിയാന്‍ രാജ്യങ്ങളുമാണ് ആഗോള ഇ-കൊമേഴ്‌സ് രംഗത്തും ഡിജിറ്റല്‍ വാണിജ്യ മേഖലകളിലും ഏറ്റവും വേഗതയില്‍ വളര്‍ച്ച നേടുന്ന വിപണികളെന്ന് വ്യാപാര സംഘടനയായ ഫിക്കിയുടെയും ആഗോള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കെപിഎംജിയുടെയും സംയുക്ത റിപ്പോര്‍ട്ട്. ആഗോള ഇ-കൊമേഴ്‌സ് മേഖലയില്‍ ചൈന ആധിപത്യം തുടരുമെങ്കിലും ഏറ്റവും മികച്ച വളര്‍ച്ചയുണ്ടാക്കുന ഇന്ത്യയിലെയും ആസിയാനിലെയും വിപണികളാവുമെന്നാണ് നിരീക്ഷണം. ‘ഇന്ത്യ ആന്‍ഡ് ആസിയാന്‍: കോ-ക്രിയേറ്റിംഗ് ദ ഫ്യൂച്ചര്‍’ എന്ന റിപ്പോര്‍ട്ടാണ് ഇ-കൊമേഴ്‌സ് മേഖലക്ക് ആവേശം പകരുന്ന കണക്കുകള്‍ പങ്കു വെക്കുന്നത്.

2025 ആകുന്നതോടെ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണി 165.5 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രവചനം. ആസിയാന്‍ രാജ്യങ്ങളുടെ സംയുക്ത വിപണി 90 ബില്യണ്‍ ഡോളറിലേക്കും വളരും. 2014 ല്‍ 1.3 ട്രില്യണ്‍ ഡോളറായിരുന്ന ആഗോള ഇ-കൊമേഴ്‌സ് വില്‍പ്പന 2021 ആകുന്നതോടെ 4.5 ട്രില്യണ്‍ ഡോളറിലേക്ക് ഉയരുമെന്നും ഫിക്കി-കെപിഎംജി റിപ്പോര്‍ട്ട് കണക്കാക്കുന്നു. ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, കംബോഡിയ, മ്യാന്‍മര്‍, ബ്രൂണയ്, ലാവോസ് എന്നിവയാണ് അസോസിയേഷന്‍ ഓഫ് സൗത്ത് ഏഷ്യന്‍ നേഷന്‍സ് (ആസിയാന്‍) രാജ്യങ്ങളിലുള്‍പ്പെടുന്നത്. ഇന്ത്യയും ആസിയാനും ഡിജിറ്റല്‍ വാണിജ്യം വര്‍ധിപ്പിക്കാനും സുസ്ഥിരമാക്കാനും സഹായിക്കുന്ന ആവാസവ്യവസ്ഥയുടെ വികസനത്തിനായി കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ആസിയാന്‍ രാജ്യങ്ങളില്‍ ഇന്തോനേഷ്യയുടെ ഇ-കൊമേഴ്‌സ് വിപണി 2015 ലെ 1.7 ബില്യണ്‍ ഡോളറില്‍ നിന്ന് 2025 ആകുന്നതോടെ 46 ബില്യണ്‍ ഡോളറിലേക്ക് ഉയരും. തായ്‌ലന്‍ഡ് വിപണി 0.9 ബില്യണില്‍ നിന്ന് 11 ബില്യണ്‍ ഡോളറിലേക്കും ഫിലിപ്പീന്‍സ് 0.5 ബില്യണില്‍ നിന്ന് 9.7 ബില്യണ്‍ ഡോളറിലേക്കും മലേഷ്യ ഒരു ബില്യണില്‍ നിന്ന 8.2 ബില്യണ്‍ ഡോളറിലേക്കും വിയറ്റ്‌നാം വിപണി 0.4 ബില്യണില്‍ നിന്ന് 7.5 ലേക്കും വളരും. സിംഗപ്പൂരിന്റേത് ഒരു ബില്യണില്‍ നിന്ന് 5.4 ബില്യണ്‍ ഡോളറിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍. ഇക്കാലയളവില്‍ ചൈനീസ് ഇ-കൊമേഴ്‌സ് വിപണി 672 ബില്യണ്‍ ഡോളറിലേക്ക് വികസിക്കും.

ഇന്റര്‍നെറ്റ് ലഭ്യതയിലും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിലുമുണ്ടായ വര്‍ധനവ്, യുവജനങ്ങളുടെ പങ്കാളിത്തം, മധ്യവര്‍ഗ ജനതയുടെ വികസനം എന്നിവയായിരിക്കും എല്ലാ വിപണികളിലും അതിവേഗതയിലുള്ള ഇ-കൊമേഴ്‌സിന്റെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുക. അതിര്‍ത്തി കടന്നുള്ള ഇ-കൊമേഴ്‌സും ഈ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കും. ഈ ഉപ വിഭാഗം 2025 ആകുന്നതോടെ ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ വിലയില്‍ തങ്ങളുടെ രാജ്യത്ത് ലഭ്യമല്ലാത്ത വിശിഷ്ടമായ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള ഉപഭോക്താക്കളുടെ ആഗ്രഹം ഇതിന് ഊര്‍ജമേകുമെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നുണ്ട്.

ഇ-കൊമേഴ്‌സിന്റെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെയും അതിവേഗത്തിലുള്ള സ്വീകരണം സുരക്ഷയുടെ തലത്തില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നും ഫിക്കി-കെപിഎംജി റിപ്പോര്‍ട്ട് മുന്നറിപ്പ് നല്‍കുന്നു. ഇന്റര്‍നെറ്റ് മേഖലയിലെ നിയന്ത്രണങ്ങളും സൈബര്‍ സുരക്ഷാ നയങ്ങളും ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. ഇന്ത്യയെയും ആസിയാന്‍ രാജ്യങ്ങളെയും അപേക്ഷിച്ച് സുരക്ഷിതമായ ഡിജിറ്റല്‍ പേമെന്റിനും അനുബന്ധ ആവാസവ്യവസ്ഥകള്‍ക്കുമായി കാര്യക്ഷമമായ ഒരു സംവിധാനം വികസിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Categories: Business & Economy, Slider