ഫേസ്ബുക്ക് ഉടച്ചുവാര്‍ക്കാന്‍ ഒരുങ്ങി സുക്കര്‍ബെര്‍ഗ്

ഫേസ്ബുക്ക് ഉടച്ചുവാര്‍ക്കാന്‍ ഒരുങ്ങി സുക്കര്‍ബെര്‍ഗ്

ഫേസ്ബുക്ക് എന്ന പ്ലാറ്റ്‌ഫോമിനെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാട് വെളിപ്പെടുത്തിയിരിക്കുകയാണു സുക്കര്‍ബെര്‍ഗ്. ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണു സുക്കര്‍ബെര്‍ഗ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇതോടെ ഫേസ്ബുക്കിന്റെ ബിസിനസ് മോഡലുകള്‍, സ്ട്രാറ്റജികള്‍ എന്നിവയെക്കുറിച്ചു നിരവധി ചോദ്യങ്ങളും ഉയര്‍ത്തിയിരിക്കുന്നു.

സുരക്ഷിത, സ്വകാര്യ മെസേജിംഗ് സേവനങ്ങളായിരിക്കും ഫേസ്ബുക്ക് പോലെ തുറന്ന പ്ലാറ്റ്‌ഫോമുകളേക്കാള്‍ (open platform) ഭാവിയില്‍ കൂടുതല്‍ ജനകീയമാവുകയെന്നു താന്‍ വിശ്വസിക്കുന്നതായി ഫേസബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് പറഞ്ഞു. ഫേസ്ബുക്ക് പ്രൊഫൈലില്‍ ബുധനാഴ്ച (മാര്‍ച്ച് 6) സുക്കര്‍ബെര്‍ഗ് പോസ്റ്റ് ചെയ്ത ‘ എ പ്രൈവസി-ഫോക്കസ്ഡ് വിഷന്‍ ഫോര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്് ‘ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്ത 3,200 വാക്കുകളുള്ള ലേഖനത്തിലാണ് ഇക്കാര്യം സുക്കര്‍ബെര്‍ഗ് സൂചിപ്പിച്ചത്. സ്വകാര്യതയ്ക്കു മുന്‍തൂക്കം കൊടുക്കുന്ന വളരെ ലളിതമായ പ്ലാറ്റ്‌ഫോമിന് രൂപം നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നതായി പോസ്റ്റില്‍ സുക്കര്‍ബെര്‍ഗ് വ്യക്തമാക്കി. സുക്കര്‍ബെര്‍ഗിനെ സംബന്ധിച്ച്് ചൈനീസ് മൊബൈല്‍ ആപ്പ് ആയ വീ ചാറ്റ് ഏറ്റവും വലിയ വെല്ലുവിളിയും അതേസമയം, അദ്ദേഹത്തിന്റെ കമ്പനിക്കു ഭാവി മാതൃകയുമാണ്. 2011-ല്‍ ചൈനീസ് ഇന്റര്‍നെറ്റ് ഭീമനായ ടെന്‍സെന്റ് വികസിപ്പിച്ചെടുത്തതാണു വീ ചാറ്റ് എന്ന മൊബൈല്‍ ആപ്പ്. ഇതൊരു ഓള്‍ പര്‍പ്പസ് ആപ്പ് (an all-purpose mobile phone app) ആണ്. അതായത്, പലവിധ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ആപ്പ്. ടെക്സ്റ്റിലൂടെയും, ഓഡിയോ, വീഡിയോ കോളിലൂടെയും പരസ്പരം സന്ദേശങ്ങള്‍ കൈമാറാന്‍, വാര്‍ത്ത വായിക്കാന്‍, ഭക്ഷണം, ടാക്‌സി ഓര്‍ഡര്‍ ചെയ്യാന്‍, ബാങ്കില്‍ പണം നിക്ഷേപിക്കാന്‍, ലൈബ്രറിയില്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന പുസ്തകം തിരയാന്‍, ബിസിനസ് സംബന്ധമായ കോണ്‍ഫറന്‍സ് കോള്‍ നടത്താന്‍, സര്‍ക്കാരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ വീ ചാറ്റ് എന്ന ആപ്പ് കൊണ്ട് സാധിക്കും. ഇതിനു പുറമേ 500 പേരെ വരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടു ഓരോ ദിവസത്തെയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഗ്രൂപ്പുകള്‍ രൂപീകരിക്കാനും വീ ചാറ്റില്‍ സാധിക്കും. ആന്‍ഡ്രോയ്ഡ് എന്നാല്‍ മൊബൈല്‍ ഫോണിനെ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന ഒഎസ് ആണ്. അതു പോലെ ചൈനയില്‍ ഓരോ വ്യക്തിയുടെ ജീവിതത്തിലെ ഒഎസ് (ഓപറേറ്റിംഗ് സിസ്റ്റം) ആണ് വീ ചാറ്റ്. സുക്കര്‍ബെര്‍ഗ് ലക്ഷ്യമിടുന്നതും ഇതു പോലെ ചൈന ഒഴികെയുള്ള ലോകത്തിലെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒഎസ് ആക്കി ഫേസ്ബുക്കിനെ മാറ്റുകയെന്നതാണ്. കാരണം വീ ചാറ്റ് ഇപ്പോള്‍ ചൈനയില്‍ മാത്രമാണു ജനകീയമായിട്ടുള്ളത്. വീ ചാറ്റ് ചൈന വിട്ടു പുറത്തേയ്ക്കു വ്യാപിച്ചാല്‍ അതു ഫേസ്ബുക്ക് ആഗോളതലത്തില്‍ ഇപ്പോള്‍ ആസ്വദിക്കുന്ന ആധിപത്യത്തിനു വലിയ ഭീഷണിയാകുമെന്നു കരുതുന്നുണ്ട്. ഭാവിയില്‍ ഫേസ്ബുക്കിനെ ഓരോരുത്തരുടെയും ജീവിതത്തിലെ അവിഭാജ്യഘടകമാക്കി തീര്‍ക്കണമെങ്കില്‍ ഇപ്പോള്‍ സജീവമായിട്ടുള്ള ചില ആപ്പുകളെ തകര്‍ക്കേണ്ടതുണ്ട്. ടെലഗ്രാം, സിഗ്‌നല്‍, സ്‌കൈപ്പ്, ഗൂഗിളിന്റെ ഹാങ് ഔട്ട്, ആപ്പിളിന്റെ ഐ മെസേജ് എന്നിവയാണ് ഈ ആപ്പുകള്‍. ഫേസ്ബുക്ക് മെസഞ്ചറിനെയും, വാട്‌സ് ആപ്പിനെയും, ഇന്‍സ്റ്റാഗ്രാമിനെയും ഒരുമിപ്പിക്കുന്നതിലൂടെ മേല്‍ സൂചിപ്പിച്ച ആപ്പുകളെ അപ്രസക്തമാക്കാനാവുമെന്നും സുക്കര്‍ബെര്‍ഗ് കണക്കുകൂട്ടുന്നുണ്ട്. ആഗോളതലത്തില്‍ ഒരു ബില്യന്‍ യൂസര്‍മാരാണ് ഇന്‍സ്റ്റാഗ്രാമിനുള്ളത്. വാട്‌സ് ആപ്പിന് 1.5 ബില്യനും, മെസഞ്ചറിന് 1.3 ബില്യന്‍ യൂസര്‍മാരുമുണ്ട്.

വീ ചാറ്റും ഫേസ്ബുക്കും

രൂപീകൃതമായിട്ട് ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ഫേസ്ബുക്ക്, ഒരുപാട് വളര്‍ന്നിരിക്കുന്നു. ഫേസ്ബുക്ക് ഇന്നൊരു ന്യൂസ്‌പേപ്പറാണ്, ഒരു പോസ്റ്റ ഓഫീസാണ്, ഒരു ടെലിഫോണ്‍ എക്‌സ്‌ചേഞ്ചാണ്, രാഷ്ട്രീയ ചര്‍ച്ചകള്‍ സാധ്യമാക്കുന്നൊരു സമ്മേളന വേദിയാണ്, കായിക മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന ബ്രോഡ്കാസ്റ്ററാണ്, ജന്മദിനം ഓര്‍മിപ്പിക്കുന്ന സേവനദാതാവാണ്, ഒരു ഫോട്ടോ ആല്‍ബവുമാണ്. ഇനിയുമുണ്ട് വിശേഷണങ്ങള്‍. കഴിഞ്ഞ വര്‍ഷം പരസ്യവരുമാനത്തിലൂടെ മാത്രം ഫേസ്ബുക്ക് നേടിയത് 55 ബില്യന്‍ ഡോളറിലേറെയാണ്. അതിലൂടെ ഫേസ്ബുക്ക് ഏറ്റവും ലാഭകരമായ ബിസിനസ് സംരംഭങ്ങളിലൊന്നായി മാറുകയും ചെയ്തു. വീ ചാറ്റിനെയാണു ഫേസ്ബുക്ക് ഭാവിയിലെ മാതൃകയായി കാണുന്നതെന്ന കാര്യം ഉറപ്പാണ്. പക്ഷേ, വീ ചാറ്റിന്റെയും ഫേസ്ബുക്കിന്റെ പ്രവര്‍ത്തന രീതികളില്‍ വലിയ വ്യത്യാസമുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. വരുമാനത്തിനായി വീ ചാറ്റ് ഒരിക്കലും പരസ്യത്തെ മാത്രം ആശ്രയിക്കുന്നില്ല. വീ ചാറ്റ് യൂസര്‍മാര്‍ അവരുടെ ഫീഡുകളില്‍ (ഫേസ്ബുക്കിലെ newsfeed പോലെ) ഒരു ദിവസം ഒന്നോ രണ്ടോ പരസ്യങ്ങള്‍ മാത്രമാണു കാണുന്നത്. ചൈനയില്‍ വ്യാപകമായി നടപ്പിലാക്കിയിരിക്കുന്ന മൊബൈല്‍ പേയ്‌മെന്റ് സംവിധാനത്തിലൂടെയാണു വീ ചാറ്റിനു വരുമാനം ലഭിക്കുന്നത്. ആളുകള്‍ക്ക് ഷോപ്പ് ചെയ്യാനും, ഗെയ്മുകള്‍ കളിക്കാനും, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കാനും, ഭക്ഷണ ഡെലിവറികള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കാനുമൊക്കെ വീ ചാറ്റിന്റെ ആപ്പില്‍ സംവിധാനമുണ്ട്. ഇത്തരത്തില്‍ സേവനം ലഭ്യമാക്കി അതിലൂടെ കൈവരിക്കുന്ന കമ്മീഷനാണു വീ ചാറ്റിന്റെ വരുമാനം. ഇന്ന് ഇന്റര്‍നെറ്റില്‍ ഓണ്‍ലൈന്‍ പരസ്യമെന്നാല്‍ ജീവരക്തമായിട്ടാണു വിശേഷിപ്പിക്കുന്നത്. സിലിക്കണ്‍വാലിയിലെ ടെക് ഭീമന്മാര്‍ വരുമാനം കണ്ടെത്താനും അതുവഴി വളരാനും പുതുമയുള്ള സേവനം അവതരിപ്പിക്കുവാനും ഓണ്‍ലൈന്‍ പരസ്യത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്തമായി വീ ചാറ്റ് പോലുള്ള ആപ്പിലൂടെ ചൈനയില്‍ സംഭവിക്കുന്നതാകട്ടെ, ഫേസ്ബുക്ക് അവരുടെ പ്രവര്‍ത്തനരീതിയില്‍ എങ്ങനെ മാറ്റം വരുത്തണമെന്നല്ല, പകരം ഇന്റര്‍നെറ്റിനെ കൂടുതല്‍ വിപുലമായി എങ്ങനെ മാറ്റിയെടുക്കാമെന്നാണ്. വീ ചാറ്റിന് 1.1 ബില്യന്‍ ആക്ടീവ് യൂസര്‍മാരാണ് പ്രതിമാസമുള്ളത്.

പഠിക്കാനുണ്ട് ഏറെ

ഫേസ്ബുക്കിനെ ഒരു സ്വകാര്യ മെസേജിംഗ് പ്ലാറ്റ്‌ഫോമാക്കി മാറ്റാന്‍ സുക്കര്‍ബെര്‍ഗിനു വീ ചാറ്റിന്റെ സൃഷ്ടാവായ അലന്‍ സാങില്‍നിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുണ്ട്. നന്നായി രൂപകല്‍പ്പന ചെയ്ത സേവനം ലഭ്യമാക്കുന്നതിനായി പൂര്‍ണത തേടി നടക്കുന്നതില്‍ പ്രശസ്തനാണു സാങ്. ചൈനയിലെ ടെക്‌നോളജി മേഖലയില്‍ ആര്‍ട്ടിസ്റ്റ്, ഫിലോസഫര്‍ തുടങ്ങിയ നിലകളിലും സാങ് പ്രശസ്തനാണ്. അതുപോലെ ഉപയോക്താവിന്റെ അനുഭവത്തെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു കാര്യത്തിനും എതിരേ കഠിനമായി പ്രവര്‍ത്തിച്ച് അവ ഒഴിവാക്കാന്‍ ശ്രമിക്കുന്ന വ്യക്തി കൂടിയാണ് സാങ്. വീ ചാറ്റില്‍ കൂടുതല്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ടെന്‍സെന്റിന്റെ റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് ശ്രമിച്ചപ്പോള്‍ അതിനെതിരേ ധാരാളം യുദ്ധം കമ്പനിയുടെ ആഭ്യന്തരതലത്തില്‍ നടത്തിയിട്ടുണ്ട് സാങ്. എന്തു കൊണ്ടാണു വീ ചാറ്റിന്റെ മെസേജിംഗ് സേവനത്തില്‍ കൂടുതല്‍ പരസ്യങ്ങളെ ഉള്‍പ്പെടുത്താത്തത് എന്ന ചോദ്യത്തിന് ഈ വര്‍ഷമാദ്യം നാല് മണിക്കൂര്‍ നടത്തിയ ഒരു പ്രസംഗത്തിനിടെ സാങ് വെളിപ്പെടുത്തുകയുണ്ടായി.

‘നിരവധി ചൈനക്കാര്‍ ഒരുപാട് സമയം, ഏകദേശം ഓണ്‍ലൈനില്‍ അവര്‍ ചെലവഴിക്കുന്നതിന്റെ മൂന്നിലൊന്ന് വീ ചാറ്റില്‍ ചെലവഴിക്കുന്നു. വീ ചാറ്റ് ഒരു വ്യക്തിയാണെങ്കില്‍, അത് തീര്‍ച്ചയായും നിങ്ങളുടെ ഒരു സുഹൃത്തായിരിക്കുമെന്നത് ഉറപ്പ്. കാരണം ഒരു ഉറ്റ സുഹൃത്തുമായെന്ന പോലെ വീ ചാറ്റില്‍ അത്രമാത്രം സമയം ഓരോ ചൈനക്കാരനും ചെലവഴിക്കുന്നു. ഇത്തരമൊരു ബന്ധം നിലനില്‍ക്കുമ്പോള്‍, എങ്ങനെയാണു സുഹൃത്തിന്റെ മുഖത്ത് ഒരു പരസ്യം പതിക്കാന്‍ ആഗ്രഹിക്കുക ? അങ്ങനെ ചെയ്താല്‍ സുഹൃത്തിനോടു സംസാരിക്കുന്നതിനു മുമ്പ് പരസ്യം കാണേണ്ടതായി വരില്ലേ ? സാങ് ചോദിച്ചു’ സാങിന്റെ തത്വശാസ്ത്രം ടെന്‍സെന്റിന് ഇതുവരെ നഷ്ടം വരുത്തിയിട്ടില്ല. 2018-ലെ മൂന്നാം പാദത്തില്‍ പുറത്തുവന്ന ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ വീ ചാറ്റിന്റെ സോഷ്യല്‍ മീഡിയ അഡ്വര്‍ടൈസിംഗ് വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 61 ശതമാനമാണു വര്‍ധിച്ചതെന്നു സൂചിപ്പിക്കുന്നു. വീ ചാറ്റിന്റെ പേയ്‌മെന്റ് സേവനത്തില്‍നിന്നുള്ള വരുമാനത്തില്‍ 69 ശതമാനത്തിന്റെ വര്‍ധനയും കൈവരിച്ചു. ഇപ്പോള്‍ സുക്കര്‍ബെര്‍ഗ് പരസ്യ വരുമാനം അടിസ്ഥാനമാക്കിയ ബിസിനസില്‍നിന്നും വ്യത്യസ്തമായൊരു മാതൃക പിന്തുടരാനുള്ള ആഗ്രഹം അറിയിക്കുമ്പോള്‍ ആ മാറ്റം എളുപ്പമായിരിക്കില്ലെന്നാണു വിദഗ്ധര്‍ പറയുന്നത്. വ്യാജ വാര്‍ത്ത, സ്വകാര്യത തുടങ്ങിയവയില്‍ ഫേസ്ബുക്ക് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധി തേടുകയാണു സുക്കര്‍ബെര്‍ഗ്. അതിനു വേണ്ടിയാണ് അദ്ദേഹമിപ്പോള്‍ പ്രവര്‍ത്തനരീതി മാറ്റുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ, അത്തരമൊരു മാറ്റം ഫേസ്ബുക്കിന്റെ ധനസമ്പാദന ശേഷിയെ ദോഷകരമായി ബാധിക്കുമെന്നതു തീര്‍ച്ചയാണ്.

Comments

comments

Categories: Top Stories