യുബിഐ പദ്ധതി ഇന്ത്യയില്‍ നടപ്പാക്കാന്‍ സമയമായോ?

യുബിഐ പദ്ധതി ഇന്ത്യയില്‍ നടപ്പാക്കാന്‍ സമയമായോ?

എല്ലാ പൗരന്‍മാര്‍ക്കും/കുടുംബങ്ങള്‍ക്കും നിശ്ചിത വരുമാനം ഉറപ്പാക്കുന്ന സാര്‍വത്രിക അടിസ്ഥാന പദ്ധതിയെക്കുറിച്ചുള്ള (യുബിഐ) ചര്‍ച്ചകള്‍ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായിട്ടുണ്ട്. സാമ്പത്തിക സര്‍വേയില്‍ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം പ്രാധാന്യത്തോടെ ഊന്നിപ്പറഞ്ഞ പദ്ധതി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരമാര്‍ശത്തോടെയാണ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്. കേള്‍വിയില്‍ ഏറെ സുഖം പകരുന്നതാണെങ്കിലും ഇത്തരമൊരു പദ്ധതി നടപ്പാക്കുമ്പോള്‍ ഏറെ കടമ്പകള്‍ സര്‍ക്കാര്‍ നേരിടേണ്ടി വരും. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനപ്പുറം പണപ്പെരുപ്പവും ധന കമ്മിയുമടക്കമുള്ള ഗുരുതരമായ വിഷയങ്ങളെ നേരിടുന്നതാവും പ്രധാന പ്രശ്‌നം.

എല്ലാ മണ്ഡലങ്ങളിലും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കുകയെന്ന ആശയം മാറ്റിവെച്ച്, ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയാല്‍ രാജ്യത്തെ ദരിദ്രരായ ജനങ്ങള്‍ക്ക് സാര്‍വത്രിക അടിസ്ഥാന വരുമാനം അഥവാ യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം (യുബിഐ) ഉറപ്പാക്കുമെന്ന് വാദ്ഗാനം നല്‍കിയിരിക്കുകയാണ് പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഛത്തീഡ്ഗഢില്‍ നടന്ന കര്‍ഷക റാലിയില്‍ വെച്ചാണ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ ബാങ്ക് എക്കൗണ്ടുകളിലേക്ക് നേരിട്ട് പണം ലഭ്യമാക്കുന്നതിനെപ്പറ്റി അദ്ദേഹം വിവരിച്ചത്. പ്രാഥമിക വരുമാന പദ്ധതി, ഇതിനകം പല വിധത്തില്‍ പരീക്ഷിച്ച ഇരുപതോളം രാജ്യങ്ങള്‍ ലോകത്തുണ്ടെന്ന വിവരം സൗകര്യപൂര്‍വം മറന്നാണ് ഇത്തരമൊരു പരിപാടി ഇദംപ്രഥമമായി ഭരണതലത്തില്‍ നടപ്പാക്കുന്ന ആദ്യ രാജ്യമാവും ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞതെന്ന് തോന്നുന്നു. പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാതെ, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദശാബ്ദങ്ങള്‍ പഴക്കമുള്ള മുദ്രാവാക്യങ്ങളിലേക്ക് മടങ്ങിപ്പോവുകയും പദ്ധതി നടപ്പിലാക്കുന്നതോടെ രാജ്യത്ത് വിശന്നു വലയുന്നവരോ ദരിദ്രരോ ആയി ആരും അവശേഷിക്കില്ലെന്നും പറഞ്ഞുകൊണ്ട് പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.

ഇനി, എന്താണ് യുബിഐയെന്നും ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളില്‍ ഇതെങ്ങനെ ഇടം പിടിച്ചെന്നും പരിശോധിക്കാം. 2016-17 ലെ സാമ്പത്തിക സര്‍വേയിലാണ് യുബിഎസ് എന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. മഹാത്മാ ഗാന്ധിയുമായി നടത്തുന്ന ഒരു സംഭാഷണത്തിന്റെ രൂപത്തില്‍ തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ടില്‍, യാതൊരുവിധത്തിലുമുള്ള തൊഴിലും ചെയ്യാത്ത പൗരന്‍മാര്‍ക്ക് വരുമാനം നല്‍കുന്നതിന്റെ ധാര്‍മിക പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. എങ്ങനെയായാലും, രാഹുല്‍ ഗാന്ധി ഈ ആശയത്തെ അമിതമായി ലഘൂകരിക്കുകയും സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക പാരിതോഷികം എന്ന നിലയിലേക്ക് യുബിഐയെ അവതരിപ്പിക്കുകയും ചെയ്തു. ധാര്‍മികതയെ ചൊല്ലിയുള്ള കൂടിയാലോചന, സാമ്പത്തിക, സാമൂഹിക ആഘാതങ്ങളുടെ അനുമാനം, നയം വിജയകരമായി നടപ്പിലാക്കുന്നതിന്റെ സാധ്യത പരിശോധിക്കല്‍ എന്നിവയാണ് നയം നടപ്പാക്കുന്നതിന് മുന്നോടിയായി നടത്തേണ്ടത്; നിര്‍ഭാഗ്യവശാല്‍ അനുവര്‍ത്തിക്കാതിരിക്കുന്നതും.

തത്വശാസ്ത്രത്തില്‍ നിന്നു തന്നെ തുടങ്ങാം. സാമ്പത്തിക സര്‍വേയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പോലെ യുബിഐ എന്ന ആശയം എല്ലാ പൗരന്‍മാര്‍ക്കും നീതിയുടെ പരീക്ഷ പാസാകുന്നതിന് വേണ്ടിയുള്ള കുറഞ്ഞ വരുമാനം ഉറപ്പാക്കുകയെന്നതാണ്. ദാരിദ്രം, അസമത്വം എന്നിവയെ വേരോടെ പിഴുതുകളയുകയും പൊതുജനങ്ങള്‍ക്കായുള്ള സര്‍ക്കാരിന്റെ ധന വിനിമയങ്ങളില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന ഒരു ഉപകരണമായും വര്‍ത്തിക്കുന്ന യുബിഐ, രാഷ്ട്രവും പൗരന്‍മാരുമായി ഭരണ തലത്തിലുള്ള ബന്ധം ശക്തിപ്പെടുത്തുകയെന്ന ആശയത്തിലാണ് വേരൂന്നിയിരിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ആശയം ആദ്യമായി നിര്‍ദേശിക്കപ്പെടുമ്പോള്‍ പണ ചോര്‍ച്ച, അനര്‍ഹര്‍ ഇടം പിടിച്ച ഗുണഭോക്താക്കളുടെ പട്ടിക, അഴിമതിക്കാരായ ഇടനിലക്കാര്‍ എന്നിവ പോലെയുള്ള പ്രശ്‌നങ്ങളെ നേരിടുന്നതില്‍ പ്രാഥമിക മുന്നേറ്റം മാത്രമേ വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കൈവരിച്ചിരുന്നുള്ളൂ.

ജന്‍ ധന്‍ യോജന (ബാങ്ക് എക്കൗണ്ട്), ആധാര്‍ ബന്ധിപ്പിക്കല്‍, മൊബീല്‍ കണക്റ്റിവിറ്റി എന്നിവ സമഗ്രമായി ലഭ്യമായി ‘ജാം ത്രിത്വം’ (ജെഎഎം ട്രിനിറ്റി) എന്ന സാഹചര്യം ഇപ്പോള്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ ഈ സാമ്പത്തിക ചോര്‍ച്ച വലിയൊരളവ് വരെ കുറയ്ക്കാനായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വരെ കേന്ദ്ര സര്‍ക്കാര്‍ ഈയിനത്തില്‍ 90,000 കോടി രൂപയിലധികം ലാഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ക്കുവേണ്ടി നിശ്ചയിച്ചിരിക്കുന്ന പണം വകമാറ്റി ഉപയോഗിക്കുന്നതാണ് യുബിഐ പദ്ധതി സ്വീകരിക്കാനുള്ള ഒരു കാരണമായി സാമ്പത്തിക സര്‍വേ പറയുന്നത്. എന്നാല്‍ ജാം ത്വിത്വത്തിന്റെ കാര്യക്ഷമത ഈ കാഴ്ച്ചപ്പാടിന്റെ പ്രസക്തി ഇല്ലാതാക്കുന്നുണ്ട്.

2016-17 വര്‍ഷത്തെ വാര്‍ഷിക ബജറ്റനുസരിച്ച് പ്രത്യക്ഷമായോ പരോഷമായോ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ നടപ്പാക്കുന്ന 950 പദ്ധതികള്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 5.2 ശതമാനമാണ്. ഇവയില്‍ത്തന്നെ, 20 ശതമാനവും ഭക്ഷ്യ-മണ്ണെണ്ണ സബ്‌സിഡിക്കായാണ് ചെലവഴിക്കുന്നത്. പത്ത് ശതമാനം തുക, യൂറിയ സബ്‌സിഡി നല്‍കുന്നതിനും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കുമായി തുല്യമായി ഉപയോഗിക്കുന്നു. പൊതു വിതരണ സംവിധാനത്തിന് കീഴിലെ ഭക്ഷ്യ-മണ്ണെണ്ണ വിതരണ പദ്ധതി, ദേശീയ തൊഴിലുറപ്പ് പദ്ധതി, സര്‍വ ശിക്ഷാ അഭിയാന്‍, ഉച്ചഭക്ഷണ പദ്ധതി (എംഡിഎം), പ്രധാന്‍ മന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്‌വൈ), പ്രധാന്‍ മന്ത്രി ആവാസ് യോജന (പിഎംഎവൈ), സ്വച്ഛ് ഭാരത് മിഷന്‍(എസ്ബിഎം), എല്‍പിജി സബ്‌സിഡി, യൂറിയ സബ്‌സിഡി, ദേശീയ ആരോഗ്യ മിഷന്‍, ഏകീകൃത ശിശു വികസന സേവനത്തിനു കീഴിലുള്ള പദ്ധതികള്‍ എന്നിവയ്ക്കായി വിനിയോഗിക്കുന്ന തുക മൊത്തം ചെലവഴിക്കലിന്റെ 50 ശതമാനത്തോളം വരും. ആകെയുള്ള 950 പദ്ധതികളില്‍ 11 എണ്ണമാണ് ആകെ സര്‍ക്കാര്‍ ചെലവഴിക്കലിന്റെ പകുതിയും കൈക്കലാക്കുന്നതെന്ന് സാരം.

ഇവിടെയാണ് ഒരു സംഘര്‍ഷം ഉടലെടുക്കുന്നത്. സബ്‌സിഡിയോടെ ലഭിക്കുന്ന റേഷന്‍ വിഹിതം, യൂറിയ വളം, ആരോഗ്യ സേവനങ്ങള്‍, മറ്റ് സാമൂഹ്യ സൗകര്യങ്ങള്‍ എന്നിവക്കായി പണം ചെലവഴിക്കുന്നതിന് യുബിഐയിലൂടെയുള്ള സഹായം ഗുണഭോക്താക്കളെ സഹായിക്കും. എന്നാല്‍ ഇരു ഭാഗത്തു നിന്നും കാര്യക്ഷമതയോടെ ഇപ്രകാരം ചെലവ് ചെയ്യുകയെന്നത് ഒരു ഭരണകൂടത്തെയും സംബന്ധിച്ച് സാധ്യമായ കാര്യമല്ല. അതിനാല്‍ യുബിഐ നടപ്പിലാക്കുമ്പോള്‍ മുകളില്‍ പറഞ്ഞ പദ്ധതികളെല്ലാം അവസാനിപ്പിക്കേണ്ടി വരും. പണം നേരിട്ട് ബാങ്ക് എക്കൗണ്ടുകളില്‍ ലഭ്യമാക്കുമ്പോള്‍ ചോര്‍ച്ചയുടെ സാധ്യത തുലോം കുറയ്ക്കാന്‍ സാധിക്കും. പക്ഷേ, വിപണിയിലെ വിലക്കയറ്റങ്ങളുടെയും ചാഞ്ചാട്ടങ്ങളുടെയും ആഘാതത്തില്‍ നിന്ന് ഗുണഭോക്താക്കള്‍ക്ക് പരിരക്ഷ തുടര്‍ന്ന് പരിരക്ഷ ലഭിക്കില്ല. ചുരുക്കത്തില്‍ അവര്‍ക്ക് കാര്യമായ നഷ്ടം തന്നെ സംഭവിക്കും.

സ്രോതസുകള്‍ തെറ്റായി അനുവദിക്കപ്പെടുന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന 2016-17 സാമ്പത്തിക സര്‍വേ, രാജ്യത്തെ ഏറ്റവും ദരിദ്രമായ ജില്ലകള്‍ സര്‍ക്കാര്‍ ഫണ്ടിന്റെ അഭാവം മൂലം നേരിടുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉദാഹരണത്തിന് 40 ശതമാനത്തോളം ദരിദ്ര ജനങ്ങളുള്ള, പിന്നാക്കം നില്‍ക്കുന്ന ജില്ലകള്‍ക്കായി സൗജന്യ ഉച്ചഭക്ഷണ പദ്ധതിക്ക് (എംഡിഎം) കീഴിലുള്ള ഫണ്ടിന്റെ 20 ശതമാനമാണ് വകയിരുത്തിയിരിക്കുന്നത്. ബാങ്ക് എക്കൗണ്ടുകളിലേക്ക് നേരിട്ട് വരുമാനം ലഭ്യമാക്കുന്ന യുബിഐയിലൂടെ എല്ലാവര്‍ക്കും സമഗ്രമായ സഹായം ലഭ്യമാക്കാനും സ്രോതസുകളുടെ ക്രമരഹിതമായ വിതരണമെന്ന പ്രശ്‌നം പരിഹരിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഇവിടെയാണ് സര്‍ക്കാര്‍ ഇടപെടലിന്റെ പ്രാധാന്യം അതീവ നിര്‍ണായകമായി വരുന്നത്. മുന്‍ കാലങ്ങളിലെ ഭൂരിഭാഗം സര്‍ക്കാര്‍ പദ്ധതികളും കുറഞ്ഞ തുക വകയിരുത്തലും പണ ചോര്‍ച്ചയും മൂലം ബുദ്ധിമുട്ടിലായിരുന്നു. ഡാറ്റാ വിശകലനവും നിരീക്ഷണവും മുഖേന പണം വകയിരുത്തലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരുവിധം പരിഹരിക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ അനുഭവത്തിലൂടെ വ്യക്തമായിട്ടുണ്ട്. ബാങ്ക് എക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതി (ഡിബിടി) വഴി സര്‍ക്കാരിന് 90,000 കോടി രൂപയിലധികം ലാഭിക്കാന്‍ കഴിയുമെങ്കില്‍ ഡാറ്റാ വിശകലനത്തിലൂടെ ഭാവിയില്‍ വിവിധ പദ്ധതികള്‍ക്കും മേഖലകള്‍ക്കുമായി വകയിരുത്തുന്ന തുക ഉയര്‍ത്താമെന്ന കാര്യത്തില്‍ സംശയമില്ല. ലളിതമായ ഒരു പ്രശ്‌നത്തിന്റെ ആനുപാതികമല്ലാത്ത സങ്കീര്‍ണമയ പരിഹാരമാകും യുബിഐയെന്ന് ഇത്തരുണത്തില്‍ ചൂണ്ടിക്കാട്ടപ്പെടുന്നു.

ലക്ഷ്യം വെക്കലിനെക്കുറിച്ചുള്ളതാണ് അടുത്ത പ്രശ്‌നം. പേരില്‍ പറയുന്നതില്‍ നിന്ന് വിപരീതമായി യുബിഐ പദ്ധതിയില്‍ സാര്‍വത്രികമായി ഒന്നുമില്ലെന്നതാണ് വാസ്തവം. ജനസംഖ്യയില്‍ താഴെക്കിടയിലുള്ള 75 ശതമാനം വരുന്ന 80 കോടിയിലധികം ജനങ്ങള്‍ക്ക് മിനിമം വരുമാനം നല്‍കി സഹായിക്കുന്നതിനെ സംബന്ധിച്ചാണ് സാമ്പത്തിക സര്‍വേ ചര്‍ച്ച ചെയ്യുന്നത്. അതിനാല്‍ നല്ല ഉദ്ദേശ്യത്തോടെയാണ് പദ്ധതി നിര്‍ദേശിച്ചതെങ്കില്‍പോലും ഗുണഭോക്താക്കളെ ക്യത്യമായി പട്ടികപ്പെടുത്തുമെന്ന കാര്യത്തില്‍ ഒരുറപ്പും നല്‍കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റിനാകില്ല. ജാം (ജന്‍ധന്‍-ആധാര്‍-മൊബീല്‍) മാതൃകയാണ് അനര്‍ഹരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉപയോഗിക്കുകയെന്ന് കരുതിയാല്‍ പോലും അര്‍ഹരെ കണ്ടെത്താന്‍ എന്ത് മാനദണ്ഡമാണ് സ്വീകരിക്കുക?

പണപ്പെരുപ്പത്തിന്റെ തലത്തില്‍ നിന്ന് കണക്കാക്കിയാല്‍ 2016-17 സര്‍വേയില്‍ നിര്‍ദേശിക്കപ്പെട്ട വരുമാന പദ്ധതി രാജ്യത്തെ 75 ശതമാനം ജനങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 7,620 രൂപ വീതം നല്‍കാനാണ് നിര്‍ദേശിക്കുന്നത്. ഇത് ജിഡിപിയുടെ 4.9 ശതമാനം വരും. 950 സര്‍ക്കാര്‍ പദ്ധതികളുടെ ചെലവ് ജിഡിപിയുടെ 5.2 ശതമാനമാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നല്ലോ? ഇവിടെയാണ് അടുത്ത പ്രശ്‌നം ഉദിക്കുന്നത്. പുതിയതായി അധികാരത്തിലേറുമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ 2020-21 വര്‍ഷം മുതല്‍ എല്ലാ പൗരന്‍മാര്‍ക്കും 12,000 രൂപ വീതം വാര്‍ഷിക വരുമാനം (പ്രതിമാസം 1,000 രൂപ) നല്‍കാനോ ഓരോ കുടുംബത്തിനും 5,000 രൂപ വീതം നല്‍കാനോ തയാറാകുകയാണെന്ന് വിചാരിക്കുക, വിലക്കയറ്റത്തിന്റെ ആഘാതങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയാകും പിന്നീടത്തെ വെല്ലുവിളി.

ജനങ്ങളുടെ കൈവശം കൂടുതല്‍ പണലഭ്യതയുണ്ടെങ്കില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില ഉയരാന്‍ സാധ്യതയുണ്ട്. ഇത് യൂറിയ പോലുള്ള വളങ്ങളുടെയും മറ്റും വിലവര്‍ധനക്കും കാരണമായേക്കും. അതിനാല്‍ ഇപ്പോള്‍ യുബിഐ ലഭിക്കാന്‍ അര്‍ഹരായിരിക്കുന്ന ധാരാളം പേര്‍, പണം കൈയിലുണ്ടെങ്കിലും പദ്ധതികളുടെ ഗുണഫലങ്ങളെടുക്കാനാവാത്തവിധം പ്രതിസന്ധി നേരിടാം. അവസാനമായി, വാര്‍ഷിക വരുമാനത്തിന്റെ മാതൃകാപരമായ സംഖ്യ എന്തായിരിക്കണമെന്നും വിലക്കയറ്റത്തെ അത് എങ്ങനെ ബാധിക്കുമെന്നും സര്‍ക്കാരിന്റെ പങ്ക് ഈ വിഷയത്തില്‍ എന്തായിരിക്കുമെന്നുമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നു. സര്‍ക്കാര്‍ പദ്ധതികളും യുബിഐയും മുഖേന രണ്ട് മാര്‍ഗങ്ങളിലെ ചെലവിടലുകളിലൂടെ രണ്ടക്ക സാമ്പത്തിക കമ്മിയിലേക്ക് പണപ്പെരുപ്പത്തിലേക്കും എത്തിപ്പെടാന്‍ സര്‍ക്കാര്‍ സ്വയം സന്നദ്ധമാകുമോയെന്നതും സുപ്രധാനമായ ചോദ്യമാണ്.

അടിസ്ഥാനപരമായി യുബിഐ, വ്യക്തികളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് സ്വതന്ത്രരാക്കുകയാണ് ചെയ്യുന്നത്. സാര്‍വത്രിക ആരോഗ്യ പരിപാലനം, സാര്‍വത്രിക വിദ്യാഭ്യാസം, സമഗ്ര സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയവ പുതിയ ആശയങ്ങളായ ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ സംബന്ധിച്ച് യുബിഐ എന്ന ആശയം നടപ്പിലാക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ജന്‍ ധന്‍ പദ്ധതിയിലൂടെ പടിപടിയായുള്ള വ്യക്തിഗത വായ്പാ വളര്‍ച്ചയിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ആയുഷ്മാന്‍ ഭാരത് പദ്ധതി വഴി കേന്ദ്ര സര്‍ക്കാര്‍ വ്യക്തിപരമായ ആരോഗ്യപരിപാലന പദ്ധതി നടപ്പാക്കുന്നു. ഇവയെല്ലാം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങളാണ്.

സാമൂഹ്യ പുരോഗതിയുടെ തലത്തിലായിരിക്കും നിലവിലെ ഭരണകാലം ഓര്‍മിക്കപ്പെടുക. പണത്തിന്റെ ചോര്‍ച്ച തടയാന്‍ കഴിഞ്ഞതും സ്വച്ഛ് ഭാരത് അഭിയാന്‍, ജാം, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ നിര്‍ണായകമായ സര്‍ക്കാര്‍ പദ്ധതികളുമാണ് ഇതിനു സഹായകമായത്. ഓരോ കുടുംബത്തിനും പ്രതിമാസം ലഭിക്കുന്ന 5,000 രൂപ, നിലവില്‍ 950 സര്‍ക്കാര്‍ പദ്ധതികളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും വിപണിയിലെ വിലക്കയറ്റത്തില്‍ നിന്ന് നിലവില്‍ ലഭിക്കുന്ന പരിരക്ഷക്കും പകരമാവുമെന്നും പ്രതീക്ഷിക്കാനാവുമോ? പാരിതോഷികമായി പണം നല്‍കുന്നത് ഉദാരമായ ഒരു ആശയമായി തോന്നാം. എന്നാല്‍, ഇത് സര്‍ക്കാരിനെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവാക്കുന്ന ഒരു അവസ്ഥയുണ്ടാക്കും. യുബിഐ എന്നത് ചര്‍ച്ചകള്‍ കൂടാതെ തള്ളിക്കളയാവുന്ന ഒരു ആശയമല്ല. എന്നാല്‍ സമകാലീന ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്ക് ഏറെ മുന്നില്‍ സഞ്ചരിക്കുന്ന ഒരാശയമാണത്. പദ്ധതി സംബന്ധിച്ച വലിയ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനുമുന്‍പ് ഇതേ കുറിച്ച് കൂടുതല്‍ വിചിന്തനം ചെയ്യേണ്ടതുണ്ട്.

Categories: FK Special, Slider
Tags: UBI