ഗര്‍ഭകാല കുത്തിവെപ്പ് ആശങ്ക വേണ്ട

ഗര്‍ഭകാല കുത്തിവെപ്പ് ആശങ്ക വേണ്ട

ഗര്‍ഭപാത്രത്തിലെ അണുബാധ അപസ്മാരം, ഓട്ടിസം, വിഷാദരോഗം എന്നിവയ്ക്കു സാധ്യതയേറ്റുന്നു

രക്തദൂഷ്യം, പനി, ന്യൂമോണിയ തുടങ്ങിയവയുള്ള ഗര്‍ഭിണികള്‍ക്കു ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസം, ബുദ്ധിവൈകല്യം, വിഷാദരോഗം എന്നിവയുണ്ടാകാന്‍ സാധ്യതയേറുമെന്ന് പുതിയ പഠനം. ചെറിയ മൂത്രാശയ രോഗങ്ങള്‍ ഉള്ളവര്‍ക്കു പോലും ഉണ്ടാകുന്ന കുട്ടികളില്‍ ഇത്തരം വൈകല്യമുണ്ടാകാം. സ്ത്രീകള്‍ സാംക്രമിക രോഗങ്ങള്‍ക്കെതിരേ പ്രതിരോധ കുത്തിവെപ്പ് എടുത്തിരിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ ഗര്‍ഭകാലത്ത് കുത്തിവെപ്പുകള്‍ എടുക്കുന്നതിനെപ്പറ്റി വലിയ ആശങ്ക സമൂഹത്തില്‍ നിലനില്‍ക്കുന്നത് വെല്ലുവിളിയാണ്. ഇതു തെറ്റിദ്ധാരണയാണെന്നും പ്രതിരോധ കുത്തിവെപ്പ് ഗര്‍ഭമലസാനുള്ള കാരണമാകുന്നില്ലെന്നും സീയാറ്റിലിലെ വാഷിംഗ്ടണ്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ അധ്യാപിക ഡോ. ക്രിസ്റ്റീന ആഡംസ് വാല്‍ഡോര്‍ഫ് വ്യക്തമാക്കുന്നു.

ഇതു സംബന്ധിച്ചു പഠനറിപ്പോര്‍ട്ട് തയാറാക്കിയ വാല്‍ഡോര്‍ഫും സഹപ്രവര്‍ത്തകരും സ്വീഡനിലെ ദേശീയ ആരോഗ്യ രജിസ്റ്ററില്‍ നിന്നും രോഗിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിശകലനം ചെയ്തു. 1973 മുതല്‍ 2014 വരെ ആശുപത്രിയില്‍ പ്രവേശിച്ച മുഴുവന്‍ ഗര്‍ഭിണികളുടെയും വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് കുട്ടികളുടെ 41 വര്‍ഷത്തെ ജീവിതചരിത്രം പരിശോധിച്ചു. 1,791,520 കുട്ടികളുടെ രേഖകള്‍ ഉപയോഗിച്ച് അമ്മമാരില്‍ അണുബാധ ബാധിച്ചവരെ തിരിച്ചറിഞ്ഞു. പഠനഫലം വളരെ ഞെട്ടലുളവാക്കുന്നതായിരുന്നു. ഗര്‍ഭാവസ്ഥയില്‍ രോഗം ബാധിച്ച അമ്മമാര്‍ക്ക് ഉണ്ടാകുന്ന കുട്ടികളില്‍ ഓട്ടിസം ഉണ്ടാകാനുള്ള സാധ്യത 79 ശതമാനവും പ്രായപൂര്‍ത്തിയാകുമ്പോള്‍ വിഷാദരോഗമുണ്ടാകാനുള്ള സാധ്യത 24 ശതമാനവും കൂടുതലാണെന്നായിരുന്നു കണ്ടെത്തല്‍. ഗര്‍ഭാശയത്തില്‍ അണുബാധയുണ്ടായവരുടെ കുട്ടികളില്‍ ആത്മഹത്യാപ്രവണത കൂടുതലുള്ളതായും അവര്‍ കണ്ടെത്തി.

രക്തദൂഷ്യം, പനി, ന്യൂമോണിയ, മസ്തിഷ്‌കരോഗങ്ങള്‍, പ്ലാസന്റല്‍ കോശങ്ങളിലെ അണുബാധ സൃഷ്ടിക്കുന്ന കൊറിയോമ്‌നിണിറ്റീസ്, കഠിനമായ വൃക്കരോഗം, മൂത്രത്തില്‍ അണുബാധ തുടങ്ങിയ ഗൗരവതരമായ അണുബാധകളുണ്ടായവരുടെ കുഞ്ഞുങ്ങള്‍ക്ക് ഓട്ടിസം, വിഷാദം എന്നിവ വലിയ തോതില്‍ ഉണ്ടായതായി കണ്ടെത്തി. മൂത്രനാളിയിലെ അണുബാധ ഗര്‍ഭസ്ഥശിശുക്കളില്‍ എന്തെല്ലാം അസുഖങ്ങളാണുണ്ടാക്കുകയെന്നതു സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തണമെന്ന് സംഘം ആവശ്യപ്പെട്ടു. ഗര്‍ഭസ്ഥശിശുവിന്റെ മസ്തിഷ്‌കത്തെ അമ്മമാരിലെ അണുബാധ എളുപ്പത്തില്‍ പിടികൂടാനിടയുണ്ട്. മനുഷ്യമസ്തിഷ്‌കത്തിലെ ഓര്‍മ്മശക്തിയെ നിയന്ത്രിക്കുകയും വികാര സംവേദിനിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഹിപ്പോകാംപസിനെയാണു സികാ വൈറസ് ബാധിച്ചതെന്ന് ആഡംസ് വാല്‍ഡോര്‍ഫ് ഓര്‍മ്മിപ്പിക്കുന്നു.

ഗര്‍ഭാശയ അണുബാധ ഗര്‍ഭസ്ഥ ശിശുക്കളിലുണ്ടാക്കുന്ന അസുഖങ്ങള്‍ സംബന്ധിച്ച ഏറ്റവും സമഗ്രമായ പഠനമാണിതെന്ന് മേരിലാന്‍ഡ് മക്കാര്‍ത്തി യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ ശാസ്ത്രജ്ഞ പ്രൊഫസര്‍ മാര്‍ഗരറ്റ് മക്കാര്‍ത്തി പറഞ്ഞു. താരതമ്യേന ഗുരുതരമായ ഗര്‍ഭാശയ അണുബാധയും പൊതുവേ അവഗണിക്കാറുള്ള മൂത്രാശയ അണുബാധയും ഒരേ പോലെ അപകടസാധ്യതയുള്ളതാണെന്നതാണു വാസ്തവം. സൂക്ഷ്മമായ പലകാര്യങ്ങളും മസ്തിഷ്‌ക വികസനത്തില്‍ വളരെ പ്രധാന്യം വഹിക്കുന്നു. ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറ് വികസനത്തില്‍ ഇത്തരം നിസാരമെന്നു കരുതുന്നതും സാധാരണഗതിയില്‍ മനസിലാക്കാന്‍ കഴിയാത്തതുമായ കാര്യങ്ങള്‍ നിര്‍ണായകമായേക്കാമെന്നും മക്കാര്‍ത്തി പറയുന്നു. ആണ്‍ശിശുക്കളുടെ മസ്തിഷ്‌ക വികസനത്തില്‍ രോഗപ്രതിരോധ സംവിധാനങ്ങളുടെ വികസനം കൂടുതല്‍ വ്യക്തമാണ്. എന്നാല്‍ അമ്മമാരിലെ ഗര്‍ഭകാല രോഗങ്ങളോ അണുബാധയോ തലച്ചോറിന്റെ വികസനത്തിനു ദോഷകരമായി വര്‍ത്തിക്കുന്നുവെന്നു പഠനങ്ങള്‍ കാണിക്കുന്നു.

തായ്‌വാനില്‍ മുമ്പു നടത്തിയ ഒരു പഠനത്തില്‍ മൂന്നാം മാസത്തില്‍ ഗര്‍ഭാശയത്തില്‍ അണുബാധ കണ്ടെത്തിയവരുടെ ശിശുക്കളില്‍ ഓട്ടിസം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 1990 കളുടെ ആരംഭത്തില്‍, റുബെല്ല, പകര്‍ച്ചപ്പനി തുടങ്ങി നിരവധി രോഗങ്ങള്‍ ബാധിച്ച അമ്മമാരുടെ മക്കളില്‍ ഇവ സ്‌കീസോഫ്രീനിയയ്ക്കു വഴിവെക്കുമെന്ന് ശാസ്ത്രലോകം തെളിയിച്ചിരുന്നു. അടുത്തിടെ നടത്തിയ പഠനങ്ങളില്‍ ഗര്‍ഭാവസ്ഥയിലെ അണുബാധ വിഷാദരോഗം പോലുള്ള ഉല്‍ക്കണ്ഠാരോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പുതിയ പഠനങ്ങള്‍ ഇക്കാര്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നു. ഗര്‍ഭിണികള്‍ പരിഭ്രാന്തരാകേണ്ടതില്ല, അണുബാധ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുക. അതിനുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കുകയെന്നതാണ് ഉചിതം.

Comments

comments

Categories: Health