അടിമുടി മാറി മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍സി ഫേസ്‌ലിഫ്റ്റ്

അടിമുടി മാറി മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍സി ഫേസ്‌ലിഫ്റ്റ്

മെഴ്‌സേഡസ് ബെന്‍സിന്റെ പുതു തലമുറ 4 സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ നല്‍കി

ജനീവ : ഫേസ്‌ലിഫ്റ്റ് ചെയ്ത മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍സി ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ അരങ്ങേറ്റം കുറിച്ചു. പരിഷ്‌കരിച്ച സ്റ്റൈലിംഗ്, പുതിയതും പരിഷ്‌കരിച്ചതുമായ ഫീച്ചറുകള്‍ എന്നിവയോടെയാണ് 2020 മോഡല്‍ ജിഎല്‍സി വരുന്നത്. മെഴ്‌സേഡസ് ബെന്‍സിന്റെ പുതു തലമുറ 4 സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ എസ്‌യുവിയില്‍ നല്‍കിയിരിക്കുന്നു. 2020 മോഡല്‍ മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍സി ഈ വര്‍ഷം ആഗോളതലത്തില്‍ പുറത്തിറക്കും. ഈ വര്‍ഷം അവസാനമോ 2020 തുടക്കത്തിലോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

ജിഎല്‍സി 300 4മാറ്റിക്, ജിഎല്‍സി 220ഡി 4മാറ്റിക്, ജിഎല്‍സി 300ഡി 4മാറ്റിക് എന്നീ പുതിയ 4 സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാണ് 2020 മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍സി വരുന്നത്. 255 ബിഎച്ച്പി കരുത്തും 370 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ജിഎല്‍സി 300 4മാറ്റിക് മോഡലിന് കരുത്തേകുന്നത്. യൂറോപ്പില്‍, അധികമായി 10 കിലോവാട്ട് കരുത്തും 150 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ കൂടി നല്‍കും. 220ഡി മോഡല്‍ ഉപയോഗിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 192 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. അതേസമയം 300ഡി മോഡലില്‍ 241 ബിഎച്ച്പി കരുത്തും 500 എന്‍എം പരമാവധി ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എല്ലാ എന്‍ജിനുകളുമായും 9ജി-ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു.

പുതിയ ഗ്രില്‍, മധ്യത്തില്‍ കറുത്ത പ്രതലത്തില്‍ ബ്രാന്‍ഡ് ലോഗോ, പരിഷ്‌കരിച്ച ഹെഡ്‌ലാപുകള്‍ (സ്റ്റാന്‍ഡേഡായി എല്‍ഇഡി ലൈറ്റുകള്‍), പുതിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പുതിയ ഫ്രണ്ട് ബംപര്‍, പുതിയ ആംഗുലര്‍ എയര്‍ ഇന്‍ടേക്കുകള്‍ എന്നിവയാണ് പരിഷ്‌കാരങ്ങള്‍. 17 മുതല്‍ 19 ഇഞ്ച് വരെ വ്യാസമുള്ളവയാണ് പുതിയ അലോയ് വീലുകള്‍. പരിഷ്‌കരിച്ച എല്‍ഇഡി ടെയ്ല്‍ലാംപുകളും കാണാം.

കാബിനും പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായി. ഇന്റീരിയറില്‍ കറുത്ത നിറം നല്‍കിയിരിക്കുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീനും ഉള്‍പ്പെടുന്ന എംബിയുഎക്‌സ് (മെഴ്‌സേഡസ് ബെന്‍സ് യൂസര്‍ എക്‌സ്പീരിയന്‍സ്) സിസ്റ്റമാണ് ഏറ്റവും വലിയ കാബിന്‍ പരിഷ്‌കാരം. ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, സ്റ്റിയറിംഗ് വീലില്‍ ടച്ച് കണ്‍ട്രോള്‍ ബട്ടണുകള്‍, വോയ്‌സ് കണ്‍ട്രോള്‍, ജെസ്ചര്‍ കണ്‍ട്രോള്‍, സെന്റര്‍ കണ്‍സോളിലെ ടച്ച്പാഡ് എന്നിവ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് എംബിയുഎക്‌സ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാം.

ഡൈനാമിക് ബോഡി കണ്‍ട്രോള്‍ സസ്‌പെന്‍ഷന്‍ സവിശേഷതയാണ്. ഓഫ് റോഡ് എന്‍ജിനീയറിംഗ് പാക്കേജിലൂടെ ഓഫ് റോഡ്, ഓഫ് റോഡ് പ്ലസ് ഡ്രൈവിംഗ് മോഡുകള്‍ ലഭിക്കും. അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ആക്റ്റീവ് സ്റ്റിയറിംഗ് അസിസ്റ്റ്, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, റൂട്ട് ബേസ്ഡ് സ്പീഡ് അഡാപ്‌റ്റേഷന്‍ എന്നിവ ഡ്രൈവിംഗ് അസിസ്റ്റന്‍സ് പാക്കേജിന്റെ ഭാഗമാണ്.

Comments

comments

Categories: Auto