വ്യാപാര പ്രശ്‌നങ്ങള്‍ക്കിടെയും ഇറാന് മേലുള്ള ഇളവുകള്‍ നീട്ടിക്കിട്ടാന്‍ അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ

വ്യാപാര പ്രശ്‌നങ്ങള്‍ക്കിടെയും ഇറാന് മേലുള്ള ഇളവുകള്‍ നീട്ടിക്കിട്ടാന്‍ അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ

തെരഞ്ഞെടുപ്പിന് മുമ്പായി ഇളവുകള്‍ നീട്ടിക്കിട്ടാനാണ് ഇന്ത്യ ശ്രമിക്കുന്നത്

ടെഹ്‌റാന്‍: അമേരിക്കയുമായുള്ള പുതിയ വ്യാപാര പ്രശ്‌നങ്ങള്‍ക്കിടെയും ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 300,000 ബിപിഡി ആയി നിലനിര്‍ത്താനുള്ള ശ്രമങ്ങളുമായി ഇന്ത്യ. ഇറാന് മേലുള്ള അമേരിക്കന്‍ ഉപരോധത്തില്‍ ഇളവുകള്‍ നേടിയ ഇന്ത്യ ആ ഇളവുകളുടെ കാലാവധി നീട്ടിക്കിട്ടാന്‍ അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചെങ്കിലും അമേരിക്ക ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ലോകരാഷ്ട്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ച ഇളവുകള്‍ തുടര്‍ന്നും അനുവദിച്ച് കിട്ടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമിടയ്ക്കുള്ള വ്യാപാര തര്‍ക്കങ്ങള്‍ വര്‍ധിച്ചു വരുന്നതിനിടയ്ക്കാണ് ഇറാന്‍ വിഷയത്തില്‍ ഇന്ത്യ ഇളവുകള്‍ നീട്ടി നല്‍കാന്‍ അനുമതി തേടുന്നത്.

രണ്ടായിരത്തോളം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതിത്തീരുവയില്‍ പൂര്‍ണ ഇളവ് നല്‍കുന്ന ആനുകൂല്യം (ജിഎസ്പി-ജനറലൈസ്ഡ് സിസ്റ്റം പ്രിഫറന്‍സ് പദവി) എടുത്തുകളയാന്‍ തീരുമാനിച്ചിരിക്കുകയാണ് യുഎസ്. ജിഎസ്പി പ്രകാരമുള്ള ഇന്ത്യയുടെ കയറ്റുമതി ഏകദേശം 5.6 ബില്ല്യണ്‍ ഡോളര്‍ വരും. ദരിദ്ര, അവികസിത രാജ്യങ്ങള്‍ക്ക് വ്യാപാരത്തിലൂടെ സാമ്പത്തിക വളര്‍ച്ച നേടാനും ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടാനും സഹായിക്കുന്നതിനായി 1970കളില്‍ അവതരിപ്പിച്ച പദ്ധതിയാണിത്, ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവാകട്ടെ ഇന്ത്യയും. അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറിയ ശേഷം വ്യാപാരയിനത്തില്‍ ഇന്ത്യക്കെതിരെ കൈക്കൊണ്ട ഏറ്റവും രൂക്ഷമായ തീരുമാനമാണ് ജിഎസ്പി പദവി എടുത്തുകളഞ്ഞത്. അതേസമയം യുഎസ് തീരുമാനം ഇന്ത്യയെ ബാധിക്കില്ലെന്നാണ് മോദി സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ഇതിനിടയ്ക്കാണ് പ്രതിമാസം 12.5 ദശലക്ഷം ടണ്‍, എകദേശം 300,000 ബിപിഡി(ബാരല്‍സ് പെര്‍ ഡേ) എന്ന കണക്കില്‍ ഇനിയും ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ അമേരിക്കയുടെ അനുമതി തേടുന്നത്. ഇറാന്റെ ആണവ, മിസൈല്‍ പദ്ധതികളുമായി ബന്ധപ്പെട്ട തര്‍ക്കം മൂലം കഴിഞ്ഞ നവംബറില്‍ അമേരിക്ക വീണ്ടും ഇറാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇറാനും മറ്റ് ആറ് ലോകശക്തികളും ഉള്‍പ്പെട്ട 2015ലെ ആണവകരാറില്‍ നിന്നും അമേരിക്ക പിന്മാറുകയും ചെയ്തു.

ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളായ ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍, തുര്‍ക്കി, ഇറ്റലി, ഗ്രീസ് എന്നീ രാഷ്ട്രങ്ങള്‍ക്ക് അമേരിക്ക ഉപരോധത്തില്‍ ഇളവ് നല്‍കിയിരുന്നു. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരാനുള്ള ഇളവാണ് ഈ രാജ്യങ്ങള്‍ത്ത് അമേരിക്ക നല്‍കിയിരുന്നതെങ്കിലും ക്രമേണ ഇത് കുറച്ച് കൊണ്ടുവരാനും പൂര്‍ണ്ണമായും ഇറക്കുമതി അവസാനിപ്പിക്കാനും ഈ രാഷ്ട്രങ്ങള്‍ക്ക് മേല്‍ അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കുന്നുണ്ട്.

ഇളവുകള്‍ ലഭിച്ച രാഷ്ട്രങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ അമേരിക്കന്‍ എനര്‍ജി ബ്യൂറോ ഡിപ്പാര്‍ട്‌മെന്റ് വക്താവ് വിന്‍സെന്റ് കാംപോസ് ഇളവുകള്‍ നീട്ടിനല്‍കണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ട് വെച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

എണ്ണക്കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ അംഗമായ ഇറാന്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് ഏകദേശം 30 ദശലക്ഷം ബിപിഡി എന്ന തോതില്‍ എണ്ണ കയറ്റുമതി ചെയ്തിരുന്നു. പക്ഷേ ഉപരോധത്തെ തുടര്‍ന്ന് ഇത് 12.5 ദശലക്ഷമായി ചുരുങ്ങി. ഒരു വര്‍ഷം മുമ്പ് ഇന്ത്യയുടെ മൂന്നാമത്തെ വലിയ എണ്ണ വിതരണക്കാരായിരുന്ന ഇറാന്‍ ഉപരോധത്തെ തുടര്‍ന്ന് ഈ വര്‍ഷം ഏഴാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു.

പൊതുതെരഞ്ഞെടുപ്പിന് മുമ്പായി ഇറാനുമേലുള്ള ഇളവുകള്‍ നീട്ടിക്കിട്ടുമോ എന്നറിയാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

Comments

comments

Categories: Arabia